കൊല്ലം പള്ളിത്തോട്ടത്ത് കുരിശടി തകര്‍ത്തു; ബൈബിള്‍ ചവറുകൂനയില്‍ തള്ളി
പ്രതി പിടിയില്‍
കൊല്ലം: പോര്‍ട്ട് കൊല്ലം ക്രിസ്ത്യന്‍ പള്ളി ഇടവകയുടെ ഏഴാംസ്ഥലം കുരിശടി തകര്‍ത്തകേസില്‍ പ്രതി പിടിയിലായി. അലഞ്ഞുതിരിഞ്ഞു നടക്കുന്ന തമിഴ്‌നാടു സ്വദേശിയെയാണ് പൊലിസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായി സംസാരിക്കുന്നതിനാല്‍ പേരോ മറ്റു വിവരങ്ങളോ ലഭിച്ചിട്ടില്ല. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം പുലര്‍ച്ചെ അഞ്ചോടെ പ്രാര്‍ഥിക്കാന്‍ എത്തിയവരാണ് കുരിശടി തകര്‍ന്ന നിലയില്‍ കണ്ടത്. കുരിശടിയിലെ ഔസേപ്പ് പിതാവിന്റെ രൂപമാണു തകര്‍ത്തത്. കുരിശടിയില്‍ ഉണ്ടായിരുന്ന ബൈബിള്‍ സമീപത്തെ ചവറുകൂനയില്‍ നിക്ഷേപിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു.
മരക്കുരിശ്, തിരി തെളിയിക്കുന്ന സ്റ്റാന്‍ഡ് എന്നിവയും ചവറുകൂനയില്‍ തള്ളിയ നിലയിലായിരുന്നു. കുരിശടിക്കു മുന്നില്‍ പുനരുദ്ധാരണത്തിനായി സാമ്പത്തിക സഹായം അഭ്യര്‍ഥിച്ച് സ്ഥാപിച്ചിരുന്ന ബോര്‍ഡും നശിപ്പിച്ചു.
കാവല്‍ ജങ്ഷനില്‍ കൊടിമരവും മറ്റും നശിപ്പിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. വിരലടയാള വിദഗ്ധരെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി ഇയാളാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."