മാടന്‍വിള കടവുപാലം സാമൂഹ്യ വിരുദ്ധര്‍ കൈയടക്കുന്നു
പെരുമാതുറ: ഒരു ഇടവേളക്ക് ശേഷം അഴൂര്‍ മാടന്‍വിള കടവുപാലം മദ്യ മയക്കുമരുന്ന് മാഫിയകളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറുന്നു.
അഴൂര്‍ കഠിനംകുളം പൊലിസ് സ്റ്റേഷനുകളുടെ പരിധിയില്‍ ഉള്ള ഈ പ്രദേശത്ത് പൊലിസിന്റെ ഇടപെടല്‍ കാര്യക്ഷമമാണെങ്കിലും സംഘങ്ങളെ നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ചിറയിന്‍കീഴ് അഴൂര്‍, ചിറയിന്‍കീഴ്, പെരുമാതുറ വാസികള്‍ കടത്തു വള്ളം മാര്‍ഗമാണ് എട്ടു വര്‍ഷങ്ങള്ക്കു മുന്‍പു വരെയും ഇതുവഴി ഇരു കരകളിലേക്കും എത്തിക്കൊണ്ടിരുന്നത്. എന്നാല്‍ കോടികള്‍ ചിലവിട്ടു കഠിനംകുളം കായലിനു കുറുകെ പാലം നിര്‍മിച്ചു സഞ്ചാര യോഗ്യമായതോടെ ആയിരകണക്കിന് യാത്രക്കാര്‍ക്കാണ് ഇതിലൂടെ ആശ്വാസമായത്.
എന്നാല്‍ പാലം നിര്‍മാണം തുടങ്ങിയ നാള്‍ മുതല്‍ പാലം പൂര്‍ത്തീകരിച്ചു ഇന്നുവരെ ഇവിടം ചുറ്റിപറ്റി സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്. രാത്രി കാലമായാല്‍ ഇതുവഴിയുള്ള സഞ്ചാരം തന്നെ അപകടാവസ്ഥയിലുമാണ്. പ്രദേശത്തെ വ്യാജ മദ്യ കച്ചവടക്കാരും കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്നവരും ഈ പാലം ചുറ്റിപ്പറ്റിയാണ് ഇടപാടുകള്‍ നടത്തുന്നത്. പ്രദേശത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഇവിടെ മദ്യപിക്കുവാനും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുവാനും വാങ്ങുവാനും നിരവധി ചെറുപ്പക്കാരാണ് ദിവസവും വന്ന് പോകുന്നത്.
സന്ധ്യ കഴിഞ്ഞാല്‍ വഴിയാത്രക്കാര്‍ക്കും ബൈക്ക് യാത്രികര്‍ക്കും നേരെ പല അവസരങ്ങളിലും സാമൂഹ്യ വിരുദ്ധരുടെ ആക്രമണം നടന്നിട്ടുണ്ട്. ഇതോടെ രാത്രികാലങ്ങളില്‍ ഇതുവഴി യാത്ര ചെയ്യുവാന്‍ പലര്‍ക്കും പേടിയായിരിക്കുകയാണ്. പാലത്തിനു മുകളില്‍ വെളിച്ചമില്ലാത്തതും സാമൂഹ്യ വിരുദ്ധര്‍ക്ക് അനുകൂലമാകുന്നു. ലക്ഷങ്ങള്‍ മുടക്കി സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചെങ്കിലും പലതും മിഴിയടച്ച അവസ്ഥയാണ്. കൂടാതെ ഇത് നശിപ്പിക്കുന്നതും പതിവാണ്.
വയറിങ്ങുകള്‍ പൊളിച്ചു മാറ്റിയും സ്ട്രീറ്റ് ലൈറ്റും സോളാര്‍ ലൈറ്റുകളും അടിച്ചു തകര്‍ത്തുമാണ് വികസനത്തിനെതിരേ സാമൂഹ്യ വിരുദ്ധര്‍ പ്രതിഷേധിക്കുന്നത്. പലയാവര്‍ത്തി സോളാര്‍ ലൈറ്റുകളും അധികൃതര്‍ പുനഃസ്ഥാപിച്ചെങ്കിലും ഒരാഴ്ചക്കകം വീണ്ടും ലൈറ്റുകള്‍ തല്ലിത്തകര്‍ത്ത രീതിയിലാണ് കാണപ്പെട്ടത്. ഇതോടെ ബന്ധപ്പെട്ടവര്‍ റിപ്പയറിങ് നിര്‍ത്തിവച്ചു.
നിലവില്‍ ഒന്നോ രണ്ടോ സ്ട്രീറ്റ് ലൈറ്റുകള്‍ മാത്രമാണ് പ്രകാശിക്കുന്നത്. ഒരുകര കഠിനംകുളം പൊലിസ് സ്റ്റേഷന്റെയും മറുകര അഴൂര്‍ പൊലിസ് സ്റ്റേഷന്റെയും അതിരുകളായതിനാല്‍ ഇരു സ്റ്റേഷനുകളുടെയും ശ്രദ്ധ ഏറെ ഇല്ലാത്ത അവസ്ഥയാണ് ഇതുകാരണം സാമൂഹ്യ വിരുദ്ധര്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."