സെറം കൊവിഡ് വാക്സിന് പരീക്ഷണം നിര്‍ത്തിവച്ചു
ന്യൂഡല്‍ഹി: ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനിക്കയും സംയുക്തമായി വികസിപ്പച്ച കൊവിഡ് വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണങ്ങള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍ത്തിവച്ചു. ഡ്രഗ്സ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.)യുടെ നിര്‍ദേശങ്ങള്‍ ലഭിക്കുന്നത് വരെ വാക്സിന് പരീക്ഷണങ്ങള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
ബ്രിട്ടനില്‍ വാക്സിന് കുത്തിവച്ച സന്നദ്ധ പ്രവര്‍ത്തകരിലൊരാള്‍ക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തീരുമാനം. നാലു രാജ്യങ്ങളിലെ പരീക്ഷണം ആസ്ട്ര സെനിക്ക താല്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഓക്സ്ഫഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്സിന് പരീക്ഷണം താല്കാലികമായി നിര്‍ത്തിവച്ച കാര്യം അറിയിക്കാത്തതിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡി.സി.ജി.ഐ കാരണം കാണിക്കല്‍ നോട്ടിസ് നല്കി. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ നേരത്തേ അനുമതി നേടിയ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ എന്തുകൊണ്ട് നിര്ത്തിവക്കുന്നില്ലെന്ന് വ്യക്തമാക്കാനും ഡി.ജി.സി.ഐ ആവശ്യപ്പെട്ടിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ 17 നഗരങ്ങളിലാണ് കൊവിഡ് വാക്സിന് പരീക്ഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."