ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനം: കേസില്‍ വീണ്ടും അട്ടിമറി
കല്‍പ്പറ്റ: ദേശീയപാത 766ലെ രാത്രിയാത്രാ നിരോധന കേസില്‍ വീണ്ടും അട്ടിമറി. മെയ് ഒന്നിന് സുപ്രിംകോടതി കേസ് പരിഗണിച്ചപ്പോള്‍ കേരളാ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കാതെ കേസ് മാറ്റിവെപ്പിക്കുകയായിരുന്നു.
സുപ്രിംകോടതി നിയോഗിച്ച വിദഗ്ദ സമിതി ദേശീയപാതയില്‍ ബന്ദിപ്പൂരിലും വയനാട്ടിലുമായി വനത്തില്‍ ഒരു കിലോമീറ്റര്‍ വീതം നീളമുള്ള അഞ്ച് മേല്‍പ്പാലങ്ങള്‍ പണിത് രാത്രിയാത്രാ നിരോധനം നീക്കാനാണ് ശുപാര്‍ശ ചെയ്തിരുന്നത്. ഇതിന് വരുന്ന ചെലവ് ഏകദേശം 460 കോടിയാണെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ ചെലവിന്റെ പകുതി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ബാക്കി പകുതി തുക കേരള സര്‍ക്കാര്‍ നല്‍കണമെന്നും കര്‍ണാടക സര്‍ക്കാര്‍ മേല്‍പ്പാല നിര്‍മാണവുമായി സഹകരിക്കണമെന്നുമാണ് സുപ്രിംകോടതി കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഈ നിര്‍ദേശം സുപ്രിംകോടതി മുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 22ന് ഇതേ കമ്മിറ്റി സെക്രട്ടറി തലത്തിലുള്ള ഒരു യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ആ യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് പങ്കെടുത്തത്. ഈ യോഗത്തിന്റെ തീരുമാനമായി നിലവിലുള്ള അവസ്ഥ തുടരണമെന്ന നിര്‍ദേശമാണ് മെയ് ഒന്നിന് സുപ്രിംകോടതി മുന്‍പാകെ സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെ സ്വാധീനിച്ച് രാത്രിയാത്രാ നിരോധനം നിലനിലനിര്‍ത്താന്‍ ഒരു ലോബി ശ്രമിക്കുന്നുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ഈ ആരോപണം ബലപ്പെടുത്തുന്നതാണ് സര്‍ക്കാര്‍ നടപടികള്‍.
സുപ്രിംകോടതി നിയോഗിച്ച വിദഗ്ധ സമിതി 2018 മാര്‍ച്ച്് ആറിന് ബംഗളൂരുവില്‍ സിറ്റിങ് നടത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി പങ്കെടുത്ത ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍ നിരോധനം തുടരട്ടെ എന്നും പകരമായി തലശ്ശേരി-മൈസൂരു റെയില്‍ പാതക്ക് സുപ്രിംകോടതി അനുമതി നല്‍കിയാല്‍ മതിയെന്നും ആവശ്യപ്പെട്ടിരുന്നു. മുഖ്യ വനംവകുപ്പ് കണ്‍സര്‍വേറ്റര്‍ നിരോധനം വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെയായി ദീര്‍ഘിപ്പിക്കണമെന്നും അന്ന് ആശ്യപ്പെട്ടു. ഇത് വിവാദമാവുകയും ജനരോഷം ശക്തമാകുകയും ചെയ്തപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് നിലപാട് തിരുത്താനായി ഉദ്യോഗസ്ഥരെക്കൊണ്ട് കത്ത് കൊടുപ്പിച്ചു. എന്നാല്‍ അവസാനം സുപ്രിംകോടതിയില്‍ ഹാജരാക്കിയ മിനുട്‌സില്‍ ഇവരുടെ പഴയ നിലപാട് തന്നെയാണുള്ളത്. ഇതോടെ നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സമരങ്ങള്‍ ആരംഭിച്ചു. ഇതേതുടര്‍ന്ന് കമ്മിറ്റി നിര്‍ദേശം അംഗീകരിച്ച് മേല്‍പ്പാല പദ്ധതിയുടെ ചെലവിലേക്ക് ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തുകയും ചെയ്തു.
സുപ്രിംകോടതി സമിതി നിര്‍ദേശത്തിന് കേന്ദ്രസര്‍ക്കാരും കേരളാ സര്‍ക്കാരും അനുകൂലമാവുകയും 460 കോടി രൂപയുടെ ഫണ്ട് വിഹിതം സംയുക്തമായി നല്‍കാന്‍ തയാറാവുകയും ചെയ്തതോടെ കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ച് രാത്രിയാത്രാ നിരോധനം നീക്കം ചെയ്യാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞിരുന്നു. ഇതോടെ മെയ് ഒന്നിനു സുപ്രിംകോടതി കേസ് പരിഗണിച്ചപ്പോള്‍ ഇക്കാര്യം ഉന്നയിച്ച് വാദം നടത്താന്‍ ആക്ഷന്‍ കമ്മറ്റിയുടേതടക്കം സീനിയര്‍ അഭിഭാഷകര്‍ തയാറുമായി. എന്നാല്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സമയം ആവശ്യപ്പെടുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ചെയ്തത്.
തുടര്‍ന്ന് കമ്മിറ്റിയുടെ തീരുമാനത്തിന്മേല്‍ അഭിപ്രായം അറിയിച്ചുകൊണ്ടുള്ള സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിന് നാല് ആഴ്ചത്തെ സമയവും സത്യവാങ്മൂലത്തിന്മേല്‍ പ്രതികരണം അറിയിക്കാന്‍ ആക്ഷന്‍ കമ്മിറ്റി അടക്കമുള്ള കക്ഷികള്‍ക്ക് വീണ്ടും നാല് ആഴ്ച സമയവും അനുവദിച്ച് കോടതി ഉത്തരവിടുകയായിരുന്നു.
രാത്രിയാത്രാ നിരോധന കേസില്‍ സര്‍ക്കാരിന്റെ ഈ മലക്കംമറിച്ചില്‍ വന്‍ അട്ടിമറിയാണെന്നാണ് നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയടക്കമുള്ളവരുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."