ഒഡിഷ സ്വദേശിനിയെ ബലാത്സംഗം ചെയ്ത് വെട്ടിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിന തടവും
തൊടുപുഴ: ഒഡിഷ സ്വദേശിനിയായ എസ്റ്റേറ്റ് തൊഴിലാളിയെ ബലാത്സംഗം ചെയ്തശേഷം ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും ജീവപര്യന്തവും ശിക്ഷ. കുട്ടിക്കാനം കച്ചേരിക്കുന്ന് രജ്ഞിനി നിവാസില്‍ വിശ്വനാഥനെയാണ് (54) തൊടുപുഴ അഡിഷനല്‍ സെഷന്‍സ് കോടതി ജഡ്ജി വി.ജി ശ്രീദേവി ശിക്ഷിച്ചത്. കുട്ടിക്കാനം കള്ളിവേലില്‍ എസ്റ്റേറ്റിലെ തൊഴിലാളിയും ഒഡിഷ സ്വദേശിനിയും കുന്ദന്‍ മാജിയുടെ ഭാര്യയുമായ സബിത മാജി(32) യെയാണ് ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സഹായിയായി ഒപ്പമുണ്ടായിരുന്ന രണ്ടാം പ്രതി ഒഡിഷ സ്വദേശി പ്രഹ്ളാദ പത്ര കേസില്‍ മാപ്പുസാക്ഷിയായി. പ്രതിക്ക് ബലാത്സംഗത്തിന് 20 വര്‍ഷം കഠിന തടവും 1,00,000 രൂപ പിഴയും കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. മേല്‍കോടതിയില്‍നിന്ന് ഇളവ് ലഭിച്ചില്ലെങ്കില്‍ മരണം വരെ ജയിലില്‍ തുടരേണ്ടി വരും.
2017 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ഇതേ എസ്റ്റേറ്റിലെ ജോലിക്കാരനായ പ്രഹ്ളാദ പത്രയെ കൂട്ടുപിടിച്ചാണ് കൃത്യം നടത്തിയത്. സംഭവ ദിവസം എസ്റ്റേറ്റില്‍ അവധിയായിരുന്നതിനാല്‍ അവിടെ മറ്റ് തൊഴിലാളികള്‍ ഇല്ലാത്ത അവസരം മുതലെടുത്തായിരുന്നു കൃത്യം ആസൂത്രണം ചെയ്തത്. അവധി ദിവസങ്ങളില്‍ സാധാരണ വിറക് ശേഖരിക്കുന്നതിന് സബിത മാജി പോകുമായിരുന്നു. ഈ സമയം നോക്കി പിന്നാലെ എത്തി വാക്കത്തികൊണ്ട് തലയുടെ പുറകില്‍ അടിക്കുകയും ബോധം കെട്ട് വീണ സബിത മാജിയെ ഒന്നാം പ്രതി ബലാത്സംഗം ചെയ്യുകയുമായിരുന്നെന്നാണ് കേസ്. പിന്നീട് രണ്ടാം പ്രതിയുടെ സഹായത്തോടെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് എടുത്തുകൊണ്ടുപോകുന്നതിനിടെ യുവതിക്ക് ബോധം വരികയും ഒരു മരക്കൊമ്പില്‍ കൈ ബലമായി പിടിക്കുകയും ചെയ്തു. ഈ സമയം തന്റെ കൈയിലിരുന്ന വാക്കത്തികൊണ്ട് ഒന്നാം പ്രതി സബിതാ മാജിയുടെ കൈ വെട്ടി മുറിച്ചു. വേദനയില്‍ അലറിക്കരഞ്ഞ യുവതിയുടെ മുഖത്തും കഴുത്തിനും നിരവധിതവണ വെട്ടി ക്രൂരമായി കൊലപ്പെടുത്തി. ശരീരത്തില്‍ 56 ഓളം മുറിവുകളാണ് കണ്ടെത്തിയത്. പിന്നീട് മൃതദേഹം കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു.
ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യതെളിവുകളുടെയും രണ്ടാം പ്രതി കോടതി മുന്‍പാകെ മാപ്പുസാക്ഷിയായി കൊടുത്ത മൊഴിയും ശാസ്ത്രീയ തെളിവുകളുമാണ് നിര്‍ണായകമായത്. അവധി ദിവസം എസ്റ്റേറ്റിന് പുറത്ത് പണിക്ക് പോയ സബിതാ മാജിയുടെ ഭര്‍ത്താവ് കുന്ദന്‍ മാജി വൈകുന്നേരം പണി കഴിഞ്ഞ് വന്നപ്പോള്‍ എസ്റ്റേറ്റ് ലയം പൂട്ടികിടക്കുന്നതായി കണ്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
പീരുമേട് പൊലിസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിബുകുമാര്‍ വി. ആണ് പ്രതിക്കെതിരേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് . കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡിഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. മനോജ് കുര്യന് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."