പാഴായിപ്പോയ പ്രത്യേക സഭാസമ്മേളനം
കേരളം നേരിട്ട മഹാപ്രളയത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനും ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ നേരിടുന്നതിനും ഉതകുന്ന തരത്തിലുള്ള വിലപ്പെട്ട നിര്‍ദേശങ്ങളും തീരുമാനങ്ങളുമൊക്കെ ഉരുത്തിരിഞ്ഞു വരുമെന്നാണ് കേരളം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഉണ്ടായത് അതൊന്നുമല്ല. എട്ടേമുക്കാല്‍ മണിക്കൂറോളം ചര്‍ച്ച നീണ്ടിട്ടും പതിവു രീതികള്‍ക്കപ്പുറം കാര്യമായൊന്നും നടന്നില്ല. വിവിധ കക്ഷി നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു പറഞ്ഞതു തന്നെ സഭയിലും പറഞ്ഞു. പിന്നെ പതിവു രാഷ്ട്രീയ തര്‍ക്കങ്ങളും. ഒടുവില്‍, പ്രധാന വിഷയങ്ങളിലൊന്നും കാര്യമായ ചര്‍ച്ച നടക്കാതെ പോയതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിരാശ പ്രകടിപ്പിക്കുകയുമുണ്ടായി.
പ്രത്യേക സമ്മേളനത്തിന്റെ ഫലമെന്ന നിലയില്‍ എടുത്തുപറയാവുന്നത് കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ സഹായം ആവശ്യപ്പെടുന്നതിനുള്ള പ്രമേയം സഭ ഐകകണ്‌ഠ്യേന പാസാക്കിയതാണ്. കേരളത്തിന്റെ ആവശ്യം ഔദ്യോഗികമായി പ്രഖ്യാപിക്കാനായി എന്നര്‍ഥം. എന്നാല്‍ ഇത് എത്രമാത്രം ഫലപ്രദമാകുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. ഇതുപോലെ പ്രത്യേക സമ്മേളനങ്ങള്‍ ചേര്‍ന്ന്് സുപ്രധാന വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ ആവശ്യവും അഭിപ്രായവുമൊക്കെ അടങ്ങുന്ന പ്രമേയങ്ങള്‍ ഐകണ്‌ഠ്യേന പാസാക്കിയ സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. മാധ്യമങ്ങളില്‍ വലിയ തോതില്‍ വാര്‍ത്ത വരുമെന്നല്ലാതെ മറ്റു കാര്യമായ പ്രയോജനങ്ങളൊന്നും അതുവഴി ഉണ്ടായിട്ടില്ല. ഇത്തരം പ്രമേയങ്ങള്‍ക്കു പലപ്പോഴും കേന്ദ്ര സര്‍ക്കാര്‍ പുല്ലുവില പോലും കല്‍പിക്കാറില്ലെന്നതാണ് വസ്തുത.
പ്രളയ ദുരന്തത്തെ നേരിടാനും കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയിലും ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി നില്‍ക്കുമെന്ന പ്രഖ്യാപനമാണ് മറ്റൊന്ന്. ഇതു പുതിയ കാര്യമൊന്നുമല്ല. പ്രളയത്തിന്റെ തുടക്കത്തില്‍ തന്നെ അതു നേരിടുന്നതിന് സര്‍ക്കാരിന് എല്ലാ വിധ പിന്തുണയും പ്രതിപക്ഷം പ്രഖ്യാപിച്ചതാണ്. ചെറിയ അസ്വാരസ്യങ്ങള്‍ മാറ്റിവച്ചാല്‍ പ്രതിപക്ഷം ആ പിന്തുണ തുടരുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി തന്നെ പങ്കെടുക്കുകയും ചെയ്യുന്നുമുണ്ട്. അത് ഒരിക്കല്‍ കൂടി പ്രഖ്യാപിക്കാന്‍ ഒരു സഭാസമ്മേളനത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.
ചര്‍ച്ച വേണ്ടത്ര ഫലപ്രദമായില്ല എന്നു മാത്രമല്ല പ്രഹസനമായി മാറുകയും ചെയ്തു എന്നാണ് മാധ്യമറിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. സര്‍ക്കാരിനെ, പ്രത്യേകിച്ചു മുഖ്യമന്ത്രിയെ സ്തുതിക്കുന്നതിലാണ് ഭരണപക്ഷ അംഗങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രതിപക്ഷമാവട്ടെ ഡാമുകള്‍ തുറന്നതിലെ വീഴ്ചയടക്കമുള്ള ആരോപണങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കിയത്. കേരളീയര്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പുറത്ത് ഇതൊക്കെ തുടര്‍ച്ചയായി കേട്ടുകൊണ്ടിരിക്കുന്നതിനാല്‍ അതിലുമുണ്ടായില്ല ഒട്ടും പുതുമ.
പ്രളയക്കെടുതി ഏറ്റവുമധികം ബാധിച്ച ചെങ്ങന്നൂര്‍, റാന്നി, മാനന്തവാടി നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള എം.എല്‍.എമാരെ സഭയില്‍ സംസാരിക്കാന്‍ കേരള ഭരണം നിയന്ത്രിക്കുന്ന അവരുടെ പാര്‍ട്ടി അനുവദിക്കാതിരുന്നതും സഭാസമ്മേളനത്തിന്റെ വലിയൊരു പോരായ്മയായി. സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ മരണവുമായി മല്ലടിക്കുന്നൊരു നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടി അച്ചടക്കത്തിന്റെ സാങ്കേതികതയെക്കുറിച്ചോര്‍ക്കാതെ ഭരണകര്‍ത്താക്കള്‍ക്കു രുചിക്കാത്ത ചിലതെല്ലാം പറഞ്ഞുപോയതിന്റെ പേരിലാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് ഇവര്‍ക്കു വിലക്കുണ്ടായത്. ദുരന്തത്തെ നന്നായി അനുഭവിച്ചറിഞ്ഞ ഇവര്‍ക്ക് ഭാവിയിലേക്കുള്ള നിര്‍ദേശങ്ങളടക്കം സഭയില്‍ പലതും പറയാനുണ്ടാകുമായിരുന്നെന്ന് ഉറപ്പാണ്. എന്നാല്‍ അതിനുള്ള അവസരം നഷ്ടമായി. ചര്‍ച്ചയില്‍ പങ്കെടുത്ത് ഒരു ഭരണപക്ഷ അംഗം പറഞ്ഞതില്‍ ചിലത് ഇഷ്ടപ്പെടാതെ വന്നപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ടു തടയുന്ന അരോചക രംഗവും സഭയിലുണ്ടായി.
ഭൂമി കൈയേറ്റം, കായല്‍ കൈയേറ്റം, പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയില്‍ അനധികൃത നിര്‍മാണം തുടങ്ങിയ ആരോപണങ്ങള്‍ക്കു നേരത്തെ തന്നെ വിധേയരായ ചില സഭാംഗങ്ങള്‍ സ്വന്തം താല്‍പര്യങ്ങളെ ന്യായീകരിക്കുന്ന തരത്തില്‍ സംസാരിക്കാനാണ് സഭാസമ്മേളനത്തെ ഉപയോഗപ്പെടുത്തിയത്. അതില്‍ ഒരംഗം ഇടുക്കി ജില്ലയില്‍ തനിക്കു താല്‍പര്യമുള്ള ഒരു റിസോര്‍ട്ടിനു നോട്ടിസ് നല്‍കിയതിനെ എതിര്‍ത്തു സംസാരിക്കാന്‍ പോലും മടിച്ചില്ല. സര്‍ക്കാരിനെയും സഭയെയും വികസനം സംബന്ധിച്ച് പുനര്‍വിചിന്തനത്തിനു പ്രേരിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചത് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ മാത്രമാണ്. എല്ലാവര്‍ക്കും അറിയാവുന്ന, നേരത്തെ തന്നെയുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ സഭയില്‍ അവതരിപ്പിച്ചത് വരികള്‍ക്കിടയില്‍ ചിലര്‍ക്കെതിരേ ഒളിയമ്പുകളുമായാണ്.
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള രൂപരേഖ തയാറാക്കാനാണ് പ്രത്യേക സഭാസമ്മേളനം ചേരുന്നതെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നതെങ്കിലും അത്തരമൊരു രൂപരേഖയുടെ കരടു രൂപത്തിനെങ്കിലും സഹായകരമാകുന്ന തരത്തിലുള്ള ഫലപ്രദമായ നിര്‍ദേശങ്ങളൊന്നും ചര്‍ച്ചയില്‍ ഉണ്ടായില്ലെന്നതാണ് യാഥാര്‍ഥ്യം. ഇതടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേക പ്രയോജനമൊന്നും സമ്മേളനം കൊണ്ട് ഉണ്ടാവാതെ പോയതിലുള്ള നിരാശ തന്നെയാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ധ്വനിച്ചത്. ഇങ്ങനെയാണെങ്കില്‍ എന്തിനായിരുന്നു ഈ പ്രത്യേക സമ്മേളനമെന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. വലിയ തുകയും മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും നിരവധി ഉദ്യോഗസ്ഥരുടെയുമൊക്കെ വിലപ്പെട്ട സമയവും ചെലവഴിച്ചാണ് സമ്മേളനം ചേര്‍ന്നത്. ഈ തുകയും അവരുടെയൊക്കെ സമയവും ഇതിനു പകരം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നില്ലേ നല്ലതെന്ന ചോദ്യം ജനങ്ങളില്‍നിന്ന് ഉയര്‍ന്നാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."