കൊറോണ വൈറസ് വികസിപ്പിച്ചത് വുഹാനിലെ ലാബില്‍: ചൈനീസ് വൈറോളജിസ്റ്റ്
ബെയ്ജിങ്: കൊറോണ വൈറസ് പ്രകൃതിയില്‍ സ്വാഭാവികമായുണ്ടായ വൈറസല്ലെന്നും ഇതിനെ വുഹാനിലെ സര്‍ക്കാര്‍ നിയന്ത്രിത ലബോറട്ടറിയില്‍ വികസിപ്പിച്ചെടുത്തതാണെന്നും ചൈനീസ് വൈറോളജിസ്റ്റിന്റെ വെളിപ്പെടുത്തല്‍. ഇതിന് തന്റെ കൈയില്‍ തെളിവുണ്ടെന്നും ഇപ്പോള്‍ യു.എസില്‍ കഴിയുന്ന വൈറോളജിസ്റ്റ് ഡോ. ലി മെങ് യാന്‍ പറഞ്ഞു.
ദീര്‍ഘകാലമായി കൊറോണ വൈറസുമായി ബന്ധപ്പെട്ട് പഠനം നടത്തിവരുന്ന ലി മെങ് ഹോങ്കോങ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലാണ് ഗവേഷണം നടത്തിയിരുന്നത്. ഗവഷണത്തിനിടെയാണ് വൈറസ് ചൈനയില്‍ വികസിപ്പിച്ചെടുത്തതാണെന്ന് അവര്‍ക്ക് ബോധ്യമായത്. ഈ വൈറസിന്റെ ജനിതകഘടന മനുഷ്യന്റെ വിരല്‍തുമ്പ് പോലെയാണ്. ഇത് തന്നെ വൈറസ് മനുഷ്യസൃഷ്ടിയാണെന്നതിന് തെളിവാണെന്നു ലി മെങ് ചൂണ്ടിക്കാട്ടുന്നു.
നേരത്തെ യു.എസ് ഉള്‍പ്പെടെ ഈ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും ചൈന നിഷേധിച്ചിരുന്നു. കൊവിഡ് ലോകത്ത് പിടിമുറുക്കിയിട്ട് ഒന്‍പത് മാസം തികയാനിരിക്കെയാണ് ലി മെങ് സര്‍ക്കാര്‍ രഹസ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞദിവസം ബ്രിട്ടിഷ് ടോക്ക് ഷോയായ 'ലൂസ് വിമന്‍' എന്ന പരിപാടിയില്‍ ലി മെങ് കൊറോണ വൈറസിന്മേലുള്ള തന്റെ പരീക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നു. സുരക്ഷ കണക്കിലെടുത്തുകൊണ്ടാണ് തനിക്ക് യു.എസിലേക്ക് പോകേണ്ടി വന്നതെന്നും ലി ഷോയില്‍ വ്യക്തമാക്കി.
ഹോങ്കോങ്ങിലെ പൊതുജനാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ സൂപ്പര്‍വൈസര്‍ ഡിസംബര്‍ 31ന് വുഹാനില്‍ കണ്ടെത്തിയ പുതിയതരം സാര്‍സ് വൈറസിനെക്കുറിച്ച് പഠിക്കാന്‍ ലിയോട് നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ വൈറസിനെ കണ്ടെത്തിയപ്പോള്‍ അതിന്റെ അപകടസാധ്യത സംബന്ധിച്ച് ചൈനീസ് അധികൃതരെ ബോധ്യപ്പെടുത്തിയെങ്കിലും തന്റെ മുന്നറിയിപ്പ് അവഗണിക്കുകയായിരുന്നു. വൈറസിനെ കുറിച്ച് അറിഞ്ഞെങ്കിലും ലോകാരോഗ്യ സംഘടന മൗനംപാലിക്കുകയായിരുന്നു. വുഹാനിലെ മാംസമാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് വന്നതെന്നത് പുകമറയാണെന്നും അതിനെ വികസിപ്പിച്ചെടുത്തതാണെന്ന് ചില രഹസ്യാന്വേഷണ ഉദ്യോഗസ്ഥരിലൂടെയും ഡോക്ടര്‍മാരിലൂടെയും അറിയാന്‍ സാധിച്ചെന്നും ലി മെങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."