ഹിസ്ബുല്‍ കമാന്‍ഡര്‍ ലത്തീഫ് ടൈഗര്‍ ഉള്‍പ്പെടെ മൂന്ന് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മുകശ്മിരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുല്‍ കമാന്‍ഡര്‍ ലത്തീഫ് ടൈഗര്‍ ഉള്‍പ്പെടെ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഷോപ്പിയാന്‍ ജില്ലയിലാണ് ഇന്നലെ ഭീകരരും സുരക്ഷാ സേനയുമായി രൂക്ഷമായ ഏറ്റുമുട്ടലുണ്ടായത്.
നേരത്തെ സൈന്യം കൊലപ്പെടുത്തിയ ഹിസ്ബുല്‍ കമാന്‍ഡര്‍ ആയിരുന്ന ബുര്‍ഹാന്‍ വാനിയുടെ അടുത്ത അനുയായി ആയിരുന്നു ലത്തീഫ് ടൈഗര്‍. പുല്‍വാമ ജില്ലയിലെ അവന്തിപ്പോറ സ്വദേശിയാണ് ഇയാള്‍. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരുക്കേറ്റിട്ടുണ്ട്. രാഷ്ട്രീയ റൈഫിള്‍സ്, സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, സംസ്ഥാന പൊലിസ്, സി.ആര്‍.പി.എഫ് എന്നിവര്‍ സംയുക്തമായിട്ടാണ് ഭീകരര്‍ക്കെതിരായ നടപടി തുടങ്ങിയത്.
ഏറ്റുമുട്ടലില്‍ ഭീകരര്‍ ഒളിച്ച് താമസിച്ചിരുന്ന വീട് പൂര്‍ണമായും തൊട്ടടുത്ത രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഏറ്റുമുട്ടലിനിടയില്‍ തദ്ദേശീയരായ ചിലര്‍ പ്രതിരോധവുമായി രംഗത്തെത്തിയെങ്കിലും സൈന്യത്തിന്റെ ശക്തമായ നീക്കത്തില്‍ അവര്‍ പിന്‍വാങ്ങി. ജനങ്ങളെ പിരിച്ചുവിടുന്നതിനായി ഉപയോഗിച്ച പെല്ലറ്റ് പ്രയോഗത്തില്‍ ഒരു യുവാവിന് പരുക്കേറ്റു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ കശ്മിരിലെ നാല് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ദക്ഷിണ കശ്മിര്‍ ജില്ല വഴി കടന്നുപോകുന്ന ശ്രീനഗര്‍-ബാനിഹാള്‍ ട്രെയിന്‍ സര്‍വിസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അനന്തനാഗ് ലോക്‌സഭാ സീറ്റില്‍ ഈ മാസം ആറിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ലത്തീഫ് ടൈഗര്‍ ഉള്‍പ്പെടെയുള്ള ഭീകരര്‍ ഈ മേഖലയില്‍ എത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."