സാരികണ്ടപ്പോള്‍ വനിതാ പൊലിസ് 'കവാത്ത് ' മറന്നു
കൊച്ചി: പ്രളയ ബാധിതര്‍ക്കായി എത്തിച്ച വസ്ത്രങ്ങളടങ്ങിയ ബണ്ടിലുകള്‍ തരം തിരിക്കുന്നതിനിടെ സാരിയും ചുരിദാരും കണ്ടപ്പോള്‍ കണ്ണു മഞ്ഞളിച്ചത് എറണാകുളം സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനിലെ വനിതാ പൊലിസുകാര്‍ക്ക്.
ഉടുതുണിക്ക് മറുതുണിയില്ലാതെ ദുരിതമനുഭവിക്കുന്നവരുടെ കാര്യം തല്‍ക്കാലം മറന്ന് തങ്ങള്‍ക്കുള്ള സെലക്ഷന്റെ തിരക്കിലായി പിന്നെ അവര്‍. ബണ്ടിലുകളിലെ നല്ലതുണികളൊക്കെ എത്തിയത് പൊലിസുകാരികളുടെ വീട്ടിലും.
സംഭവം പുറത്തറിഞ്ഞതോടെ വസ്ത്രങ്ങള്‍ അടിച്ചു മാറ്റിയ 12 പേരെ സ്ഥലം മാറ്റിയിരിക്കുകയാണ്.
ആരോപണ വിധേയരായ മുഴുവന്‍ വനിതാ പൊലിസുകാരെയും സ്ഥലം മാറ്റിക്കൊണ്ട് എറണാകുളം സിറ്റി പൊലിസ് കമ്മിഷണറാണ് ഉത്തരവിറക്കിയത്. എറണാകുളം സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് മറ്റുപൊലിസ് സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റിയത്.
സെന്‍ട്രല്‍ സി.ഐ അനന്തലാല്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്കു നല്‍കാന്‍ എറണാകുളം സിറ്റി അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ പൊലിസ് സമാഹരിച്ച ദുരിതാശ്വാസ സാമഗ്രികളില്‍ നിന്നാണു സാരിയുള്‍പ്പെടെ തുണിത്തരങ്ങള്‍ വനിതാ പൊലിസ് അടിച്ചു മാറ്റിയത്.
കോയമ്പത്തൂരില്‍ നിന്നെത്തിയ ബണ്ടിലില്‍നിന്നു തുണിത്തരങ്ങള്‍ തരം തിരിക്കാന്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലിസുകാരെയാണ് ചുമതലപ്പെടുത്തിയത്. ഇതിനിടെയാണു വസ്ത്രങ്ങളുമായി ചില വനിതാ പൊലിസുകാര്‍ വീടുകളിലേക്കു പോയത്.
സ്റ്റേഷനില്‍ അറ്റാച്ച് ചെയ്ത പിങ്ക് പൊലിസിലെ വനിതാ പൊലിസുകാരും ഇതില്‍പ്പെടും. സ്റ്റേഷനിലെ സി.സി.ടി.വി കാമറകളില്‍ ഇവര്‍ വസ്ത്രങ്ങളുമായി പോകുന്ന ദൃശ്യങ്ങളും പതിഞ്ഞിരുന്നു.
പി.എ അജയകുമാര്‍, സി.എസ് സുനിത, സരിത, അഖില ദാസ് (ഇ.ടി നോര്‍ത്ത് പി.എസ്), പ്രിയ പി. കൃഷ്ണന്‍ (ഇ.ടി. സൗത്ത് പി.എസ്), എന്‍.ബി ജിഷ (ഇ.ടി സൗത്ത് പി.എസ്), ബിന്ദു സി. നായര്‍(തോപ്പുംപടി പി.എസ്), സന്ധ്യാമോള്‍, സിന്ധു(കളമശേരി പി.എസ്), എലിസബത്ത് ബിനു, രാജിമോള്‍ (വനിതാ പി.എസ്.) എന്നിവരെയാണ് സ്ഥലം മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."