ഫോനി ചുഴലിക്കാറ്റ് നാളെ കരപതിക്കും: ഒഡീഷയില്‍ കനത്ത ജാഗ്രത
ഭുബനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫോനി ചുഴലിക്കാറ്റ് നാളെ കരപതിക്കും. ഒഡീഷയിലെ പുരിയിലാണ് കാറ്റ് കരപതിക്കുമെന്ന് കരുതുന്നത്. സംസ്ഥാനത്തെ 13 ജില്ലകളില്‍നിന്നായി എട്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
കാറ്റ് 200 കിലോമീറ്റര്‍ വേഗത്തില്‍ വീശുമെന്നാണ് കരുതുന്നത്. 10 ലക്ഷത്തിലധികം ആളുകളെ ആകെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും. കാറ്റിന്റെ പശ്ചാത്തലത്തില്‍ ഭവനേശ്വര്‍ വിമാനത്താവളം അടച്ചിട്ടുണ്ട്. നാളെ രാവിലെ 9.30 മുതല്‍ കൊല്‍കത്ത വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും നിര്‍ത്തിവയ്ക്കും.
ദുരന്ത നിവാരണ സേനയുടെ സംഘങ്ങള്‍ ഒഡീഷയിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ തീര സംരക്ഷണ സേനയും ഇന്ത്യന്‍ സൈന്യവും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ആവശ്യത്തിന് ഹെലികോപ്റ്ററുകളും സജ്ജമാണെന്ന് സൈന്യം അറിയിച്ചു.
ഒഡീഷയിലെ 19 ജില്ലകള്‍, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ഫോനി ചുഴലിക്കാറ്റ് നാശം വിതയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് അതീവ ശക്തി പ്രാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.
മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഓരോ മണിക്കൂറിലും മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. അടിയന്തര തയ്യറാറെടുപ്പുകള്‍ നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ 80 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി.
ഒഡിഷയിലെ 11 തീരദേശ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറ്റച്ചട്ടം ഒഴിവാക്കിയിട്ടുണ്ട്. വേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി തീരപ്രദേശങ്ങളില്‍ നിന്നുള്ള പെരുമാറ്റച്ചട്ടം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കുകയായിരുന്നു.
മെയ് 15ാം തിയ്യതി വരെ ഒഡീഷയിലെ ഡോക്ടര്‍മാരുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും അവധി സര്‍ക്കാര്‍ റദ്ദാക്കി. അവധിയില്‍ പ്രവേശിച്ചിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് തിരിച്ച് അതാത് കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."