ബിഷപ്പ് ഫ്രാങ്കോയുടെ സഹായിയില്‍നിന്ന് പണംതട്ടിയ പഞ്ചാബ് പൊലിസുകാര്‍ പിടിയില്‍
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയുടെ സഹായിയില്‍നിന്ന് പണം തട്ടിയ കേസില്‍ ഒളിലായിരുന്ന പഞ്ചാബ് പൊലിസിലെ രണ്ട് എ.എസ്.ഐ മാരെ കൊച്ചിയില്‍നിന്ന് അറസ്റ്റ് ചെയ്തു. പട്യാല സ്വദേശികളായ ജോഗീന്ദര്‍ സിങ്, രാജ്പ്രീത് സിങ് എന്നിവരാണ് കേരള പൊലിസിന്റെ പിടിയിലായത്. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പഞ്ചാബ് ക്രൈബ്രാഞ്ച് ഐ.ജി പി.കെ സിന്‍ഹ കൊച്ചിയിലെത്തും. ബിഷപ്പിന്റെ വിശ്വസ്തന് ഫാദര്‍ ആന്റണി മാടശേരിയില്‍ നിന്നാണ് ജലന്ധറില്‍വച്ച് 16.65 കോടി രൂപ കണക്കില്‍പ്പെടാത്തതായി കണ്ടെത്തി പഞ്ചാബ് പൊലിസ് പിടിച്ചെടുത്തത്. എന്നാല്‍ ആദായനികുതി വകുപ്പിന് നല്‍കിയത് 9.66 കോടി മാത്രമാണ്. ഇതിനെതുടര്‍ന്ന് ഫാദര്‍ ആന്റണിയെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ പിടിച്ചെടുത്ത പണം മുഴുവനായി കൈമാറിയിട്ടില്ലെന്ന് വ്യക്തമായതോടെയാണ് പണം പൊലിസുകാര്‍ അപഹരിച്ചതായി തെളിഞ്ഞത്. പിടിച്ചെടുത്ത തുക മുഴുവന്‍ രേഖപ്പെടുത്താതെ പണവുമായി ഒളിവില്‍ പോയ ഇവരെ പഞ്ചാബ് പൊലിസ് സസ്പെന്‍ഡ് ചെയ്തിരിക്കുകയായിരുന്നു. ജോഗീന്ദര്‍ സിങും പ്രീത് സിങും വ്യാജ രേഖകളും വിലാസവും നല്കി കൊച്ചിയിലെ ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇരുവരും പിടിയിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുവരും പണാപഹരണ കേസില്‍ പഞ്ചാബില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട് ഒളിവില്‍ പോയ രണ്ടു പൊലിസ് ഉദ്യോഗസ്ഥരാണെന്ന് വ്യക്തമായത്. ഇവരെ അറസ്റ്റ് ചെയ്ത വിവരം പഞ്ചാബ് പൊലിസിനെ അറിയിച്ചതായും കമ്മിഷണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."