കേരളത്തോട് കേന്ദ്ര സമീപനം ഭിക്ഷാടകരോടെന്ന പോലെ: ഗുലാംനബി ആസാദ്
നെടുമ്പാശേരി: ശക്തമായ പ്രളയം ദുരിതം വിതച്ച കേരളത്തോട് കേന്ദ്ര സര്‍ക്കാരിന്റെ സമീപനം ഭിക്ഷാടകരോടെന്ന പോലെയാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്. കേരളത്തെ ഒന്നാകെ ബാധിച്ച ദുരിതമായിട്ടും മനസാക്ഷിയുടെ കണികപോലും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ ഗുലാംനബി ചെങ്ങമനാട് പഞ്ചായത്തിലെ വിരുത്തി കോളനിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
2014ലെ കാശ്മീര്‍ പ്രളയത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു കേരളത്തിലുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിനകത്തും, പുറത്തുമുള്ള മനസാക്ഷി നഷ്ടപ്പെടാത്ത അനേകര്‍ കേരളത്തിന് കൈത്താങ്ങായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന മട്ടിലാണ് കേന്ദ്ര സര്‍ക്കാരിന്റെ സമീപനം. രാജ്യത്തെ നികുതി വരുമാനം നല്‍കുന്ന പ്രധാന സംസ്ഥാനമാണ് കേരളം.
പ്രളയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്രം അര്‍ഹമായ സഹായം നല്‍കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അവഗണനയുടെ ദിനങ്ങളാണ് ഇത് വരെയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി കേരളം സന്ദര്‍ശിച്ച് പ്രളയം വിതച്ച ദുരന്തത്തിന്റെയും, ദുരിതങ്ങളുടെയും ഗൗരവം മനസിലാക്കിയിട്ടുണ്ട്. ദുരിത ബാധിതരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും ആസാദ് പറഞ്ഞു.
അന്‍വര്‍ സാദത്ത് എം.എല്‍.എ, കെ.പി ധനപാലന്‍, ബി.എ അബ്ദുല്‍ മുത്തലിബ്, ടി.ജെ വിനോദ്, ജമാല്‍ മണക്കാടന്‍, സരള മോഹനന്‍, രാജേഷ് മടത്തിമൂല, ബാബു പുത്തനങ്ങാടി, സുമ ഷാജി, ജെര്‍ളി കപ്രശേരി തുടങ്ങിയവരും ഗുലാം നബിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."