HOME
DETAILS
MAL
വലിയ തലപ്പാവ്
backup
September 12 2020 | 20:09 PM
പണ്ടുകാലത്ത് ഒരാളുടെ തലപ്പാവിന്റെ വലുപ്പം അയാളുടെ ധീരതയുടെയും സമൂഹത്തില്‍ അയാള്‍ക്കുള്ള സ്ഥാനത്തിന്റെയും അടയാളമായിരുന്നു.
പദവിക്കും പ്രൗഢിക്കും ഒത്ത തലപ്പാവാണ് ഓരോരുത്തരും ധരിച്ചിരുന്നത്.
ഒരു നാട്ടില്‍ അഷ്ടിക്കു വകയില്ലാത്ത മധ്യവയസ്‌കനായ ഒരു വാധ്യാര്‍ ഉണ്ടായിരുന്നു. ദാരിദ്ര്യം അദ്ദേഹം ആരോടും സമ്മതിച്ചു കൊടുക്കുമായിരുന്നില്ല. വലിയ ഗമയില്‍ ആയിരുന്നു നടത്തം. തുന്നല്‍കാര്‍ വെട്ടി ഒഴിവാക്കുന്ന തുണിക്കഷ്ണങ്ങളും നൂലുകളും ആളുകള്‍ ഉപയോഗിക്കാതെ കളയുന്ന ശീലകളും പഴന്തുണികളും എല്ലാം ചേര്‍ത്ത് വാധ്യാര്‍ സാമാന്യം തരക്കേടില്ലാത്ത ഒരു തലപ്പാവ് ഉണ്ടാക്കി. ഒടുവില്‍ അദ്ദേഹത്തിന്റെ തലപ്പാവിന് രാജാവിന്റെ തലപ്പാവിനോളം വലുപ്പം വച്ചു.
അങ്ങനെ തന്റെ വിദ്യാലയത്തില്‍ ഉള്ളവരെയും നാട്ടുകാരെയും വിഡ്ഢികളാക്കാന്‍ വാധ്യാര്‍ക്ക് കഴിഞ്ഞു. എല്ലാവരും അദ്ദേഹത്തോട് വലിയ ബഹുമാനം കാണിച്ചു. ഒരു നാട്യകാരനാണെന്ന് അദ്ദേഹമെന്ന് വിദ്യാര്‍ഥികള്‍ക്ക് അറിയുമായിരുന്നില്ല.
ഒരാള്‍മാറാട്ടക്കാരന്‍ ആണ് തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നത് എന്ന് നാട്ടുകാരാരും മനസിലാക്കിയില്ല. അയാള്‍ വലിയ പണ്ഡിതനും മഹാ സമ്പന്നനും ആണെന്ന് സര്‍വരും വിശ്വസിച്ചു പോന്നു. എന്നാല്‍ തന്റെ പ്രശസ്തി വ്യാജമാണെന്നും അതൊരു വലിയ നുണ അല്ലാതെ മറ്റൊന്നുമല്ല എന്നും വാധ്യാര്‍ക്ക് അറിയാമായിരുന്നു.
ഒരു ദിവസം രാവിലെ സൂര്യോദയത്തിനു മുന്‍പ് എഴുന്നേറ്റ് വാധ്യാര്‍ വിദ്യാലയത്തിലേക്ക് നടത്തം ആരംഭിച്ചു. അന്നത്തെ പാഠം എങ്ങനെ എടുക്കണം എന്നതിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ആലോചന.
ആ സമയം ഒരു കള്ളന്‍ തന്റെ ആദ്യത്തെ ഇരയെ കാത്ത് അങ്ങാടിയിലെ ഒരു തൂണിന്റെ മറവില്‍ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു.
വലിയ തലപ്പാവ് ധരിച്ച് വാധ്യാര്‍ വരുന്നത് കണ്ടപ്പോള്‍ നല്ല ഒരു ഇരയെ കിട്ടിയ സന്തോഷമായി കള്ളന്.
വലിയ പ്രഭുക്കന്മാര്‍ സ്വര്‍ണവും രത്‌നങ്ങളും അന്യരുടെ ദൃഷ്ടിയില്‍ പെടാതിരിക്കാന്‍ തലപ്പാവിനകത്താണ് സൂക്ഷിക്കുക എന്ന കള്ളന് അറിയാമായിരുന്നു.
കള്ളന്‍ ക്ഷമയോടെ കാത്തുനിന്നു. നടന്നുവരുന്ന മെലിഞ്ഞ മനുഷ്യനെ എളുപ്പം കീഴ്‌പ്പെടുത്താം എന്ന് മനസില്‍ കണക്ക് കൂട്ടി അയാള്‍ തന്റെ വിജയ നിമിഷത്തെ വരവേല്‍ക്കാന്‍ പ്രതീക്ഷയോടെ തയ്യാറെടുത്തു.
വാധ്യാര്‍ മുന്‍പില്‍ എത്തിയതും കള്ളന്‍ അദ്ദേഹത്തിന്റെ മുന്നില്‍ ചാടിവീണ് തലപ്പാവ് തട്ടിപ്പറിച്ച് ഒരു നിമിഷം പോലും പാഴാക്കാതെ ഓടി മറഞ്ഞു. സംഭവിച്ചതെന്താണെന്ന് വാധ്യാര്‍ക്ക് ആദ്യം മനസിലായില്ല.
മനസിലായപ്പോള്‍ അദ്ദേഹം കള്ളന്റെ പിന്നാലെ ഓടി.
അദ്ദേഹം വിളിച്ചു പറഞ്ഞു: 'ഹേ! വകതിരിവ് ഇല്ലാത്തവനെ അവിടെ നില്‍ക്ക്. തലപ്പാവിന് ഉള്ളില്‍ നിനക്ക് സന്തോഷിക്കാനുള്ള വക ഒന്നുമില്ല. ഹേ മൊശകോടാ. അവിടെ നില്ല്. വിലപിടിച്ച യാതൊന്നും തന്നെ അതിനകത്തില്ല.... ഹേ... ഓയ്...'
കള്ളന്‍ തിരിഞ്ഞു നോക്കിയില്ല. കിട്ടിയ 'നിധി'യുമായി അവന്‍ ഓടി.
ദൂരെ സൗകര്യമുള്ള ഒരിടത്ത് എത്തിയ ശേഷം കള്ളന്‍ വലിയ പ്രതീക്ഷയോടെ സാവധാനം തലപ്പാവ് പൊളിച്ചു.
പഴയ തുണിക്കഷ്ണങ്ങള്‍ അല്ലാതെ ഒന്നും അവന് അതില്‍ കാണാനായില്ല. പുറമെ കാണുന്നതു പോലെ ആവണമെന്നില്ല ഉള്ള് എന്ന് അവന്‍ അപ്പോള്‍ മനസിലാക്കിക്കാണണം.
പഴന്തുണിത്തലപ്പാവ് ഓടയിലേക്ക് വലിച്ചെറിഞ്ഞ് അവന്‍ അടുത്ത ഇരയെ തേടി നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."