യു.ഡി.എഫ് സര്‍ക്കാറിന്റെ അതിവേഗ പാത കാസര്‍കോട് വരെ; എല്‍ഡിഎഫ് വന്നപ്പോള്‍ അതു കണ്ണൂരില്‍ നിന്നു
കാസര്‍കോട്: തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍ പാത പദ്ധതിയില്‍ നിന്നു കാസര്‍കോടിനെ മുറിച്ചുമാറ്റിയത് ഉദ്യോഗസ്ഥ ലോബിയാണെന്ന് സൂചന. സ്വപ്‌ന പദ്ധതിയുടെ ആവിഷ്‌ക്കാരം നടത്തിയ ഡി.എം.ആര്‍ സി മുന്‍ ചെയര്‍മാന്‍ ഇ ശ്രീധരനായിരുന്നു. അദ്ദേഹത്തിന്റെ പദ്ധതി സ്വപ്‌നത്തില്‍ കാസര്‍കോടു വരെയായിരുന്നു പദ്ധതി. 2010 ലെ ഇടതുമുന്നണി സര്‍ക്കാര്‍ പദ്ധതിയെ കുറിച്ച് പഠനം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. പിന്നീടു വന്ന യു.ഡി.എഫ് സര്‍ക്കാര്‍ പഠനവുമായി മുന്നോട്ട് പോയി.
ഡി.എം.ആര്‍.സിക്കു ചുമതലയും ഏകോപനം കേരളാ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷനെ ഏല്‍പ്പിക്കുകയും ചെയ്തു. ജനങ്ങളുടെ പ്രതികരണവും സ്ഥലമെടുപ്പിലെ പ്രശ്‌നവും ഭയന്നു പദ്ധതി മൂന്നു വര്‍ഷം ഫ്രീസറില്‍ കിടന്നു.
2015 ല്‍ ഡി.എം.ആര്‍.സി കരട് റിപ്പോര്‍ട്ടു നല്‍കിയെങ്കിലും പൊടിതട്ടിയെടുത്തത് ഇപ്പോഴാണ്. പുതിയ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. കരടു റിപ്പോര്‍ട്ടിലാണ് തിരുവനന്തപുരംകണ്ണൂര്‍ റെയില്‍പാതയെ കുറിച്ച് പരാമര്‍ശമുള്ളത്.
കാസര്‍കോടിനെ കുറിച്ച് അതിലൊന്നും പറയുന്നില്ല. ഇതെങ്ങനെ സംഭവിച്ചുവെന്നതിനെ കുറിച്ച് ആര്‍ക്കും ഒരുത്തരവുമില്ല. പഠനത്തിനിടയില്‍ ഉദ്യോഗസ്ഥ ലോബിയുടെ ഇടപെടലാണ് കാസര്‍കോടിനെ മുറിച്ചുമാറ്റാന്‍ കാരണമെന്നാണ് അണിയറയിലെ സംസാരം.
എന്നാല്‍ ഉദ്യോഗസ്ഥ ലോബിക്കെതിരേ നികത്താന്‍ തെളിവുകളില്ല. ബജറ്റില്‍ സര്‍വേക്കായി 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. 2017 ല്‍ പണി തുടങ്ങുന്ന രീതിയിലാണ് ഡി.എം.ആര്‍.സിക്ക് നല്‍കിയ നിര്‍ദേശം. അതിലും കണ്ണൂര്‍ വരെയാണോയെന്നതില്‍ വ്യക്തതയില്ല.
നിര്‍മാണത്തിനുള്ള ചെലവും പദ്ധതി പ്രാവര്‍ത്തികമായാലുള്ള വരവും കണക്കിലെടുത്താല്‍ കാസര്‍കോടേക്ക് പദ്ധതി നീട്ടിയാല്‍ ലാഭം പ്രതീക്ഷിക്കേണ്ടതില്ലെന്ന ഉദ്യേഗസ്ഥ മുന്‍വിധിയാണ് കാസര്‍കോടിന് വിനയായതെന്നാണ് രാഷ്ട്രീയ നേതാക്കളടക്കമുള്ളവരുടെ സംസാരം.
അതേസമയം അതിവേഗപാതയടക്കമുള്ള വിഷയങ്ങളില്‍ കാസര്‍കോടിനോട് കാണിക്കുന്ന അവഗണനയില്‍ ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമടക്കമുള്ളവര്‍ ഒറ്റക്കെട്ടായി രംഗത്തുവന്നു. നവമാധ്യമങ്ങളിലൂടെ തുടക്കമിടുകയും അലയടിക്കുകയും ചെയ്ത പ്രതിഷേധം ഇപ്പോള്‍ കാസര്‍കോട് ജില്ല മുഴുവന്‍ പ്രതിഷേധകടലായി ഇരമ്പുകയാണ്.
എം.പി പി.കരുണാകരനടക്കമുള്ളവര്‍ സംഭവത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ യോജിപ്പില്ലെന്ന് അദേഹം തറപ്പിച്ചു പറഞ്ഞു.
ജില്ലയോടുള്ള റെയില്‍ അവഗണന ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും അദ്ദേഹം ആരോപിച്ചു.
കേരളം മാറുമ്പോള്‍ കാസര്‍കോടും മാറണമെന്ന അഭിപ്രായമാണ് തനിക്കെന്നും പി.കരുണാകരന്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രി ഇ.ചന്ദ്രശേഖരനും എം.പി പി.കരുണാകരനും മുഖ്യമന്ത്രിയെ സംഭവത്തിന്റെ ഗൗരവം അറിയിച്ചു. മുസ്‌ലിം ലീഗ് എം.എല്‍മാരായ എന്‍.എ നെല്ലിക്കുന്നും പി.ബി അബ്ദു റസാഖും മുഖ്യമന്ത്രിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്.
എം.പി മുഖ്യമന്ത്രിയെ കണ്ടു
അതിവേഗപാത പദ്ധതിയില്‍ കാസര്‍കോടിനെ അവഗണിച്ചതിലുള്ള വിഷമങ്ങളും പ്രതിഷേധവും പി.കരുണാകരന്‍ എം.പി മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് അറിയിച്ചു.
കാസര്‍കോട്ടെ ജനങ്ങള്‍ ഈ വിഷയത്തില്‍ അസ്വസ്ഥരാണെന്നും അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നും എം.പി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ജനതയെ അപമാനിക്കുന്നു: എം.സി ഖമറുദ്ദീന്‍
അതിവേഗ റെയില്‍പ്പാത പദ്ധതിയില്‍ നിന്നും കാസര്‍കോടിനെ ഒഴിവാക്കിയ നടപടി കാസര്‍കോട്ടെ ജനതയെ അപമാനിക്കലാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ പറഞ്ഞു. ഈ സംഭവത്തില്‍ ജില്ലയൊട്ടാകെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടതുണ്ട്. കാസര്‍കോട് ജില്ല കേരളത്തിന്റെ ഭാഗമല്ലെന്നാണോ സര്‍ക്കാര്‍ കരുതുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇടതുപക്ഷ സര്‍ക്കാരിന്റെ കാസര്‍കോടിനോടുള്ള അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇത്. അതിവേഗപാത നിര്‍മ്മാണത്തില്‍ കാസര്‍കോട് ജില്ലയെ ഉള്‍പ്പെടുത്താന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂരുവരെയാക്കി
പരിമിതപ്പെടുത്തിയതിനോട് യോജിപ്പില്ല: പി.കരുണാകരന്‍
തിരുവന്തപുരത്തെ കൊച്ചുവേളിയില്‍ നിന്നും ആരംഭിച്ച് കണ്ണൂരില്‍ അവസാനിക്കാന്‍ ഉദ്ദേശിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത അതിവേഗ പാതയുടെ സാധ്യതാ പഠനം കണ്ണൂര്‍ വരെ മാത്രമായി പരിമിതപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് കാസര്‍കോട് എം.പി പി കരുണാകരന്‍ പറഞ്ഞു. അതിവേഗ പാതയുടെ സാധ്യതയെക്കുറിച്ചുള്ള പ്രാഥമിക പഠനം നടത്തിയവര്‍ കണ്ണൂരിനപ്പുറം ചെലവേറിയതാണെന്ന കാരണമാണ് തടസമായി പറഞ്ഞത്. അതു യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്തതാണ്. അതിവേഗ പാത കാസര്‍കോടു വരെ നീട്ടുന്നത്. ലാഭകരമല്ലെന്നും ചെലവേറിയതാണെന്നും യാത്രക്കാര്‍ കാണില്ലെന്നും മറ്റുമുള്ള അഭിപ്രായങ്ങള്‍ റെയില്‍വെ സ്വീകരിക്കുന്നത് ഇത് ആദ്യമായല്ല. ഇതിനു മുമ്പ് മാവേലി എക്‌സ്പ്രസ് തിരുവനന്തപുരം വരെ നീട്ടുമ്പോഴും, കണ്ണൂര്‍ എക്‌സ്പ്രസ് മംഗളൂരു വരെയായി ഉയര്‍ത്തുന്നതിനും മടി കാണിച്ചു കൊണ്ട് നേരത്തെ ഇതേ കാരണങ്ങളായിരുന്നു പറഞ്ഞിരുന്നത്. ശക്തമായി സമ്മര്‍ദം ചെലുത്തിയാണ് അന്നവ സാധ്യമാക്കിയത്. ഇപ്പോള്‍ പരിശോധിക്കുമ്പോള്‍ എക്‌സ്പ്രസുകളെല്ലാം കാസര്‍കോട് തൊട്ടേ ബുക്കിങ്ങ് പൂര്‍ണമാകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. പണച്ചിലവിന്റെ കാര്യം പറഞ്ഞു വികസന മുരടിപ്പുണ്ടാക്കുന്നതിനോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും എം.പി പറഞ്ഞു.
സംസ്ഥാനം പദ്ധതിയുമായി മുന്നോട്ടു പോകുമ്പോള്‍ ഒരു ജില്ലയെ മാത്രം വകഞ്ഞു മാറ്റുന്നതും അതിവേഗ പാത മംഗളൂരു വരെ നീട്ടുകയെന്ന ആവശ്യത്തില്‍ ജനങ്ങളോടൊപ്പമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കി
നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍പാത മംഗലൂവരെ നീട്ടണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. അതിവേഗ റെയില്‍പ്പാത മംഗല്‍രുവരെ നീട്ടിയാലേ കേരളത്തിലെ ജനങ്ങള്‍ക്കാകെ അതിന്റെ ഗുണം ലഭിക്കുകയുള്ളൂ. മംഗലൂരു തുറമുഖവും അന്താരാഷ്ട്ര വിമാനത്താവളവും കൂടാതെ ആയിരക്കണക്കിന് മലയാളികള്‍ ആശ്രയിക്കുന്ന മെഡിക്കല്‍ കോളജും സ്ഥിതി ചെയ്യുന്നതിനാല്‍ സ്വപ്‌ന പദ്ധതിയുടെ പ്രയോജനം ഇരട്ടിയാവുമെന്നും നിവേദനത്തില്‍ മന്ത്രി ആവശ്യപ്പെട്ടു. കണ്ണൂരുവരെയുള്ള സാധ്യതാപഠനത്തിനോട് യോജിക്കാനാവില്ലെന്നും മംഗളുരുവരെ സാധ്യതാ പഠനം നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കണമെന്ന് മുഖ്യമന്ത്രിയോടും ധനമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നീതി നിഷേധം
അതിവേഗപാതയും നിഷേധിക്കുന്നതിലൂടെ കാസര്‍കോടിനോടു കാണിക്കുന്നത് നീതിനിഷേധമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ ശ്രീകാന്ത് ആരോപിച്ചു. മാറിമാറി കേരളം ഭരിക്കുന്ന സര്‍ക്കാര്‍ കാസര്‍കോടിനെ കേരളത്തിന്റെ ഭാഗമായി പോലും കാണുന്നില്ലെന്നും മെഡിക്കല്‍ കോളജ് പ്രശ്‌നത്തിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയത്തിലും സര്‍ക്കാരുകളുടെ മനോഭാവം ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
സമരത്തെകുറിച്ച് ആലോചിക്കും: അഡ്വ.സി.കെ ശ്രീധരന്‍
അതിവേഗ റെയില്‍പാത പ്രശ്‌നത്തില്‍ കാസര്‍കോടിനോട് കാണിച്ച അവഗണനയില്‍ പൊതുജനങ്ങളുടെ പ്രതിഷേധം ഉയര്‍ത്തുന്നതിനായി സമരപരിപാടികളെ കുറിച്ച് ആലോചിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.സി.കെ ശ്രീധരന്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷവും കാസര്‍കോടിനോട് കാണിക്കുന്ന അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമാണിത്. ദീര്‍ഘകാലമായി വടക്കന്‍ കേരളം അനുഭവിക്കുന്ന അവഗണനയ്‌ക്കെതിരേ ജനരോഷം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."