ജില്ലാ വികസനസമിതി ചേര്‍ന്നു; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമാക്കും
കല്‍പ്പറ്റ: നിര്‍മാണ പ്രവര്‍ത്തനം സുരക്ഷിതമാണെന്ന് ഉറപ്പിക്കാന്‍ ജില്ലയില്‍ ഭൂവിനിയോഗത്തിന് രൂപരേഖ തയാറാക്കുന്നു.
ജില്ലയുടെ പ്രത്യേക പരിസ്ഥിതി ദുര്‍ബലാവസ്ഥ കണക്കിലെടുത്ത് അടിയന്തരമായി ഭൂ വിനിയോഗ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ ഇന്നലെ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു.
അതിതീവ്ര മഴയില്‍ ജില്ലയിലുണ്ടായ വ്യാപകമായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ നിര്‍മാണ പ്രവര്‍ത്തനം സുരക്ഷിതമാണെന്ന് ഉറപ്പിക്കാനാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത്. ഏതൊക്കെ മേഖലയില്‍ എത്ര ഉയരത്തിലും വിസ്തൃതിയിലും പരിസ്ഥിതി സൗഹൃദമായി നിര്‍മാണ പ്രവര്‍ത്തനം നടത്താമെന്നത് ശാസ്ത്രീയമായി പഠിച്ചതിനു ശേഷമായിരിക്കും ഇനി നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കുക.
മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ച അപേക്ഷകളില്‍ ധനസഹായം നല്‍കി തീര്‍പ്പാക്കി. മഴക്കെടുതി ദുരിതാശ്വാസമായി ഏഴു കോടി വിതരണം ചെയ്തുവെന്നും വികസന സമിതിയോഗത്തില്‍ മഴക്കെടുതി അവലോകനത്തില്‍ ജില്ലാ കലക്ടര്‍ പറഞ്ഞു.
സെപ്റ്റംബര്‍ നാലിന് ജില്ലയിലെ മുഴുവന്‍ പോതുജനാരോഗ്യ കേന്ദ്രങ്ങള്‍ വഴിയും എലിപ്പനി, വയറിളക്ക രോഗപ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യാന്‍ ജില്ലാ വികസന സമിതി ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി.തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ പുറമ്പോക്കിലുള്ള മരങ്ങള്‍ വെട്ടാന്‍ ഏകപക്ഷീയമായി അനുമതി നല്‍കുന്നത് നിയമ വിരുദ്ധമാണെന്നും ആവര്‍ത്തിച്ചാല്‍ നടപടി ഉണ്ടാകുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. വൈത്തിരിയില്‍ ഉണ്ടായ സംഭവത്തില്‍ സോഷ്യല്‍ ഫോറസ്ട്രി പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് കലക്ടര്‍ ഇത് അറിയിച്ചത്. റോഡിടിഞ്ഞ ഭാഗങ്ങളില്‍ പൊതുമരാമത്ത് റോഡ്, ദേശീപാത വിഭാഗങ്ങള്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉടന്‍ സ്ഥാപിക്കണമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. ചോര്‍ച്ചയുണ്ടായിട്ടുള്ള വീടുകളുടെ കണക്കെടുക്കണം. കാലിത്തീറ്റയ്ക്ക് ക്ഷാമം നേരിടുന്നതിനാല്‍ 60,000 ലിറ്റര്‍ കുറവ് പാല്‍ ഉല്‍പ്പാദനത്തിലുണ്ടായിട്ടുണ്ട്. കാപ്പി, തേയില എന്നിവയുടെ ഉല്‍പ്പാദനത്തിലും വന്‍തോതില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. നഷ്ടത്തിന്റെ കണക്കെടുക്കുമ്പോള്‍ ഇക്കാര്യം കൂടി പരിഗണിക്കണമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. നല്ലൂര്‍നാട് എം.ആര്‍.എസിന്റെ പണി സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് ഒ.ആര്‍ കേളു എം.എല്‍.എയ്ക്കു പൊതുമരാമത്ത് ഉറപ്പു നല്‍കി. വി ഫോര്‍ വയനാട് എന്ന കൂട്ടായ്മയിലേക്ക് നിരവധി വാഗ്ദാനങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അവയുടെ ഏകോപനവും വിതരണവും സുതാര്യമായ രീതിയില്‍ പുരോഗമിക്കുന്നതായും സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് വികസന സമിതിയെ അറിയിച്ചു.
മഡ് ബാങ്ക്, സാന്റ് ബാങ്ക് എന്നിവ പഞ്ചായത്ത് തലത്തില്‍ രൂപീകരിച്ച് അടിഞ്ഞുകൂടിയിട്ടുള്ള മണ്ണിന്റേയും മണലിന്റേയും നീക്കം സുതാര്യമാക്കണമെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി.യു ദാസ് യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എം സുരേഷ്, ജില്ലാ തല നിര്‍വഹണോദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."