തന്നെ യു.എസിനു കൈമാറരുതെന്ന് ജൂലിയന്‍ അസാന്‍ജ്
ലണ്ടന്‍: വിചാരണയ്ക്കായി തന്നെ അമേരിക്കയ്ക്കു കൈമാറരുതെന്ന് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്. ഹിയറിങിനിടെ ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി യു.എസിനു കൈമാറുന്നതിനു സമ്മതമാണോ എന്നു ചോദിച്ചപ്പോഴാണ് ജയിലില്‍ നിന്ന് വിഡിയോ സന്ദേശത്തിലൂടെ തന്നെ കൈമാറരുതെന്ന് അഭ്യര്‍ഥിച്ചത്. ബ്രിട്ടനില്‍ 50 ആഴ്ചത്തെ തടവിനു ശിക്ഷിക്കപ്പെട്ട അസാന്‍ജിനെ വിട്ടുകിട്ടണമെന്ന് അമേരിക്കയും സ്വീഡനും ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു.
ഏപ്രില്‍ 11ന് ഏഴ് വര്‍ഷമായി അസാന്‍ജ് ജീവിച്ചുപോരുന്ന ലണ്ടനിലെ ഇക്വഡോര്‍ എംബസി കെട്ടിട്ടത്തില്‍ വച്ചാണ് അദ്ദേഹത്തെ കോടതിയില്‍ ഹാജരാകാതിരുന്നതിന് ബ്രിട്ടിഷ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇക്വഡോര്‍ രാഷ്ട്രീയ അഭയം പിന്‍വലിച്ചതോടെയായിരുന്നു അറസ്റ്റ്.
സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ലൈംഗികാതിക്രമ കേസുകളില്‍ ഇന്റര്‍പോള്‍ നേരത്തെ അസാന്‍ജിനെതിരെ റെഡ് കോര്‍ണര്‍ പുറപ്പെടുവിച്ചിരുന്നു. ഇതു വച്ചാണ് ലണ്ടന്‍ പൊലിസ് അസാന്‍ജിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ വിക്കിലീക്ക്സ് രഹസ്യ രേഖകള്‍ പുറത്തുവിട്ടതിനുള്ള പ്രതികാരം എന്ന നിലയില്‍ അമേരിക്ക നടപ്പാക്കിയ രഹസ്യപദ്ധതിയുടെ ഭാഗമാണ് ഈ കേസുകളെന്നാണ് വിക്കിലീക്ക്സും അസാന്‍ജിനെ അനുകൂലിക്കുന്നവരും ആരോപിക്കുന്നത്. ലൈംഗികാതിക്രമം നടത്തിയെന്ന കുറ്റം അസാന്‍ജ് നിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."