ഡൊമനിക് തീമിന് യു.എസ് ഓപണ്‍ കിരീടം
ന്യൂയോര്‍ക്ക്: ആസ്ട്രിയന്‍ താരം ഡൊമനിക് തീമിന് യു.എസ് ഓപണ്‍ കിരീടം. കഴിഞ്ഞ ദിവസം നടന്ന കിരീടപ്പോരാട്ടത്തില്‍ ജന്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനെ പരാജയപ്പെടുത്തിയായിരുന്നു തീം കിരീടം സ്വന്തമാക്കിയത്. തോല്‍വിയിലേക്ക് നീങ്ങുകയായിരുന്ന തീം ശക്തമായി തിരിച്ച് വന്നായിരുന്നു സ്വരേവില്‍ നിന്ന് കിരീടം പിടിച്ച് വാങ്ങിയത്.
ജര്‍മ്മന്‍ താരവും അഞ്ചാം സീഡുമായ സ്വരേവിനെതിരേ ആദ്യ സെറ്റുകള്‍ കൈവിട്ട ശേഷമായിരുന്നു തീം മത്സരത്തിലേക്ക് തിരിച്ച് വന്ന് കിരീടം സ്വന്തമാക്കിയത്. ആദ്യ രണ്ട് സെറ്റുകള്‍ കൈവിട്ട ശേഷം മൂന്നാം സെറ്റില്‍ ബ്രൈക്ക് പോയിന്റ് വഴങ്ങി പിന്നില്‍ നിന്ന ശേഷമാമായിരുന്നു തീമിന്റെ തിരിച്ചുവരവ്. 1949നു ശേഷം ആദ്യമായാണ് യു.എസ് ഓപ്പണില്‍ ആദ്യ രണ്ടു സെറ്റ് തോറ്റ ശേഷം തിരിച്ച്‌വന്നു ഒരു താരം കിരീടം നേടുന്നത്.
ഇതോടെ 2014നു ശേഷം ടെന്നീസ് പുരുഷ വിഭാഗത്തില്‍ പുതിയ ഒരു ഗ്രാന്റ്‌സ്‌ലാം ജേതാവ് ഉണ്ടായി. 2016നു ശേഷം ഇത് ആദ്യമായാണ് ഫെഡറര്‍, നദാല്‍, ദ്യോക്കോവിച്ച് എന്നിവരല്ലാത്ത മറ്റൊരു താരം ഗ്രാന്റ്‌സ്‌ലാം കിരീടം ഉയര്‍ത്തുന്നത്. ഇതോടെ 27 കാരനായ തീം യു.എസ് ഓപ്പണ്‍ നേടുന്ന ആദ്യ ഓസ്ട്രിയന്‍ താരമാവുകയും ചെയ്തു.
ആദ്യ സെറ്റ് മുതല്‍ തീമിനെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു സ്വരേവ് പുറത്തെടുത്തത്ത്. ആദ്യ സെറ്റില്‍ തീമിന്റെ രണ്ടാം സര്‍വീസ് തന്നെ സ്വരേവ് ബ്രേക്ക് ചെയ്തു. തീമിന്റെ പിഴവുകള്‍ മുതലെടുത്ത് ആദ്യ സെറ്റ് 6-2ന് സ്വരേവ് സ്വന്തമാക്കി.
രണ്ടാം സെറ്റിലെ ആദ്യ സര്‍വില്‍ തന്നെ ഇരട്ടപ്പിഴവ് വരുത്തിയ തീം സ്വരേവിന് ബ്രേക്ക് പോയിന്റിനുള്ള അവസരം നല്‍കി. ഇതോടെ രണ്ടാം സെറ്റിന്റെ തുടക്കത്തിലും സ്വരേവിന് ആധിപത്യം ലഭിച്ചു. ഇതില്‍ പിടിച്ച് തുങ്ങിയ സ്വരേവ് 6-4ന് രണ്ടാം സെറ്റും സ്വന്തമാക്കി. മൂന്നാം സെറ്റിന്റെ സ്വരേവിന്റെ പിഴവുകളില്‍ പിടിച്ച് കയറിയ തീം മൂന്നാം സെറ്റ് 6-4 ന് സ്വന്തമാക്കി. ഇതോടെ മത്സരം ഫോട്ടോ ഫിനിഷിലേക്ക് നീണ്ടു. മത്സരത്തില്‍ കൂടുതല്‍ മികവിലേക്ക് ഉയര്‍ന്ന് ശക്തനാകുന്ന തീമിന് മുന്നില്‍ സ്വരേവിന് കാലിടറിത്തുടങ്ങി. ഉജ്ജ്വലമായി തിരിച്ചുവന്ന തീം 6-3ന് നാലാം സെറ്റും സ്വന്തമാക്കി. ഇതോടെ മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടു. ഇതോടെ ആദ്യ രണ്ട് സെറ്റ് സ്വന്തമാക്കിയ സ്വരേവിന് തീമിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതായി.
അഞ്ചാം സെറ്റില്‍ രണ്ട് താരങ്ങളും ശക്തമായി പോരാടി. അഞ്ചാം സെറ്റില്‍ സ്വരേവ് വരുത്തിയ പിഴവുകളില്‍ നിന്നായിരുന്നു തീം പോയിന്റ് സ്വന്തമാക്കിയത്. ഒടുവില്‍ മത്സരം ടൈ ബ്രേക്കറിലേക്ക് നീങ്ങി. യു.എസ് ഓപ്പണില്‍ ഇത് ആദ്യമായാണ് പുരുഷ വിഭാഗം ജേതാവിനെ ടൈബ്രേക്കറിലൂടെ തിരഞ്ഞെടുക്കുന്നത്.
ടൈബ്രേക്കറില്‍ വീണ്ടും സ്വരേവ് ഇരട്ടപ്പിഴവുകള്‍ വരുത്തി. 7(8)-6(6) എന്ന സ്‌കോറിനായിരുന്നു അഞ്ചാം സെറ്റ് തീം സ്വന്തമാക്കിയത്. നാലു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിന് ശേഷമായിരുന്നു പുതിയ ചാംപ്യനെ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."