മഴ പ്രളയത്താല്‍ ഒറ്റപ്പാലം മേഖലയില്‍ റോഡുകള്‍ തകര്‍ന്നത് 63 കിലോമീറ്റര്‍
ഒറ്റപ്പാലം: മഴ പ്രളയത്താല്‍ റോഡുകള്‍ തകര്‍ന്നത് 63 കിലോമീറ്റര്‍. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുംഗതാഗതസംവിധാനം തകര്‍ന്നതിനാല്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുവാന്‍ തുടങ്ങി. പ്രധാന റോഡുകളെല്ലാം പകുതിയിലേറെയും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. പൊതുമരാമത്ത് വകുപ്പ് ഒറ്റപ്പാലം സെക്ഷന്‍ പരിധിയില്‍ മാത്രം 63 കിലോമീറ്റര്‍ റോഡ് പൂര്‍ണമായും തകര്‍ന്നു.
നിരവധി ഗ്രാമീണ റോഡുകള്‍ തകര്‍ന്നത് വേറെയും.17 കിലോമീറ്ററുള്ള ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി റോഡ് നേരത്തെ തകര്‍ന്നിരുന്നു.ദിവസങ്ങള്‍ നീണ്ടുനിന്ന മഴ കൂടിയായപ്പോള്‍ ചെര്‍പ്പുളശ്ശേരി നഗരം മുതല്‍ ഒറ്റപ്പാലം നഗരംവരെ അപകട കുഴികളായി മാറി.മണ്‍സൂണ്‍ കാലപ്രത്യേക പദ്ധതിയിലുള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ് കുഴിയടക്കല്‍ തുടങ്ങിയപ്പോഴാണ് വീണ്ടും മഴ ശക്തമായത്.
ആ പദ്ധതിക്കായി 10 ലക്ഷം അനുവദിച്ചിരുന്നു. ഈ ഫണ്ട് കൊണ്ട് നിലവില്‍ കുഴിയടക്കല്‍ തുടങ്ങിയതായി ഒറ്റപ്പാലം പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ ദിവ്യ അറിയിച്ചു.
ഒറ്റപ്പാലംചെര്‍പ്പുളശ്ശേരി,അമ്പലപ്പാറ വേങ്ങശ്ശേരി മണ്ണൂര്‍ റോഡ്, വാണിയംകുളം മാന്നന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡ്,മംഗലം മുരുക്കുംപറ്റ റോഡുകളാണ് ഏറ്റവും കൂടുതല്‍ ഒറ്റപ്പാലം മേഖലയില്‍ തകര്‍ന്നിട്ടുള്ളത്.
ഈ റോഡുകളുടെ പുനര്‍നിര്‍മാണത്തിനായി 12 പദ്ധതികളുടെ രേഖകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അനുമതികിട്ടിയാലുടന്‍ നിര്‍മാണം തുടങ്ങുമെന്നും, മംഗലം മുരുക്കുംപറ്റ റോഡിലെ കുഴിയടച്ചുള്ള താല്‍ക്കാലിക ഗതാഗതസംവിധാനം പുനസ്ഥാപിക്കുമെന്നും ,ഉടന്‍ തന്നെ നിര്‍മാണം തുടങ്ങാനാകുമെന്നും പൊതുമരാത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."