ആരോപണങ്ങള്‍ തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തും: ജലീല്‍
തിരുവനന്തപുരം: താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്ന നുണക്കഥകളില്‍ ഒരു തരിമ്പെങ്കിലും തനിക്ക് പങ്കുണ്ടെന്നു തെളിയിച്ചാല്‍ ആ നിമിഷം പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും മന്ത്രി കെ.ടി ജലീല്‍.
സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ചെറിയൊരു വീഴ്ചയെങ്കിലും തനിക്കുണ്ടായി എന്ന് മുസ്‌ലിം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞാല്‍ രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്തും.
ഇ.ഡി ചോദ്യം ചെയ്ത കാര്യം താന്‍ ആരോടും പറഞ്ഞിട്ടില്ല. തികച്ചും രഹസ്യമായാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ എന്നെ അറിയിക്കുന്നത്. അക്കാര്യം ഞാനും രഹസ്യമാക്കി. അവര്‍ക്ക് വിവരം കൈമാറിയതും രഹസ്യമായാണ്. അവര്‍ പറഞ്ഞ രഹസ്യം ഞാനായിട്ട് പൊളിക്കണ്ട എന്നു മാത്രമാണ് കരുതിയത്.
അതില്‍ അല്‍പം കുസൃതി മാത്രമാണ് സൂക്ഷിച്ചത്. പക്ഷേ, അപ്പോഴേക്കും മാധ്യമങ്ങളോട് താനൊരു കള്ളം പറഞ്ഞുവെന്ന പേരിലാണ് എന്നെ വിചാരണ ചെയ്തത്-ജലീല്‍ പറഞ്ഞു.
കാര്യങ്ങള്‍ വിസ്തരിച്ച് പറയേണ്ടതുണ്ട്. താനും ഒരു മനുഷ്യനാണ്.
ഒരു കുടുംബമുണ്ട്. അന്യന്റെ ഒരു മുതലും അപഹരിക്കരുതെന്ന് പിതാവില്‍നിന്ന് ലഭിച്ച ഉപദേശം ഇന്നും പുലര്‍ത്തിപ്പോരുന്നു.
ഇക്കാര്യത്തില്‍ പിതാവിന് കൊടുത്ത ഉറപ്പ് ഇപ്പോഴും എനിക്ക് പാലിക്കാനായിട്ടുണ്ട്. എന്റെ വീട്ടില്‍ ആരും സ്വര്‍ണം ഉപയോഗിക്കാറില്ല. ഭാര്യ ഉപയോഗിക്കാറില്ല. ഭാര്യക്ക് മുപ്പത് പവന്റെ സ്വര്‍ണമുണ്ടായിരുന്നു. അതെല്ലാം വീടുവച്ചപ്പോള്‍ വില്‍ക്കേണ്ടി വന്നു. രണ്ടു പെണ്‍മക്കളും സ്വര്‍ണം ഉപയോഗിക്കാറില്ല-ജലീല്‍ വ്യക്തമാക്കി.
മുസ്‌ലിം ലീഗില്‍ നിന്നാണ് തനിക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍. ലീഗില്‍ ഇന്നുവരെ ഒരാളെയും തെറ്റു ചെയ്തതിന്റെ പേരില്‍ പുറത്താക്കിയ ചരിത്രമില്ല.
ഇപ്പോള്‍ തനിക്കെതിരേ സമര രംഗത്തുള്ളവരെക്കുറിച്ചും എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കോണ്‍ഗ്രസും ബി.ജെ.പിയും തനിക്കെതിരേ സമരം നടത്തുന്നതു തന്നെ അറിയാഞ്ഞിട്ടാണെങ്കിലും പറയാം.
എന്നാല്‍ എന്നെ കൂടുതലായി മനസിലാക്കിയ ലീഗ് നേതാക്കള്‍ എന്നെക്കുറിച്ച് ഞാനൊരു അഴിമതി നടത്തിയെന്നു പറയുമോ?-ജലീല്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."