എം.ഇ.എസിനെതിരേ വ്യാപക പ്രതിഷേധം
മൗലികാവകാശങ്ങളുടെ
ലംഘനം: സമസ്ത
കോഴിക്കോട്: പെണ്‍കുട്ടികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് എം.ഇ.എസ് കൈക്കൊണ്ട നടപടി ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൗരന്മാര്‍ക്ക് അനുവദിച്ച മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും എം.ഇ.എസിന്റെ കലാലയങ്ങളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മുഖം മറച്ച വസ്ത്രധാരണം അനുവദിക്കില്ലെന്ന സര്‍ക്കുലര്‍ അംഗീകരിക്കാനാവില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം അഭിപ്രായപ്പെട്ടു.
സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രധാരണ രീതികളെക്കുറിച്ച് ശരീഅത്ത് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീകളുടെ മുഖാവരണം സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനും നബിചര്യയും പ്രത്യേകം പരാമര്‍ശിച്ചിട്ടുള്ളതാണ് എന്നിരിക്കെ അത്തരം വിഷയങ്ങളില്‍ ഭേദഗതി വരുത്താന്‍ ആര്‍ക്കും അധികാരമില്ല.
തിരുവല്ല ക്രൈസ്റ്റ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തലമറക്കാനും ഫുള്‍സ്ലീവ് ഷര്‍ട്ട് ധരിക്കാനുമുള്ള അവസരം നിഷേധിക്കപ്പെട്ടപ്പോള്‍ രണ്ട് വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴുണ്ടായ വിധിക്കെതിരേയുള്ള അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണ്.
ഇതിന്റെ പേരില്‍ വ്യാപകമായ തെറ്റിദ്ധാരണ പരത്താനുള്ള എം.ഇ.എസിന്റെ ശ്രമം അപലപനീയമാണെന്നും യോഗം വിലയിരുത്തി.
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്‌ലിയാര്‍, എം.എം മുഹ്‌യുദ്ദീന്‍ മൗലവി, പി ഇബ്രാഹീം മുസ്‌ലിയാര്‍ വില്യാപ്പള്ളി, ചേലക്കാട് എ മുഹമ്മദ് മുസ്‌ലിയാര്‍, എം.എ ഖാസിം മുസ്‌ലിയാര്‍, ഒ. മുഹമ്മദ് എന്ന കുട്ടി മുസ്‌ലിയാര്‍, എം.പി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, വാവാട് പി.കെ കുഞ്ഞിക്കോയ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍, പി.കെ മൂസക്കുട്ടി ഹസ്രത്ത്, ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാര്‍, കെ. ഹൈദര്‍ ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍, ചെറുവാളൂര്‍ പി.എസ് ഹൈദര്‍ മുസ്‌ലിയാര്‍, ഇ.എസ് ഹസ്സന്‍ ഫൈസി, പി.കെ. ഹംസകുട്ടി ബാഖവി ആദൃശ്ശേരി, ഐ.ബി ഉസ്മാന്‍ ഫൈസി, ഒ.ടി മൂസ മുസ്‌ലിയാര്‍, ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍, എം.എം അബ്ദുല്ല ഫൈസി എടപ്പലം, മാഹിന്‍ മുസ്‌ലിയാര്‍ തൊട്ടി, എം.പി മുസ്തഫല്‍ ഫൈസി തിരൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഫസല്‍ ഗഫൂര്‍ നിലപാട് തിരുത്തണം: എം.ഇ.എസ് കാസര്‍കോട് ജില്ലാ കമ്മിറ്റി
കാഞ്ഞങ്ങാട്: മുസ്‌ലിം മതാചാരപ്രകാരമുള്ള സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള സര്‍ക്കുലര്‍ എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പിന്‍വലിക്കണമെന്ന് എം.ഇ.എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഡോ. ഖാദര്‍ മാങ്ങാട്, ജന.സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ എ. ഹമീദ് ഹാജി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
എം.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിം സ്ത്രീകളുടെ മുഖാവരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ എം.ഇ.എസിന്റെ ഔദ്യോഗിക നിലപാടല്ല. നയപരമായ തീരുമാനമാകണമെങ്കില്‍ അത് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണം. എന്നാല്‍ മാര്‍ച്ച് 30ന് കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിങ് കോളജില്‍ നടന്ന ജന. കൗണ്‍സില്‍ യോഗത്തിലോ ഏപ്രില്‍ എട്ടിന് പെരിന്തല്‍മണ്ണ മെഡിക്കല്‍ കോളജില്‍ നടന്ന എക്‌സിക്യൂട്ടിവ് യോഗത്തിലോ ഇത്തരത്തിലുള്ള ഒരു തീരുമാനവും എടുത്തിട്ടില്ല. എം.ഇ.എസ് പ്രസിഡന്റിന്റെ വ്യക്തിപരമായ നിലപാട് അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മതപരമായ വിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
നിരോധനത്തെ
അനുകൂലിച്ച് മന്ത്രി ജലീല്‍
കോഴിക്കോട്: മുഖം മറച്ചുള്ള വസ്ത്ര ധാരണം നിരോധിച്ചുകൊണ്ടുള്ള മുസ്‌ലിം എജ്യുക്കേഷനല്‍ സൊസൈറ്റിയുടെ നിലപാടിനെതിരേ മുസ്‌ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നതിനു പിന്നാലെ സര്‍ക്കുലറിനെ പിന്തുണച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീല്‍ രംഗത്തു വന്നു.
ഹജ്ജ് ചെയ്യുമ്പോഴും നിസ്‌കരിക്കുമ്പോഴും സ്ത്രീകള്‍ മുഖം മറയ്‌ക്കേണ്ടതില്ലെന്നാണ് ഇസ്‌ലാം പറയുന്നത്. സ്ത്രീകള്‍ മുഖവും പുറംകൈയും മറയ്ക്കരുതെന്നാണ് മതം അനുശാസിക്കുന്നത്. എന്നിട്ടും മുഖം മറയുന്ന ബുര്‍ഖ ധരിക്കണമെന്ന് ചിലര്‍ വാശിപിടിക്കുന്നത് ശരിയല്ലെന്നും കെ.ടി ജലീല്‍ പറഞ്ഞു. വസ്ത്രധാരണ രീതിയില്‍ ഏതെങ്കിലും ഒരു തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇതുസംബന്ധിച്ച് സമവായമുണ്ടാക്കാന്‍ മത സംഘടനകള്‍ തന്നെ മുന്‍കൈയെടുക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.
പരസ്പരം കാണരുതെന്ന് പറയുന്നവര്‍ വീട്ടിലിരിക്കണം: ഡോ. ഫസല്‍ ഗഫൂര്‍
മുക്കം: കാലഘട്ടങ്ങള്‍ക്കനുസരിച്ച് സമൂഹത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും അത് ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയാറാവണമെന്നും എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. പരസ്പരം കാണരുതെന്ന് പറയാന്‍ ആര്‍ക്കും അര്‍ഹതയില്ല. അങ്ങനെയുള്ളവര്‍ വീട്ടിലിരിക്കണം. ഏതെങ്കിലും ആളുകള്‍ വന്ന് കാണേണ്ട എന്ന് പറഞ്ഞാല്‍ അത് അംഗീകരിച്ച് കൊടുക്കാനാവില്ല. എം.ഇ.എസിന്റെ പ്രധാന അജണ്ട സ്ത്രീ ശാക്തീകരണമാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ എല്ലാവരുമായി സൗഹൃദത്തിലാണ്. എന്നാല്‍, അവര്‍ പറയുന്നത് എല്ലാം കേള്‍ക്കണമെന്ന് പറഞ്ഞാല്‍ സാധ്യമല്ലെന്നും കാലത്തിന്റെ വിളികള്‍ മനസിലാക്കണമെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. കളന്‍തോട് എം.ഇ.എസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ഓഡിറ്റോറിയവും ക്ലാസ് റൂമുകളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി. മാമുക്കോയ അധ്യക്ഷനായി. സെമിനാര്‍ ഹാളിന്റെ ഉദ്ഘാടനം കടവനാട് മുഹമ്മദ് നിര്‍വഹിച്ചു. സി.ടി സാക്കിര്‍ ഹുസൈന്‍, പി.കെ അബ്ദുലത്തീഫ്, പി.എച്ച് മുഹമ്മദ്, എന്‍.കെ അബൂബക്കര്‍ സംസാരിച്ചു.
സര്‍ക്കുലറിനെതിരേ
വി.ടി ബല്‍റാം
കോഴിക്കോട്: വസ്ത്രധാരണം വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും വ്യക്തി സ്വാതന്ത്ര്യത്തിനുമേല്‍ ഭരണകൂടങ്ങളോ മതങ്ങളോ മറ്റോ ഇടപെടുന്നത് ശരിയല്ലെന്നും വി.ടി ബല്‍റാം എം.എല്‍.എ. ഫേസ് ബുക്കിലാണ് അദ്ദേഹം എം.ഇ.എസ് മാനേജ്‌മെന്റിനു കീഴിലുള്ള കോളജുകളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലറിറക്കിയ പശ്ചാത്തലത്തില്‍ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയത്.
വ്യത്യസ്തമായ ഒരു വസ്ത്രം എന്ന നിലയില്‍ വ്യക്തികള്‍ സ്വേച്ഛാനുസരണം തെരഞ്ഞെടുക്കുന്നതാണ് അറേബ്യന്‍ വേരുകളുള്ള പര്‍ദ /ബുര്‍ഖ/ ഹിജാബ് എങ്കില്‍ അതണിയാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുക തന്നെ വേണമെന്നും ബല്‍റാം കുറിപ്പില്‍ പറയുന്നു. സൗകര്യപ്രദമായ ഒരു വസ്ത്രം എന്ന നിലയിലും പല സ്ത്രീകളും പര്‍ദ്ദ തെരഞ്ഞെടുക്കുന്നുണ്ട്. എന്നാല്‍, ഇത്തരം വസ്ത്രധാരണ രീതികള്‍ അത് ധരിക്കുന്നവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതാണോ എന്നത് കൂടി പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
നിഖാബ് നിരോധനം: തിരുമാനം
കമ്മിറ്റിയില്‍ ആലോചനയില്ലാതെ
കോഴിക്കോട്: എം.ഇ.എസിന്റെ സ്ഥാപനങ്ങളില്‍ ബുര്‍ഖ നിരോധനം ഏര്‍പ്പെടുത്തിയത് സംസ്ഥാന സമിതിയില്‍ കൂടിയാലോചനയില്ലാതെ. സംസ്ഥാന ജന.സെക്രട്ടറിയായ പ്രൊഫ. പി.ഒ.ജെ ലബ്ബ പോലും ഇത്തരം ഒരു സര്‍ക്കുലറിനെക്കുറിച്ച് അറിഞ്ഞത് ഇത് സോഷ്യല്‍ മീഡിയ വഴി പുറത്തു വന്ന ശേഷമാണ്. സുപ്രഭാതം പ്രതിനിധി സംസ്ഥാന സെക്രട്ടറിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരം ഒരു സര്‍ക്കുലറിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ആദ്യം അദ്ദേഹത്തിന്റെം പ്രതികരണം. എം.ഇ.എസ് സ്ഥാപനങ്ങളില്‍ ബുര്‍ഖ ധരിച്ചു ആരും വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സംസ്ഥാന സമിതിയില്‍ ബുര്‍ഖ നിരോധനവുമായി ബന്ധപ്പെട്ട കൂടിയാലോചനകളൊന്നും നടന്നിട്ടില്ലെന്നും വ്യക്തമാണ്. സംസ്ഥാന പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ ഏകപക്ഷീയമായാണ് തീരിമാനം നടപ്പിലാക്കിയത്. വനിതകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ വനിതാ വിഭാഗത്തിന്റെ അഭിപ്രായം ആരായുക പോലും ചെയ്തിട്ടില്ല. ഇതു പോലെ പല തീരുമാനങ്ങളും കൂടിയാലോചന പോലുമില്ലാതെയാണ് നടപ്പാക്കുന്നത്. എന്നാല്‍ ഫസല്‍ ഗഫൂറിന്റെ ജനാധിപത്യ വിരുദ്ധമായ സമീപനം കാരണം കമ്മിറ്റിയിലുള്ള പലരും ഇതു തുറന്നു പറയാന്‍ ഭയക്കുകയാണ്.
നിഖാബ് നിരോധനത്തോട് കമ്മിറ്റിയിലെ പലര്‍ക്കു വിയോജിപ്പുണ്ട്. എം.ഇ.എസ് സ്ഥാപനങ്ങളില്‍ ഈ വസ്ത്രം ധരിച്ചു കുട്ടികള്‍ വരാറില്ലെന്നും അതിനാല്‍ പരസ്യമായി സര്‍ക്കുലര്‍ ഇറക്കി വിവാദമാക്കേണ്ട ആവശ്യമില്ലെന്നുമാണ് പല നേതാക്കളുടെയും അഭിപ്രായം. എം.ഇ.എസ് സ്ഥാപനങ്ങളിലെ ചില അധ്യാപകര്‍ക്കും നിരോധന സര്‍ക്കുലറിനോട് വിയോജിപ്പുണ്ട്. സ്ഥാപനത്തിലേക്ക് മാത്രം അയച്ച സര്‍ക്കുലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത് ഒരു വിഭാഗം അധ്യാപകരും ജീവനക്കാരുമാണ്.
വനിതാ നേതാക്കളെ
പുറത്താക്കി എം.ഇ.എസിന്റെ പുതിയ സംസ്ഥാന കമ്മിറ്റി
കോഴിക്കോട്: എം.ഇ.എസിന്റെ സംസ്ഥാന കമ്മിറ്റിയില്‍ വനിതകള്‍ പുറത്ത്. സ്ത്രീ ശാക്തീകരണം നടത്തുന്നു എന്നു അവകാശപ്പെടുന്ന മുസ്‌ലിം എജ്യുക്കേഷനല്‍ സൊസൈറ്റിയില്‍ വനിതകളായി ഒരാള്‍ പോലുമില്ല. പുതുതായി രൂപീകരിച്ച മുപ്പതോളം അംഗങ്ങളുള്ള കമ്മിറ്റിയില്‍ വനിതയായ ഒരാളെപ്പോലും ഉള്‍പ്പെടുത്തിയിട്ടില്ല.
വനിതാ ലീഗ് നേതാവായ ഖമറുന്നീസ അന്‍വര്‍ നേരത്തെ കമ്മിറ്റിയിലുണ്ടായിരുന്നെങ്കിലും പുതിയ കമ്മിറ്റിയില്‍ അവര്‍ക്കും സ്ഥാനം ലഭിച്ചില്ല. വനിതാവിങ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും എം.ഇ.എസിന്റെ പ്രധാന ബോഡിയായ സംസ്ഥാന കമ്മിറ്റിയില്‍ വനിതാപ്രധിനിധ്യം ഇല്ലെന്നുള്ളതാണ് വസ്തുത. എം.ഇ.എസില്‍ അംഗങ്ങളായി ധാരാളം വനിതകളുണ്ടെങ്കിലും നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന കമ്മിറ്റിയില്‍ ഒരാള്‍ പോലും ഇല്ലെന്നത് എം.എസിന്റെ സത്രീ വിരുദ്ധ നിലപാടിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
എം.ഇ.എസ്
ഭരണഘടനാ അവകാശം
നിഷേധിക്കുന്നു:
ജമാഅത്തെ ഇസ്‌ലാമി
കോഴിക്കോട്: ബുര്‍ഖ ധരിക്കണമെന്ന് ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശം നിഷേധിക്കപ്പെടാന്‍ പാടില്ലെന്നും അതു നിര്‍ബന്ധമായി ധരിക്കണമെന്ന അഭിപ്രായം ജമാഅത്തെ ഇസ്‌ലാമിക്കില്ലെന്നും അസി. അമീര്‍ പി. മുജീബുറഹ്മാന്‍ പറഞ്ഞു.
എന്നാല്‍ മുഖം മുഴുവനും മറക്കുന്ന വസ്ത്രം ഇസ്‌ലാമികമല്ലെന്ന് കെ.എന്‍.എം നേതാവ് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു.
നിരോധനത്തിനെതിരേ മുസ്‌ലിം വനിതാ
നേതാക്കളും രംഗത്ത്
കോഴിക്കോട്: നിഖാബ് (മുഖാവരണം) അനുവദിക്കില്ലെന്ന എം.ഇ.എസ് സര്‍ക്കുലറിനെതിരേ മുസ്‌ലിം വനിതാ സംഘടനകളും രംഗത്ത്. എം.എസ്.എഫ് ദേശീയ ഉപാധ്യക്ഷ ഫാത്തിമ തഹ്‌ലിയ, ഹരിത മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഹഫ്‌സമോള്‍, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹ്മദ് എന്നിവരാണ് എം.ഇ.എസിനെതിരേ രംഗത്തെത്തിയത്.
വസ്ത്രം ഉരിയാനുള്ള നിരവധി സമരങ്ങള്‍ക്ക് ലഭിച്ച പിന്തുണ വസ്ത്രം ധരിക്കാനുള്ള അവകാശത്തിനും ലഭിക്കേണ്ടതുണ്ടെന്നും ഇവര്‍ ഫേസ്ബുക്ക് പോസ്റ്റുകളില്‍ പറയുന്നു. ആണധികാരത്തിന്റെ അമിത പ്രയോഗമാണ് എം.ഇ.എസിന്റെ നീക്കമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
സുരക്ഷാ പരിശോധനക്കിടയിലോ പരീക്ഷ പോലുള്ള മുഖം നിര്‍ബന്ധമായും വെളിവാക്കേണ്ട മറ്റ് സന്ദര്‍ഭങ്ങളിലോ മുഖം മറക്കരുത് എന്ന നിബന്ധന വയ്ക്കുന്നതിന്റെ യുക്തി മനസിലാക്കാം. മുഖാവരണം പൂര്‍ണമായും നിരോധിക്കുന്നത് അമിതാധികാര പ്രയോഗമാണെന്നും മുഖം മറച്ച് പുറത്തിറങ്ങുന്ന സ്ത്രീകളെ വീട്ടിലിരുത്താനേ നിരോധനം ഉപകരിക്കൂവെന്നും തഹ്‌ലിയ പറയുന്നു. ഉത്തരേന്ത്യയില്‍ പൂര്‍ണമായും മുഖം മറച്ച് സ്ത്രീകള്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നുണ്ട്. അപ്പോഴൊന്നും കാണാത്ത വ്യാകുലതയും ആകുലതയുമാണ് മുസ്‌ലിം സ്ത്രീയുടെ കാര്യത്തിലെന്നും ഫാത്തിമ തഹ്‌ലിയ പറയുന്നു.
ഉരിയല്‍ സ്വാതന്ത്ര്യം ആണെങ്കില്‍ ഉടുക്കല്‍ അവകാശമാണെന്നും നിഖാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ ക്ലാസ് നടക്കുമ്പോള്‍ മുഖാവരണം ഉയര്‍ത്തിയാണ് ഇരിക്കാറുള്ളതെന്നും ഹഫ്‌സമോള്‍ പറയുന്നു. വിശ്വാസത്തിന്റെ ഭാഗമായി സിഖുകാരന് കൃപാണം കൊണ്ടുനടക്കാന്‍ നിയമാനുസൃത പരിരക്ഷയുള്ള നാട്ടില്‍ എന്തിന് നിഖാബ് നിരോധിക്കണമെന്നും ഹഫ്‌സമോള്‍ ചോദിക്കുന്നു.
ഒരു മതവിഭാഗത്തിന്റെ വസ്ത്രധാരണം മാത്രം പ്രശ്‌നവല്‍ക്കരിക്കുന്നിടത്ത് രോഗം എന്തെന്ന് വ്യക്തമായിട്ടും ഇത്തരത്തിലൊരു സര്‍ക്കുലര്‍ എം.ഇ.എസിന്റെ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് അഫീദ അഹ്മദ് പറയുന്നു. ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യത്തെ ഒരു വശത്ത് വളരെ ആസൂത്രിതമായി ഇല്ലാതാക്കിക്കൊണ്ടിരിക്കുമ്പോള്‍ നമുക്ക് ആ സ്വാതന്ത്ര്യം ആവശ്യമില്ല എന്ന കീഴടങ്ങല്‍ സ്വരമാണ് ഇത്തരം സര്‍ക്കുലറുകള്‍ക്കുള്ളതെന്ന് അഫീദ അഹ്മദ് ചൂണ്ടിക്കാട്ടുന്നു.
നിരോധനം ഭരണഘടനയ്‌ക്കെതിര്: എസ്.കെ.എം.ഇ.എ
കാസര്‍കോട്: നിഖാബ് നിരോധിച്ച എം.ഇ.എസ് നിലപാട് ഭരണഘടനക്ക് എതിരാണെന്ന് കാസര്‍കോട് നടന്ന എസ്.കെ.എം.ഇ.എ കൗണ്‍സില്‍ ക്യാംപ് അഭിപ്രായപ്പെട്ടു.സ്ഥാപനങ്ങളുണ്ടാക്കുന്ന സര്‍ക്കുലറുകളേക്കാള്‍ പ്രസക്തമാണ് ഭരണഘടന നല്‍കുന്ന അവകാശം.
അത് ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടത് പൗരന്മാരുടെ ബാധ്യതയാണ്. ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി.സമസ്ത കേന്ദ്ര മുശാവറ അംഗം ഖാസി ത്വാഖാ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. മുസ്തഫ മുണ്ടുപാറ, മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍, ഫൈസല്‍ മുഹ്‌സിന്‍, ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. നാട്ടിക മുഹമ്മദലി, പ്രൊഫ. ഓമാനൂര്‍ മുഹമ്മദ്, കെ.പി മുഹമ്മദ് കണ്ണൂര്‍, പി.ടി മുഹമ്മദ് മാസ്റ്റര്‍, എം.സുബൈര്‍ തിരുവനന്തപുരം, റഹ്മാന്‍ ഇടുക്കി, അഡ്വ സജ്ജാദ് എറണാകുളം, ഹമീദ് ഫൈസി ആലംപാടി, മുഹമ്മദ് കുട്ടി നെല്ലിക്കുന്ന്, ബഷീര്‍ ദാരിമി തളങ്കര, എം.പി അബ്ദുല്‍ റഹ്മാന്‍ പാലക്കാട്, സാദിഖ് മലപ്പുറം, അഡ്വ. ഇബ്രാഹിം പല്ലംകോട്, അയൂബ് കൂളിമാട്, സിറാജുദ്ദീന്‍ ഖാസിലെയ്ന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."