നടിയെ ആക്രമിച്ച കേസ്: വിചാരണ സ്‌റ്റേ ചെയ്തു
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ വിചാരണ സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോയെന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണിത്.
ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നല്‍കണമെന്ന ദിലീപിന്റെ ഹരജിയില്‍ തീരുമാനമുണ്ടാകുന്നത് വരെയാണ് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, അജയ് രസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ച് വിചാരണ സ്റ്റേ ചെയ്തത്.
ഇന്നലെ കേസ് പരിഗണിക്കവെ മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോ എന്നതില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും വേനലവധി കഴിഞ്ഞ് കോടതി തുറക്കുമ്പോള്‍ മറുപടി നല്‍കാമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഇതോടെ വിചാരണ സ്‌റ്റേ ചെയ്യാമെന്നായി കോടതി. അതിന്റെ ആവശ്യമില്ലെന്നും മെമ്മറി കാര്‍ഡിന്റെ കാര്യത്തില്‍ തീരുമാനമാകുന്നത് വരെ കുറ്റം ചുമത്തുന്ന കാര്യത്തില്‍ പ്രതിഭാഗവുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ആറുമാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ സ്‌റ്റേ ചെയ്യണമെന്നായിരുന്നു കോടതി നിലപാട്. വേനല്‍ അവധിക്കുശേഷം ജൂലൈയിലാണ് കോടതി തുറക്കുക.
മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണോ രേഖയാണോ എന്നറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രിംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇന്നലെ കൃത്യമായ നിലപാട് അറിയിക്കാതെ സര്‍ക്കാര്‍ കൂടുതല്‍ സമയം ചോദിച്ചു. ഒന്നുകില്‍ തൊണ്ടി മുതല്‍, അല്ലെങ്കില്‍ രേഖ. രണ്ടിലൊന്ന് തീരുമാനിക്കണമെന്നായിരുന്നു കോടതി നിലപാട്. രേഖ വിചാരണയ്ക്ക് ഉപയോഗിക്കാം. തൊണ്ടി മുതല്‍ ഉപയോഗിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
കേസിന്റെ ഭാഗമായ രേഖയാണ് ദൃശ്യങ്ങളെന്നാണ് കേസിലെ മിക്ക രേഖകളിലുമുള്ളതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ മുകുള്‍ രോഹ്തകി പറഞ്ഞു. അതിനാല്‍ ഇതിന്റെ പകര്‍പ്പ് പ്രതിക്ക് കൈമാറണം. അത് പൂര്‍ണമായ വിചാരണയെന്ന പ്രതിയുടെ അവകാശമാണ്. ഒരു കടലാസ് കഷണം തൊണ്ടിയാണെങ്കിലും അതിലെഴുതപ്പെട്ടിട്ടുള്ളത് രേഖയാണ്. മെമ്മറി കാര്‍ഡ് തൊണ്ടി മുതലായാലും ദൃശ്യങ്ങള്‍ കേസിലെ രേഖയാണ്. ദൃശ്യങ്ങളുടെ പകര്‍പ്പ് മാത്രം തന്നാല്‍ മതിയെന്നും രോഹ്തകി വാദിച്ചു. വിഡിയോ ദിലീപിന്റെ അഭിഭാഷകനെ പൂര്‍ണമായി കാണാന്‍ അനുവദിച്ചില്ലെന്നും എഡിറ്റ് ചെയ്താണ് കാണിച്ചതെന്നും രോഹ്തകി വാദിച്ചു.
എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കിയാല്‍ അത് ചോരുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹരേന്‍ പി. റാവല്‍ പറഞ്ഞു. ദിലീപിന്റെ അഭിഭാഷകനെ ഇതിലെ ദൃശ്യങ്ങള്‍ കാട്ടിയതിന്റെ പിറ്റേന്നുമുതല്‍ ദൃശ്യത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങളിലെത്തി. ദിലീപിന്റെ അഭിഭാഷകര്‍ക്ക് ഫോറന്‍സിക് വിദഗ്ധര്‍ക്ക് ഒപ്പം ദൃശ്യങ്ങള്‍ കാണാം. പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിക്കാനും അനുവദിക്കാം. എന്നാല്‍ പകര്‍പ്പ് കൈമാറാനാവില്ലെന്നും റാവല്‍ പറഞ്ഞു.
കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കേസിന്റെ ഭാഗമായ രേഖയാണോ, തൊണ്ടിമുതലാണോ എന്നു മാത്രമാണെന്ന് കോടതി പറഞ്ഞു. രേഖയാണെങ്കില്‍ പകര്‍പ്പ് ഹരജിക്കാരന് കൊടുക്കണോ എന്ന് വിചാരണ കോടതി ജഡ്ജി തീരുമാനിക്കും. തൊണ്ടി മുതലാണെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ അത് രേഖപ്പെടുത്തി കേസ് തീര്‍പ്പാക്കുമെന്നും പിന്നീട് അത് വിചാരണയ്ക്ക് ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."