ബ്രിട്ടന്‍: പ്രതിരോധ സെക്രട്ടറിയെ തേരേസ മേ പുറത്താക്കി
ലണ്ടന്‍: പ്രതിരോധ സെക്രട്ടറി ഗാവിന്‍ വില്യംസണിനെ ബ്രിട്ടിഷ് പ്രധാനമന്ത്രി തേരേസ മേ മന്ത്രിസഭയില്‍നിന്നു നീക്കം ചെയ്തു. ചൈനീസ് ടെലികോം കമ്പനിയായ ഹുവേയ്ക്ക് യു.കെയുടെ പുതിയ 5ജി നെറ്റ്‌വര്‍ക്ക് നിര്‍മിക്കുന്നതിന് അനുമതി ലഭിക്കുമെന്ന വിഷയം ദി ടെലഗ്രാഫ് പത്രത്തില്‍ വാര്‍ത്തയായതാണ് വില്യംസണിന് വിനയായത്.
അതീവരഹസ്യമായി സൂക്ഷിച്ചിരുന്ന, രാജ്യരക്ഷാപരമായി പ്രാധാന്യമുള്ള കാര്യങ്ങളാണ് ചോര്‍ന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് മേയുടെ അടുത്ത അനുയായികൂടിയായ വില്യംസണിന്റെ പുറത്തുപോകല്‍. ബ്രെക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായി നില്‍ക്കുന്ന മേയ്ക്ക് ഒരു വലിയ തിരിച്ചടിയാണിത്.
ദേശീയ സുരക്ഷാ കൗണ്‍സിലില്‍ ഹുവേയിയെക്കുറിച്ച് നടന്ന ചര്‍ച്ചകളാണ് ലീക്കായത്. അന്വേഷണങ്ങളില്‍, വാര്‍ത്ത ചോര്‍ന്നതിനു പിന്നില്‍ വില്യംസണിന് പങ്കുള്ളതിനെക്കുറിച്ച് ശക്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന് മേ എഴുതിയ കത്തില്‍ പറയുകയുണ്ടായി.
വിവരങ്ങള്‍ ചോര്‍ന്നതിനെ വിശദീകരിക്കാന്‍ വിശ്വാസ്യയോഗ്യമായ മറ്റ് വ്യാഖ്യാനങ്ങളൊന്നുമില്ലെന്നും മേ ചൂണ്ടിക്കാട്ടി. എന്നാല്‍ തന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ചോര്‍ച്ച സംഭവിച്ചതെന്ന ആരോപണത്തെ വിസ്യംസണ്‍ നിഷേധിച്ചു. ഒരു ശക്തമായ അന്വേഷണത്തിന് സത്യം പുറത്തുകൊണ്ടുവരാനാകുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റ് മന്ത്രി പെന്നി മോര്‍ഡൗണ്ട് പ്രതിരോധ സെക്രട്ടറിയായി ചുമതലയേല്‍ക്കുമെന്ന് മേ അറിയിച്ചു.
പ്രിസണ്‍സ് സെക്രട്ടറി റോറി സ്റ്റീവാര്‍ട്ട് ആയിരിക്കും ഇനി ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റ് മന്ത്രി. പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."