കുടിക്കാന്‍പോലും വെള്ളം കിട്ടുന്നില്ല, അങ്ങാടിത്താഴത്തുകാര്‍ ദുരിതത്തില്‍
ഗുരുവായൂര്‍: നഗരത്തിലെ മാലിന്യം ഒഴുക്കിവിടുന്ന അഴുക്കുചാല്‍ തോടുകളുടെ കരയില്‍ താമസിക്കുന്നവര്‍ കുടിവെള്ളംപോലും കിട്ടാനില്ലാതെ ദുരിതത്തില്‍.
ഗുരുവായൂര്‍ നഗരസഭയുടെ പടിഞ്ഞാറെ ഭാഗത്തുള്ള ചക്കംകണ്ടം, എടപ്പുള്ളി, പാലയൂര്‍ എന്നിവിടങ്ങളിലെ മുന്നൂറോളം കുടുംബങ്ങളാണ് വിഷമത്തിലായിരിക്കുന്നത്. രണ്ടു തോടുകളിലായി മാലിന്യം കെട്ടിക്കിടക്കുന്നതിനാല്‍ ഈ പ്രദേശത്ത് കിണര്‍കുഴിച്ചാലും ശുദ്ധജലം ലഭിക്കുന്നില്ല.
ശാസ്ത്രീയ പരിശോധനയില്‍ ഇവിടുത്തെ മുന്നൂറോളം കിണറുകളില്‍ മലത്തില്‍ കാണുന്ന കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായതില്‍ കൂടുതലാണെന്ന് തെളിഞ്ഞിട്ടുണ്ട്.
കുടിക്കാന്‍ മാത്രമല്ല, മറ്റു ആവശ്യങ്ങള്‍ക്കും ഇവിടുത്തെ വെള്ളം ഉപയോഗിക്കാന്‍ പാടില്ല എന്നാണ് ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശം. കഴിഞ്ഞ 35 വര്‍ഷമായി വാട്ടര്‍ അതോരിറ്റിയാണ് അങ്ങാടിത്താഴം നിവാസികള്‍ക്ക് വെള്ളം നല്‍കിയിരുന്നത്.
എന്നാല്‍ മാസങ്ങളായി ജലവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ലഭിച്ചാല്‍ തന്നെ മലിന ജലമാണ് വരുന്നത്. ഇതുമൂലം പ്രദേശവാസികളുടെ ജീവിതം ദുരിതത്തിലായിരിക്കുന്നു. നാട്ടുകാര്‍ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
കഴിഞ്ഞദിവസം നിരവധിപേര്‍ ഒപ്പിട്ട ഭീമഹര്‍ജി മുഖ്യമന്ത്രിക്കും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കി. തെക്കുംപുറം നൗഷാദ്, പി.പി അബ്ദുള്‍സലാം, എം.നൗഷാദ് അഹമ്മു, എം.എ ഷെഫീക്ക്, കെ.ഷാജഹാന്‍, എ.സി ഷറഫുദ്ധീന്‍, പി.എം അബ്ദുള്‍വഹാബ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."