കാസര്‍കോടിന് അതിവേഗ റെയില്‍: ജില്ല കൂട്ടുകൂടുന്നു; 27നു പൊതുജന കൂട്ടായ്മ
കാസര്‍കോട്: ജില്ലയോടുള്ള അവഗണനയ്‌ക്കെതിരെ പൊതുജന കൂട്ടായ്മ സംഘടിപ്പിക്കുന്നു.
27നു വൈകുന്നേരം മൂന്നു മണിക്ക് സന്നദ്ധ സംഘടനയായ 'പുഞ്ചിരി'യുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഹെഡ്‌പോസ്റ്റാഫീസിന് സമീപമുള്ള ആലിയ ഓഡിറ്റോറിയത്തിലാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
നിര്‍ദിഷ്ട അതിവേഗ റെയില്‍പാത കണ്ണൂരില്‍ നിര്‍ത്തിയിരിക്കുന്നു. അത് മംഗളൂരു വരെ നീട്ടാനുള്ള നടപടി വേണം. രാജധാനി എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണം. കാണിയൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാക്കണം.
എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയ്ക്കായി കാസര്‍കോടിന് അനുവദിച്ച മെഡിക്കല്‍ കോളജ് എത്രയും വേഗം യാഥാര്‍ഥ്യമാക്കുന്നതിന് ബജറ്റില്‍ ആവശ്യമായ തുക ഉള്‍കൊള്ളിക്കണം. പാസ്‌പോര്‍ട്ട് ഓഫീസ് കാസര്‍കോട് അനുവദിക്കണം, കേന്ദ്ര സര്‍വകലാശാല അനുബന്ധമായ മെഡിക്കല്‍ കോളജടക്കം, എല്ലാ സംവിധനങ്ങളും കാസര്‍കോട് തന്നെ സ്ഥാപിക്കണം.
മറ്റു ജില്ലകളിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുകയും വേണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പൊതുജനകൂട്ടായ്മ സംഘടിപ്പിക്കുന്നത്.
കാസര്‍കോട് വികസന പാക്കേജിന് ആവശ്യമായ ഫണ്ട് വര്‍ധിപ്പിച്ച് പദ്ധതി നിര്‍വഹണം ത്വരിതപ്പെടുത്തണം. കാര്‍ഷിക മേഖലയിലെ ആശങ്ക അകറ്റി പുതിയ കാര്‍ഷിക പാക്കേജും, ജലസേചന പദ്ധതികളും നടപ്പിലാക്കണം. ഭൂമി ലഭ്യത ഏറെ സാധ്യതയുള്ള കാസര്‍കോട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വ്യവസായ സംരംഭങ്ങള്‍ നടപ്പിലാക്കണം.
ജില്ലാ ആസ്ഥാനത്ത് വര്‍ഷങ്ങളായി ഉപ്പുവെള്ളം കുടിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനും മറ്റു പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും ശുദ്ധജലപദ്ധതി നടപ്പിലാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ കൂട്ടായ്മ ചര്‍ച്ച ചെയ്യും
ജില്ലയില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ കുറവ് പരിഹരിക്കണം, ഐ.ടി പാര്‍ക്കിന് പ്രാമുഖ്യം നല്‍കണം.
പകര്‍ച്ചവ്യാധി രോഗങ്ങളെ മറികടക്കാന്‍ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കണം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ പദ്ധതി നടപ്പിലാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനും ആവശ്യമാണെങ്കില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതിനുമാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ജില്ലയിലെ എല്ലാ ജനപ്രതിനിധികളും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും, വിദ്യാര്‍ത്ഥി, യുവജന, ട്രേഡ് യൂണിയന്‍ പ്രതിനിധികളും, പ്രവാസി സംഘടനാ പ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, ആക്ടിവിസ്റ്റുകള്‍, ഉദ്യോഗസ്ഥ സംഘടനാ പ്രതിനിധികള്‍, മാധ്യമ പ്രതിനിധികള്‍, പാസഞ്ചേര്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ കൂട്ടായ്മയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."