ആദിവാസികളുടെ പുനരധിവാസം: കോടികള്‍ തട്ടാനൊരുങ്ങി ഇടനിലക്കാര്‍
കോലഞ്ചേരി: ജില്ലയിലെ ആദിവാസികളുടെ പുനരധിവാസ പദ്ധതിയുടെ മറവില്‍ കോടികള്‍ തട്ടാനൊരുങ്ങുന്നു. വാസയോഗ്യമില്ലാത്ത വീടുള്ള ആദിവാസികള്‍ക്ക് നല്ല വീടും സ്ഥലവും നല്‍കാനുള്ള കേരള സര്‍ക്കാരിന്റെ ആദിവാസി പുനരധിവാസ പദ്ധതിയിലാണ് ഇടനിലക്കാര്‍ കോടികള്‍ തട്ടി എടുക്കാന്‍ കളമൊരുക്കുന്നത്. ഇടുക്കിയില്‍ അടിമാലി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ക്കും എറണാകുളത്ത് ആലുവയിലെ ടി.ഇ.ഒ യ്ക്കക്കുമാണ് സ്ഥലം കണ്ടെത്തി വീട്, റോഡ്, സംസ്‌കാരികനിലയം, കുട്ടികളുടെ പാര്‍ക്ക് എന്നിവയും പ്രത്യേക തൊഴില്‍ സംവിധാനവും സജ്ജമാക്കുന്നതിനായി ഫണ്ട് അനുവദിക്കുന്നത്. ജില്ലാ ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫിസറടെ മേല്‍നോട്ടത്തില്‍ ടി.ഇ.ഓമാരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫീല്‍ഡ് വര്‍ക്കര്‍മാരായ ട്രൈബല്‍ വോളന്റിയര്‍മാരാണ് സ്ഥലം കണ്ടെത്തി പട്ടികവര്‍ഗ്ഗ അധികാരികളെ അറിയിക്കുന്നത്. നിശ്ചിത ഫോമില്‍ സ്ഥലത്തിന്റെ വിലയും മറ്റും കാണിച്ച് സ്ഥല ഉടമ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കും. തുടര്‍ന്ന് റവന്യൂ അധികൃതര്‍ സ്ഥലം പരിശോധിക്കും. ഇങ്ങനെ സ്ഥലം പരിശോധിക്കുന്ന വില്ലേജ് ഓഫിസര്‍ക്കും ഇത് സാക്ഷ്യപ്പെടുത്തുന്ന സര്‍ക്കാര്‍ വക്കീലിനും സാമ്പത്തിക ലാഭമുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പാര്‍ട്ടുകളുണ്ട്.
സ്ഥലം നല്‍കുന്ന ഉടമയും ട്രൈബല്‍ അധികാരികളും രഹസ്യധാരണ ഉണ്ടാക്കിയാണ് കുറഞ്ഞ വിലയുള്ള സ്ഥലം വലിയ വില കാണിച്ച് കോടികള്‍ തട്ടുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലും സമാന സംഭവങ്ങള്‍ നടന്നിട്ടുണ്ടത്രേ. വെള്ളക്കെട്ടുള്ളതും, ശ്മശാന തുല്യമായതും സൗകര്യം കുറഞ്ഞതുമായ പറമ്പാണ് ഈ തട്ടിപ്പു സംഘം ആദിവാസി പുനരധിവാസത്തിനായി കണ്ടെത്തുന്നത്. എന്നാല്‍ കാട്ടില്‍ തേനും മറ്റ് വനവിഭവങ്ങളും ശേഖരിച്ച് ഉപജീവനം നടത്തുന്ന ഈ പാവപ്പെട്ടവരെ എവിടെയെങ്കിലും തള്ളിയിടുന്നതോടെ തൊഴിലില്ലാതെ അലയേണ്ട അവസ്ഥയാണുള്ളത്.
എറണാകുളം ജില്ലയില്‍ കൊച്ചി താലൂക്കില്‍പ്പെട്ട വൈപ്പിനിലെ ചാപ്പ കടപ്പുറത്തെ മത്സ്യ തൊഴിലാളികളായ പട്ടികവര്‍ഗ്ഗക്കാരെ ഇത്തരത്തില്‍ പട്ടികവര്‍ഗ്ഗ ഓഫീസറുടെ ഒത്താശയോടെ മാറ്റി താമസിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇവര്‍ക്കായി കണ്ടെത്തിയ ഇടം വില കുറഞ്ഞതാണെങ്കിലും ഇടനിക്കാര്‍ക്ക് ലക്ഷങ്ങളാണ് ഗവണ്‍മെന്റില്‍ നിന്നും ഇതിന്റെ പേരില്‍ തട്ടിക്കാന്‍ പദ്ധതി ഒരുക്കുന്നത്. തങ്ങളുടെ ഉപജീവന മാര്‍ഗ്ഗം ഉപക്ഷിച്ചു കൊണ്ട് മറ്റൊരിടം വേണ്ടെന്നും നിലവില്‍ വീടുകളുടെ ചോര്‍ച്ച അകറ്റി വാസയോഗ്യമാക്കി നല്‍കണമെന്നാണ് ഇവരുടെ നിലപാട്. മുന്‍ വര്‍ഷങ്ങളില്‍ വില കൂട്ടി കാണിച്ച് ഭൂമി വാങ്ങിയതും ഇപ്പോള്‍ വാങ്ങനൊരുങ്ങുന്ന ഭൂമി ഇടപാടില്‍ വിജിലന്‍സ് പോലുള്ള അന്വേഷണ ഏജന്‍സികള്‍ ഇടപെടണമെന്ന ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."