സ്വാമി അഗ്നിവേശ്: മറയുന്നത് തീവ്രഹിന്ദുത്വത്തിനെതിരേ കാവി വസ്ത്രം തന്നെ ആയുധമാക്കിയ മുന്നണിപ്പോരാളി
ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകനും ആര്യസമാജം പണ്ഡിതനുമായ സ്വാമി അഗ്‌നിവേശിന് ഇന്ന് രാജ്യം വിട നല്‍കും. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇല്ലാതാകുന്നത് കാവി വസ്ത്രം തീവ്രഹിന്ദുത്വത്തിനെതിരേ പ്രയോഗിച്ച ഉന്നതനായ വ്യക്തിത്വത്തെയാണ്. ഇന്ന് ഹരിയാനയിലെ അദ്ദേഹത്തിന്റെ തട്ടകത്തില്‍ തന്നെയാണ് സംസ്‌കാരചടങ്ങുകള്‍ നടക്കുക.
അതേ സമയം ഇന്നു രാവിലെ ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഓഫിസില്‍ പൊതുദര്‍ശനത്തിന് വെക്കും. ഇന്നലെ വൈകുന്നേരം 7.30ന് ഡഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബൈലറി സയന്‍സില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അന്നു മുതല്‍ തന്നെ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.
വാക്കുകളിലും പ്രവൃത്തിയിലും വിനയവും വിശുദ്ധിയും കാത്തുസൂക്ഷിച്ച വലിയ മനുഷ്യനായിരുന്നു സ്വാമി അഗ്നിവേശ്. എല്ലാവരോടും ഒരുപോലെയുള്ള പെരുമാറ്റം. എല്ലാവര്‍ക്കും ഒരുപോലെയുള്ള പരിഗണന. അതായിരുന്നു സ്വാമി.
ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബൈലറി സയന്‍സില്‍ കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു മുതല്‍ വെന്റിലേറ്ററിലായിരുന്നു കഴിഞ്ഞിരുന്നത്.
1939-ല്‍ ഛത്തീസ്ഗഢിലെ ജന്‍ജ്ഗീര്‍-ചമ്പ ജില്ലയിലാണ് സ്വാമി അഗ്നിവേശ് എന്ന ശ്യാം വേപ റാവു ജനിച്ചത്. നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതല്‍ 1968 വരെ കല്‍ക്കത്തയിലെ സെന്റ് സേവ്യര്‍ കോളേജില്‍ ബിസിനസ്സ് മാനാജ്മെന്റില്‍ അധ്യാപകനായി.
1968ല്‍ വീടും ജോലിയും ഉപേക്ഷിച്ച് ഹരിയാനയിലേക്ക് വന്നു. അവിടെ ആര്യസമാജത്തില്‍ ചേര്‍ന്ന് സന്യാസം സ്വീകരിച്ചു. ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം അവിടെ വെച്ച് രൂപവത്കരിച്ചു.
1977ല്‍ ഹരിയാനയില്‍ വിദ്യാഭ്യാസ മന്ത്രിയായി. വിവിധ വിഭാഗങ്ങളുമായുള്ള സംവാദം, സമധാനത്തിനായുള്ള പോരാട്ടം, ജാതി വിരുദ്ധസമരം, അടിമതൊഴിലാളികള്‍ക്കായുള്ള പ്രവര്‍ത്തനം, മദ്യത്തിനെതിരായുള്ള പ്രചാരണം, സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു സ്വാമി അഗ്നിവേശ്. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം ശബ്ദിച്ചു. എന്തായാലും അദ്ദേഹം ചരിത്രത്തിലേക്കു മടങ്ങുമ്പോള്‍ സാധാരണക്കാരനുവേണ്ടിയുള്ള ഒരു ശബ്ദവും തീവ്രഹിന്ദുത്വത്തെനെതിരേ ഉയര്‍ന്നിരുന്ന വലിയ മുഴക്കവുമാണ് അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."