ജിഷ്ണു പ്രാണോയ് കേസില്‍ ആദ്യം മുതല്‍ പി.കെ ശശി എം.എല്‍.എ പാരവെച്ചു: എം.എല്‍.എക്കെതിരേ ജിഷ്ണുവിന്റെ അമ്മ
വടകര: ജിഷ്ണു പ്രാണോയ് കേസിന്റെ ആദ്യഘട്ടത്തില്‍തന്നെ പി.കെ ശശി എം.എല്‍.എ കേസില്‍ ആരോപണസ്ഥാനത്തുള്ള കൃഷ്ണദാസിനെ സഹായിക്കുന്നതായി തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്ന് കൊല്ലപ്പെട്ട ജിഷ്ണുവിന്റെ അമ്മ മഹിജ.
എന്നാല്‍ അന്ന് സര്‍ക്കാരിനെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കേണ്ടെന്നു കരുതിയാണ് അക്കാര്യം പറയാതിരുന്നത്. എം.എല്‍.എയും ചില പ്രാദേശിക നേതാക്കളും ഇതില്‍ ഉള്പെട്ടിരുന്നു. സര്‍ക്കാരിനെയും പാര്‍ട്ടിയെയും തെറ്റിദ്ധരിപ്പിക്കാനാണ് അന്ന് അവര്‍ ശ്രമിച്ചത്. ചില നേതാക്കള്‍ കൃഷ്ണദാസിന് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തിരുന്നതായും മഹിജ കുറ്റപ്പെടുത്തി. പി.കെ ശശി എം.എല്‍.എയുടെ പൂര്‍വകാല ചരിത്രം എല്ലാവര്ക്കും അറിയാവുന്നതാണ്. അതുകൊണ്ടുതന്നെയാണ് കൃഷ്ണദാസിന്റെ പണം കൈപറ്റി അയാളെ വേദിയിലിരുത്തി പുകഴ്ത്തിയത്.
എം.എല്‍.എക്കെതിരേ പാര്‍ട്ടി നടപടിയെടുക്കണമെന്നും മഹിജ ആവശ്യപ്പെട്ടു. കൃഷ്ണദാസിന് എന്തു പ്രാപ്തിയെന്നാണ് പി.കെ ശശി പറയുന്നത്. കുട്ടികളെ ഇടിമുറിയിലിട്ട് കൊല്ലുന്നതാണോ ഇയാളുടെ പ്രാപ്തി. ജിഷ്ണുവിന്റെ കേസില്‍ സാക്ഷികളായ വിദ്യാര്‍ഥികളെ ഇപ്പോഴും പരീക്ഷകളില്‍ തോല്പിച്ച് പീഡിപ്പിക്കുകയാണ് കൃഷ്ണദാസ് ചെയ്യുന്നത്. സി.പി.എമ്മിന്റെ ഒരു എം.എല്‍.എ തന്നെ ഇത്തരത്തിലൊരാളെ പുകഴ്ത്തി സംസാരിച്ചത് ഏറെ വേദനിപ്പിച്ചെന്നും ജിഷ്ണുവിന്റെ അമ്മ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."