കരിപ്പൂരില്‍ 1.2 കോടിയുടെ സ്വര്‍ണം പിടികൂടി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നാല് കിലോ സ്വര്‍ണം പിടികൂടി. വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്നും യാത്രക്കാരന് ഒളിപ്പിച്ച് കടത്തിയതും ഉള്‍പ്പെടെ 4010.5 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് മംഗള്‍പാടി ധര്മടുക്ക സീഗന്മൂല മുഹമ്മദ് ജാസിറി(28) നെ കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തു. എയര്‍ ഇന്ത്യയുടെ ഷാര്‍ജ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. അടിവസ്ത്രത്തില്‍ സ്വര്‍ണമടങ്ങിയ സംയുക്തം ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. സംശയം തോന്നിയ കസ്റ്റംസ് വിഭാഗം പരിശോധന നടത്തിയപ്പോഴാണ് ഇത് കണ്ടെത്തിയത്. സംയുക്തത്തില്‍ നിന്നും 1211.5 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. പിടികൂടിയ സ്വര്‍ണത്തിന് 36, 45,000 രൂപ വിലവരും.
ഇന്‍ഡിഗോയുടെ ദുബൈ വിമാനത്തില്‍ ഡി.ആര്.ഐ വിഭാഗം നടത്തിയ പരിശോധനയില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ചനിലയില്‍ 24 സ്വര്‍ണ ബിസ്കറ്റുകള്‍ കണ്ടെത്തി. വിമാനജീവനക്കാരെയോ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ചോ ഇത് പുറത്തുകടത്താനായിരുന്നു ശ്രമമെന്ന് കരുതുന്നു. 2, 799 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. ഇന്ത്യന്‍ വിപണിയില്‍ 91.02 ലക്ഷം രൂപ വിലവരും. രണ്ട് കേസുകളിലായി 1.2 കോടിയിലധികം വിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."