നടപ്പാത സ്ലാബുകള്‍ തകര്‍ന്നു; കാല്‍നട യാത്രക്കാര്‍ വലയുന്നു
താമരശ്ശേരി: നടപ്പാത സ്ലാബുകള്‍ തകര്‍ന്നത് കാല്‍നട യാത്രക്കാരെ ദുരിതത്തിലാക്കുന്നു. താമരശ്ശേരി ടൗണില്‍ പോസ്റ്റ് ഓഫിസ് മുതല്‍ യു.പി സ്‌കൂള്‍ വരെയുള്ള ഭാഗത്താണ് വിവിധയിടങ്ങളില്‍ സ്ലാബുകള്‍ ചിലയിടങ്ങളില്‍ പൂര്‍ണമായും മറ്റിടങ്ങളില്‍ ഭാഗികമായും തകര്‍ന്നത്.
ട്രഷറിക്ക് മുന്‍വശം രണ്ടു സ്ലാബുകള്‍ നിലംപൊത്തിയത് കാരണം ഇതുവഴി സഞ്ചാരം തന്നെ തടസപ്പെട്ടിരിക്കുകയാണ്. നാലു വര്‍ഷത്തോളമായി സ്ലാബിന്റെ അപകടാവസ്ഥ നിരന്തരം അധികൃതരെ സമീപത്തെ വ്യാപാരികള്‍ അറിയിച്ചിരുന്നു. അപ്രധാന സ്ഥലങ്ങളില്‍ കോടികള്‍ മുടക്കി നടപ്പാത അടക്കമുള്ള നിര്‍മാണ പ്രവൃത്തികള്‍ നടത്തിയെങ്കിലും ടൗണിലെ പ്രധാന ഭാഗത്തെ അവഗണിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ട്രഷറിക്ക് മുന്നിലെ ഫുട്പാത്ത് തകര്‍ന്നത് കാരണം ആളുകള്‍ റോഡിലിറങ്ങി നടക്കേണ്ടി വരികയും ഇത് അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പായി നാട്ടുകള്‍ സ്ലാബ് തകര്‍ന്ന ഭാഗത്ത് മരച്ചില്ലകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ദേശീയപാത അധികൃതര്‍ക്കാണ് പുനര്‍നിര്‍മാണ പ്രവൃത്തി നടത്തേണ്ടതിന്റെ ഉത്തരവാദിത്തമെന്നിരിക്കെ അവര്‍ ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുന്നതാണ് നാലു വര്‍ഷമായിട്ടും സ്ലാബുകള്‍ മാറ്റിയിടാത്തതിനു കാരണമെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. മഴക്കാലത്തിനു മുന്‍പ് ഇവ മാറ്റിസ്ഥാപിച്ചാല്‍ ദുരന്തം ഒഴിവാകുമെന്നും കച്ചവടക്കാരും നാട്ടുകാരും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."