മലപോലെ മണല്‍; താഴെ റോഡും വീടുകളും
ബോവിക്കാനം: ജനവാസ മേഖലയില്‍ കൂട്ടിയിട്ട മണ്ണുകള്‍ അപകട ഭീഷണിയാവുന്നു. ബാവിക്കര കുന്നില്‍ നുസ്‌റത്ത് നഗറില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ അധീനതയിലുള്ള സ്ഥലത്ത് കുത്തനെ കൂട്ടിയിട്ട മണ്‍കൂനകളാണ് അപകട ഭീഷണിയായിമാറിയത്. ജല അതോറിറ്റിയുടെ കുടിവെള്ള പദ്ധതിക്കു വേണ്ടി നിര്‍മിക്കുന്ന ജലശുദ്ധീകരണ നിലയത്തിന്റെ ജലസംഭരണിക്കു വേണ്ടിയെടുത്ത കുഴിയിലെ ആയിരത്തിലധികം ലോഡ് മണ്ണുകളാണ് ഇവിടെ ഉയരത്തില്‍ കൂട്ടിയിട്ടിരിക്കുന്നത്.
മദ്‌റസ, സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം യാത്ര ചെയ്യുന്ന റോഡരികില്‍ പതിനഞ്ചടിയോളം ഉയരത്തില്‍ കൂട്ടിയിട്ട മണ്‍കൂനയ്ക്കു മുകളില്‍ ഇതുവഴി പോകുന്ന പിഞ്ചു കുട്ടികളടക്കടക്കം കയറി നില്‍ക്കുന്നതും കളിക്കുന്നതും അപകടത്തിനു കാരണമാവുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
അതിനു പുറമെ മഴവെള്ളം ഒലിച്ചുപോകുന്ന സ്ഥലത്ത് മണ്ണ് കൂട്ടിയിട്ടതിനാല്‍ ഇപ്പോള്‍ മഴവെള്ളം വഴിമാറി ബോവിക്കാനം-ബാവിക്കര റോഡിലൂടെയാണ് ഒഴുകുന്നത് ഇതു റോഡിന്റെ തകര്‍ച്ചയ്ക്കും കാരണമാവുകയാണ്. അപകടകരമാവും വിധത്തില്‍ ഉയരത്തില്‍ മണ്ണുകള്‍ കൂട്ടിയിടുന്നതിനു പകരം ഇവിടെയുള്ള താഴ്ന്ന ഭാഗങ്ങളില്‍ നിരത്തിയിടണമെന്ന് നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."