മസ്ഊദ് അസ്ഹര്‍ ആഗോള ഭീകരന്‍ തന്നെ
ഒടുവില്‍ ചൈന സമ്മതിച്ചു. മസ്ഊദ് അസ്ഹര്‍ ആഗോള ഭീകരന്‍ തന്നെയാണെന്ന്. മസ്ഊദിനെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെതിരേ പലവട്ടം വീറ്റോ അധികാരം ഉപയോഗിക്കുകയായിരുന്നു ചൈന. കഴിഞ്ഞ ദിവസം യു.എന്‍ പ്രത്യേക സമിതി യോഗം ചേര്‍ന്നാണ് മസ്ഊദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് ഇത് നാലാം തവണയാണ് മസ്ഊദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. മസ്ഊദ് ആഗോള ഭീകരനാണെന്നതിന് മതിയായ തെളിവുകളില്ലെന്നും ഇങ്ങനെയുള്ള ഒരാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനാവില്ലെന്നുമായിരുന്നു ചൈനയുടെ നിലപാട്.
ഇനിയും വീറ്റോ പ്രയോഗിക്കുകയാണെങ്കില്‍ പ്രമേയം രക്ഷാസമിതിയില്‍ കൊണ്ടുവരുമെന്നും അതോടെ ചൈനയ്ക്ക് ഇതിലുള്ള രഹസ്യ താല്‍പര്യം പുറത്തുവരുമെന്നും അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും നിലപാടെടുത്തതോടെ ചൈന വഴങ്ങുകയായിരുന്നു. എന്നാല്‍ പുല്‍വാമയില്‍ സൈനിക ക്യാംപിനു നേരെയും കശ്മിരിലും നടത്തിയ ആക്രമണത്തിന്റെ പേരിലല്ല മസ്ഊദിനെ കരിമ്പട്ടികയില്‍ പെടുത്തിയത്. ഇത് ചൈനയുടെ ആവശ്യമായിരുന്നു. ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും ഇത് അംഗീകരിക്കുകയും ചെയ്തു. കാണ്ഡഹാര്‍ വിമാന റാഞ്ചല്‍, അല്‍ഖായിദ ബന്ധം, അഫ്ഗാനിസ്താനില്‍ ഭീകരക്കടത്ത് എന്നിവയുടെ പേരിലാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുല്‍വാമ ആക്രമണത്തിന് ശേഷം മസ്ഊദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ശക്തിയായി ആവശ്യപ്പെട്ടുവരികയായിരുന്നു. പ്രമേയത്തില്‍ പുല്‍വാമയെക്കുറിച്ച് പരാമര്‍ശം ഇല്ലാതെപോയത് എന്താണെന്ന് ഇതേക്കുറിച്ച് മേനിനടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അറിയില്ലായിരിക്കാം.
പാകിസ്താന്റെ താല്‍പര്യ പ്രകാരമായിരുന്നു ചൈന മസ്ഊദിനു വേണ്ടി വാദിച്ചിരുന്നത്. ഇനിയും പാകിസ്താനു വേണ്ടി നിലകൊണ്ടാല്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുമെന്ന ഭീതിയാലാണ് ചൈന ഇതുവരെ തുടര്‍ന്നുപോന്ന നിലപാട് മാറ്റിയത്. കഴിഞ്ഞ പത്തു വര്‍ഷമായി ഇന്ത്യ ആവശ്യപ്പെട്ടു പോരുന്ന കാര്യമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. നയതന്ത്ര വിദഗ്ധര്‍ യു.എന്നിലെ ഇന്ത്യന്‍ നയപ്രതിനിധി സയ്യിദ് അക്ബറുദ്ദീന്റെ നേതൃത്വത്തില്‍ നടത്തിയ കഠിനശ്രമങ്ങളാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്.
ജയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ തലവനാണ് മസ്ഊദ്. പുല്‍വാമയില്‍ സൈനിക ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തതിനെ തുടര്‍ന്നാണ് ഇന്ത്യ മസ്ഊദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയത്. യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ ആയിരുന്നു ഇതിനു നേതൃത്വം നല്‍കിയത്. മാര്‍ച്ച് 13ന് ചേര്‍ന്ന യു.എന്‍ രക്ഷാസമിതിയില്‍ മസ്ഊദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് അവതരിപ്പിച്ചെങ്കിലും ചൈന വീറ്റോ ചെയ്തു.
2016ലെ പത്താന്‍കോട്ട് ഭീകരാക്രമണത്തെതുടര്‍ന്ന് പാകിസ്താന്‍ മസ്ഊദിനെ തടങ്കലിലാക്കിയിരുന്നു. ഇന്ത്യക്കെതിരേയാണ് മുഖ്യമായും മസ്ഊദ് ഭീകരാക്രമണങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. 2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്റാക്രമണം നടത്തിയത് മസ്ഊദിന്റെ നേതൃത്വത്തിലായിരുന്നു. തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും യുദ്ധത്തിന്റെ വക്കോളമെത്തി. ഇതേതുടര്‍ന്ന് പാകിസ്താന്‍ മസ്ഊദിനെ അറസ്റ്റ് ചെയ്‌തെങ്കിലും 2002 ഡിസംബര്‍ 14ന് ലാഹോര്‍ കോടതി വിട്ടയച്ചു.
2001ല്‍ ജമ്മു-കശ്മിര്‍ നിയമസഭാ മന്ദിരത്തിനു നേരെ മസ്ഊദിന്റെ നേതൃത്വത്തില്‍ ജയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടന ആക്രമണം നടത്തി. ഇതില്‍ 38 പേരാണ് മരിച്ചത്. തുടര്‍ന്ന് ഇന്ത്യയില്‍ അറസ്റ്റിലായ മസ്ഊദിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ 183 യാത്രക്കാരുമായി പറക്കുകയായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചി. യാത്രക്കാരെ വിട്ടയക്കണമെങ്കില്‍ മസ്ഊദിനെ മോചിപ്പിക്കണമെന്ന ഭീകരവാദികളുടെ ആവശ്യം വാജ്‌പേയി സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. വിട്ടയക്കപ്പെട്ട മസ്ഊദ് തുടര്‍ന്ന് ഇന്ത്യക്കു നേരെ ഭീകരാക്രമണങ്ങളുടെ പരമ്പര തന്നെ നടത്തി.
യു.എന്‍ മസ്ഊദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിനാല്‍ ഇനി തീരുമാനം നടപ്പാക്കേണ്ട ബാധ്യത പാകിസ്താന്റേതാണ്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഇത് താല്‍കാലിക നടപടികളിലൊതുക്കുമോ എന്നാണറിയേണ്ടത്. പാകിസ്താനില്‍ കാര്യങ്ങള്‍ അന്തിമമായി തീരുമാനിക്കുന്നത് സൈനിക നേതൃത്വമാണ്. യു.എന്‍ തീരുമാനപ്രകാരം മസ്ഊദിന് ഇനി ലോകസഞ്ചാരം പറ്റുകയില്ല. സ്വത്തുക്കളെല്ലാം കണ്ടുകെട്ടണം. ആസ്തികള്‍ മരവിപ്പിക്കണം. യു.എന്‍ അംഗരാജ്യങ്ങളില്‍ പ്രവേശനം ഉണ്ടാവില്ല. സാമ്പത്തിക സ്രോതസുകള്‍ ഇല്ലാതാക്കണം. ഭീകരവിരുദ്ധ നിയമപ്രകാരമുള്ള നടപടികള്‍ എടുക്കണം. ഇതൊന്നും പാകിസ്താന്‍ ചെയ്യുന്നില്ലെങ്കില്‍ ലോകരാഷ്ട്രങ്ങളില്‍നിന്ന് അവര്‍ ഒറ്റപ്പെടുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. ചൈനയ്ക്കു പോലും സഹായിക്കാനാവില്ല.
എന്നാല്‍ ഇന്ത്യ നേടിയ വിജയം മോദി സ്വന്തംപേരില്‍ ചേര്‍ക്കുന്നത് പരിഹാസ്യമാണ്. രാജ്യം തന്റെ കരങ്ങളില്‍ സുരക്ഷിതമാണെന്ന് പറയുന്ന മോദിയുടെ മൂക്കിനു താഴെയാണ് നിരന്തരമായ മാവോയിസ്റ്റ് ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ ദിവസവും മഹാരാഷ്ട്രയിലെ ഗഡ്ചിറോളില്‍ മാവോയിസ്റ്റ് ആക്രമണമുണ്ടായി. 15 സൈനികരാണ് കൊല്ലപ്പെട്ടത്. ഛത്തിസ്ഗഡിലും കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ആക്രമണമുണ്ടായി. രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഏപ്രില്‍ ഒന്‍പതിന് ഛത്തിസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ ബി.ജെ.പി എം.എല്‍.എ ഭീമമാണിയടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. ഛത്തിസ്ഗഡില്‍തന്നെ ഏപ്രിലില്‍ സുഖ്മയില്‍ സി.ആര്‍.പി.എഫിനു നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 25 സൈനികര്‍ കൊല്ലപ്പെട്ടു.
ദിവസവും ഓരോ സൈനികരെ വീതം ഇന്ത്യക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനെതിരേ ഒരു നടപടിയുമെടുക്കാന്‍ കഴിയാതെ യു.എന്നിലുണ്ടായ വിജയം തന്റെ നേട്ടമായി പ്രകീര്‍ത്തിക്കുന്ന മോദിയുടെയും ബി.ജെ.പിയുടെയും നിലപാട് അപഹാസ്യമാണ്. ദീര്‍ഘകാലം ഇന്ത്യ ആവശ്യപ്പെട്ടുപോന്നതനുസരിച്ച് മസ്ഊദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യു.എന്നിനെ ശ്ലാഘിക്കുന്നതോടൊപ്പം അതിനുവേണ്ടി അക്ഷീണം പ്രയത്‌നിച്ച നയതന്ത്ര ഉദ്യോഗസ്ഥരെയും ഈ സന്ദര്‍ഭത്തില്‍ അഭിനന്ദിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."