റിമാന്‍ഡ് കഴിഞ്ഞ് ഇറങ്ങിയ പ്രതി മൊഴിനല്‍കിയ യുവാവിനെ അക്രമിച്ചു
അമ്പലപ്പുഴ: ദുരിതാശ്വാസ ക്യാംപിലേക്കുള്ള സാധനങ്ങള്‍ മോഷ്ടിച്ചു കടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയയാളും ക്ഷേത്രം പ്രസിഡന്റും ചേര്‍ന്ന് സാക്ഷിപറഞ്ഞ യുവാവിനെ മര്‍ദിച്ചു. പുറക്കാട് കിഴക്കേടത്തുമഠത്തില്‍ ശ്രീകുമാര്‍ പ്രഭുവിന്റെ മകന്‍ ശ്രീകേശ് പ്രഭു ( 21)വിനാണ് മര്‍ദനമേറ്റത്. കവിളിലും കഴുത്തിലും അടിയും ചവിട്ടുമേറ്റ ശ്രീകേശിനെ അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററില്‍ പ്രവേശിപ്പിച്ചു.
കഴിഞദിവസം ദുരിതബാധിതര്‍ക്കായി വിതരണം ചെയ്യാനെത്തിച്ച അരിയുള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കള്‍ മോഷ്ടിച്ച് റിമാന്‍ഡിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുയും ചെയ്ത അമ്പലപ്പുഴ കോമന കൃഷ്ണകൃപയില്‍ രാജീവ് പൈ (65), ഇയാളുടെ സുഹൃത്തും ശ്രീ വേണുഗോപാല ദേവസ്വം പ്രസിഡന്റുമായ എന്‍.എസ് ജയകുമാറും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് ശ്രീകേശ് പ്രഭു അമ്പലപ്പുഴ പൊലിസിനു നല്‍കിയ പരാതിയില്‍ പറഞ്ഞു. ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു സംഭവം.
ക്ഷേത്രം വൈസ് പ്രസിഡന്റുകൂടിയായ ശ്രീകുമാര്‍ പ്രഭുവും മകന്‍ ശ്രീകേശ് പ്രഭുവും ക്ഷേത്രത്തില്‍ തൊഴാനെത്തിയതായിരുന്നു. ഈ സമയം ക്ഷേത്രം ഓഫിസിലേക്കു കടക്കാന്‍ ശ്രമിച്ച രാജീവ് പൈയെ ശ്രീകുമാര്‍ തടഞ്ഞു. തുടര്‍ന്നുള്ള വാക്കേറ്റത്തിനൊടുവില്‍ ഇരുവരും ചേര്‍ന്ന് ശ്രീകുമാറിനെ അസഭ്യം പറയുകയും കൈയ്യേറ്റത്തിനു ശ്രമിക്കുകയുമായിരുന്നു. ഇത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ജയകുമാര്‍ ഫോണ്‍ തട്ടി തെറുപ്പിക്കുകയും ഇരുവരും ചേര്‍ന്ന് ശ്രീകേശിനെ മര്‍ദിക്കുകയുമായിരുന്നു.
ഓഫിസ് മുറിയില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പുകമ്പികൊണ്ട് അടിക്കാന്‍ ശ്രമിക്കുന്നതിനിടെ ശ്രീകുമാറും ശ്രീയേശും പുറത്തേക്കോടി രക്ഷപെട്ടു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും ഡിവൈ.എഫ്.ഐ മേഖലാ സെക്രട്ടറി അന്‍സാര്‍, പ്രസിഡന്റ് ബിബീഷ് എന്നിവരും ചേര്‍ന്ന് നിലത്ത് വീണുകിടന്ന ശ്രീകേശിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ യോഗം ചേര്‍ന്ന് രാജീവ് പൈയെ ദേവസ്വം മാനേജര്‍ സ്ഥാനത്തുനിന്ന് പുറത്താക്കി. എന്നാല്‍ രാജീവ് പൈ അഴിമതി നടത്താന്‍ ക്ഷേത്രം പ്രസിഡന്റിന്റെ ഒത്താശയോടെ ദേവസ്വം മാനേജര്‍ സ്ഥാനത്തെത്തിയതാണെന്നും ആരും തെരഞ്ഞെടുത്തതല്ലെന്നും കമ്മിറ്റിയംഗങ്ങള്‍ പറഞ്ഞു.
ദുരിതാശ്വാസ ക്യാംപിലേക്കു നല്‍കാനായി ശേഖരിച്ച സാധനങ്ങള്‍ സൂക്ഷിച്ചത് ക്ഷേത്രത്തിന്റെ അധീനതയിലുളള മുറിയിലല്ലെന്നും രാജീവ് പൈയുടെ ഉടമസ്ഥതയിലുള്ള വേണുഗോപാല സേവാ ശ്രമം എന്ന സ്വകാര്യ ലോഡ്ജിലാണന്നും അവര്‍ പറഞ്ഞു. ഇവിടെ രണ്ടു മുറികളിലായി സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് പുറക്കാട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സന്തോഷിന്റെ ഒത്താശയോടെ രാജീവ് പൈ മോഷ്ടിച്ചത്. സംഭവത്തില്‍ വെള്ളിയാഴ്ചയാണ് രാജീവ് പൈക്ക് ജാമ്യം ലഭിച്ചത്. സന്തോഷ് ഇപ്പോഴും റിമാന്‍ഡിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."