കാലിബ്രേഷന്‍ പരിശോധന വിജയകരം
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ കാലിബ്രേഷന്‍ വിമാനം ഉപയോഗിച്ചു നടത്തിയ ക്ഷമതാ പരിശോധന വിജയകരം. ഡോണിയര്‍ ബീച്ച് ക്രാഫ്റ്റ് വിഭാഗത്തിലെ ബി 350 എന്ന ചെറുവിമാനം ഉപയോഗിച്ചാണ് വിമാനത്താവളത്തില്‍ സ്ഥാപിച്ച ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം(ഐ.എല്‍.എസ്) ഉള്‍പ്പെടെയുള്ള വിവിധ ഉപകരണങ്ങളുടെ പരിശോധന നടത്തിയത്.
ഏതു സമയത്തും ഏതു കാലാവസ്ഥയിലും വിമാനങ്ങള്‍ സുരക്ഷിതമായി പറന്നിറങ്ങാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്ന ഉപകരണമാണ് ഐ.എല്‍.എസ്. ഗ്ലൈഡ് പാത്ത്, വിവിധ സിഗ്‌നല്‍ ലൈറ്റുകള്‍, ലോക്കലൈസര്‍ തുടങ്ങിയ ഉപകരണങ്ങളുടെ ക്ഷമതയും സംഘം പരിശോധിച്ചു.
രണ്ടുദിവസങ്ങളിലായി ആറു കിലോമീറ്റര്‍ വ്യാസത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിനു ചുറ്റും അഞ്ചുമണിക്കൂറോളമാണ് സംഘം വിമാനം പറത്തിയത്.
ഇന്നലെ കാലാവസ്ഥാ വ്യതിയാനം കാരണം വൈകിയ പരിശോധന ഉച്ചയ്ക്ക് 12.50 മുതലാണ് ആരംഭിച്ചത്. വൈകിട്ട് 6.30ന് അവസാനിച്ചു. പരിശോധന നടത്തിയ സംഘം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും.
തുടര്‍ന്ന് അന്തിമ പരിശോധനയ്ക്കായി ഡി.ജി.സി.എ സംഘം പരിശോധനയ്ക്കായി കണ്ണൂരിലെത്തും. കിയാല്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ കെ.പി ജോസ്, എയര്‍ട്രാഫിക് കണ്‍ട്രോള്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി. പ്രദീപ് കുമാര്‍, ടീമംഗങ്ങളായ കിരണ്‍ ശേഖര്‍, എസ്.എല്‍ വിഷ്ണു, നിധിന്‍ ബോസ്, കമ്യൂണിക്കേഷന്‍-നാവിഗേഷന്‍ നിരീക്ഷണ സംഘത്തിലെ അംഗങ്ങളായ മുരളീധരന്‍, എം.കെ മോഹനന്‍, ടിജോ ജോസഫ്, ജാക്‌സണ്‍ പോള്‍, മീന ബെന്നി, ഓപറേഷന്‍സ് വിഭാഗം സീനിയര്‍ മാനേജര്‍ ബിനു ഗോപാല്‍, മാനേജര്‍ ബിജേഷ്, ചീഫ് സെക്യൂരിറ്റി ഓഫിസര്‍ വേലായുധന്‍ മണിയറ, ഫയര്‍ ആന്‍ഡ് റസ്‌ക്യു വിഭാഗം മാനേജര്‍ ഇ. ഷൗക്കത്തലി തുടങ്ങിയവര്‍ ചേര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി സംഘത്തെ യാത്രയാക്കി. വരുംദിവസങ്ങളിലും വിവിധ കേന്ദ്ര ഏജന്‍സികള്‍ അന്തിമ പരിശോധനയ്ക്കായി കണ്ണൂരിലെത്തുന്നുണ്ട്. ഇതിനുപുറമേ വലിയ യാത്രാവിമാനവും അടുത്ത മാസം കണ്ണൂരിലെ റണ്‍വേയില്‍ ഇറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."