കെ ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുക: കെഎംസിസി
ദമാം: രാജ്യത്തിൻറെ നയതന്ത്ര നിയമങ്ങളുടെ ലംഘനവും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും തുടരുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്ന് കെഎംസിസി കിഴക്കൻ പ്രവിശ്യാ കമ്മിറ്റി ആവശ്യപ്പെട്ടു. ബന്ധുനിയമനം, സർവ്വകലാശാല മാർക്ക് ദാനം, മലയാള സർവകലാശാല ഭൂമി വിവാദം, സ്വർണക്കള്ളക്കടത്ത് കേസ് പ്രതികളുമായി തുടരുന്ന ദുരൂഹ ബന്ധങ്ങൾ തുടങ്ങി സംസ്ഥാന ഭരണ നിർവ്വഹണ പ്രോട്ടോക്കോളുകൾ ലംഘിച്ച ഒരു മന്ത്രിയെ എൽഡിഎഫിലെ മുഖ്യ പാർട്ടിയായ സിപിഎം സംരക്ഷിക്കുന്നത് ഇത്തരം ആരോപണങ്ങളിൽ മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമുണ്ടെന്ന ജനങ്ങളുടെ സംശയത്തിന് അടിവരയിടുന്നതാണെന്നും പ്രവിശ്യാ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് കുട്ടി കോഡൂർ, ആലിക്കുട്ടി ഒളവട്ടൂർ, സിപി ഷെരീഫ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാനത്തെ മാധ്യമപ്രവർത്തകരെയും ജനങ്ങളെയും കബളിപ്പിച്ചുകൊണ്ട് എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരുടെ മുൻപാകെ സർക്കാർ വാഹനം ഉപേക്ഷിച്ചുകൊണ്ട് സ്വകാര്യ മുതലാളി
യുടെ വാഹനത്തിൽ ഒളിവിൽ ഹാജരാകേണ്ട ദുരവസ്ഥ ഒരു സംസ്ഥാന മന്ത്രിക്ക് ഉണ്ടാവുക എന്നത് ജനാധിപത്യത്തിനേറ്റ കളങ്കമാണെന്നും കള്ളക്കടത്തുകാരുമായി ദുരൂഹ ബന്ധങ്ങൾ സ്ഥാപിക്കാൻ വിശുദ്ധ ഗ്രന്ഥത്തെ വരെ ദുരുപയോഗം ചെയ്യുന്നത് സംസ്ഥാനത്തെ മതേതര ജനാധിപത്യ വിശ്വാസികൾക്ക് നേരെ യുള്ള അവഹേളനമാണെന്ന് കെഎംസിസി അൽകോബാർ കേന്ദ്രകമ്മിറ്റി ഭാരവാഹികളായ സിദ്ദിഖ് പാണ്ടികശാല, സിറാജ് ആലുവ, നജീബ് ചീക്കിലോട് എന്നിവർ വ്യക്തമാക്കി. രാജ്യ രക്ഷ വരെ അപകടപ്പെടുന്ന കള്ളക്കടത്ത് സംഘങ്ങൾക്ക് ഒത്താശയും, അധികാരദുർവിനിയോഗവും സ്വജനപക്ഷപാതവും ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ജലീലിന് ഒരു നിമിഷംപോലും അധികാരത്തിൽ തുടരാൻ രാഷ്ട്രീയ ധാർമ്മികത യില്ലെന്നും കെഎംസിസി നേതാക്കൾ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."