മുഖാവരണം: മുജാഹിദ് വിഭാഗങ്ങള്‍ക്കെതിരേ വിസ്ഡം ഗ്രൂപ്പ് രംഗത്ത്
കോഴിക്കോട്: മുഖാവരണ വിഷയത്തില്‍ മുജാഹിദ് വിഭാഗത്തെ തള്ളിപ്പറഞ്ഞ് വിസ്ഡം ഗ്രൂപ്പ് രംഗത്ത്. ഹജ്ജിന് മുഖം മറക്കുന്നത് വിലക്കിയത് മുന്‍നിര്‍ത്തി വിവാദ സര്‍ക്കുലറിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് പണ്ഡിതര്‍ക്ക് ചേര്‍ന്നതല്ലെന്നും പുരോഗമന വാദികള്‍ക്കുവേണ്ടി ഇസ്‌ലാമിനെ വളച്ചൊടിക്കരുതെന്നും സംഘടന പ്രസ്താവനയില്‍ പറഞ്ഞു.
ഈ സംഭവത്തിന് മതവുമായി ബന്ധമില്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം മാത്രമാണെന്ന് പ്രസ്താവന ഇറക്കുന്നതും വിഷയത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. വ്യക്തി സ്വാതന്ത്ര്യത്തെയും മൗലികാവകാശത്തെയും ഹനിക്കുന്നതിനാല്‍ എം.ഇ.എസിന്റെ സ്ഥാപനങ്ങളില്‍ നിഖാബ് ധരിച്ചെത്തുന്നവര്‍ക്ക് പഠനം നിഷേധിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും മുജാഹിദിന്റെ മൂന്നാം ഗ്രൂപ്പായ വിസ്ഡം സംസ്ഥാന ജന.സെക്രട്ടറി ടി.കെ അശ്‌റഫ് പറഞ്ഞു.
മുന്‍ഗാമികളില്‍ നിന്നുള്ള തിരിഞ്ഞുനടത്തമാണ് ഇക്കാര്യത്തില്‍ ചിലര്‍ നടത്തുന്നത്. മുഖാവരണം ഖുര്‍ആനില്‍തന്നെ പ്രതിപാദിച്ചിട്ടുണ്ട്. മുഖം മറക്കുന്നതിനെ മതവിരുദ്ധതയായും തീവ്രവാദമായും ചിത്രീകരിക്കുന്നത് ശരിയല്ല. മുഖം മറക്കാത്തവരെ ഇസ്‌ലാമിക വേഷം ഉള്‍കൊള്ളാത്തവരായി ഗണിക്കാനും കഴിയില്ല. രണ്ടിനും ഇസ്‌ലാം സ്വാതന്ത്ര്യം നല്‍കുന്നുണ്ട് . ഇതില്‍ വിവാദവും തര്‍ക്കവും ഉണ്ടാക്കുന്നത് വിവേകമുള്ളവര്‍ക്ക് ചേര്‍ന്നതല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. നേരത്തെ മുജാഹിദ് സി.ഡി ടവര്‍, മര്‍ക്കസുദ്ദഅ്‌വ വിഭാഗങ്ങള്‍ മുഖാവരണ നിരോധനത്തെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു. മുഖാവരണം പ്രമാണങ്ങളില്‍ പറയാത്തതിനാല്‍ അംഗീകരിക്കേണ്ടെന്ന നിലപാടിലിയാരുന്നു മുജാഹിദ് ഗ്രൂപ്പുകള്‍. അതിനിടെയാണ് വിസ്ഡം ഇതിനെതിരേ രംഗത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."