അപേക്ഷകള്‍ അപ്രത്യക്ഷമായ സംഭവം; വീണ്ടും വിദഗ്ധ പരിശോധനയ്ക്ക് പി.എസ്.സി
കുറ്റിപ്പുറം: എല്‍.പി, യു.പി സ്‌കൂള്‍ അധ്യാപക തസ്തികയിലേക്കു നല്‍കിയ അപേക്ഷകള്‍ അപ്രത്യക്ഷമായ സംഭവത്തില്‍ സാങ്കേതിക സമിതി റിപ്പോര്‍ട്ട് തള്ളി പി.എസ്.സി.
സംഭവത്തില്‍ വീണ്ടും വിദഗ്ധ പരിശോധന നടത്താന്‍ തീരുമാനം. നേരത്തെ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം ഭാഗികമായി ചര്‍ച്ച ചെയ്തുവെങ്കിലും കൂടുതല്‍ പരിശോധന വേണമെന്ന ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു.യോഗത്തില്‍ പങ്കെടുത്ത അംഗങ്ങളില്‍ പലരും പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതല്‍ സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി പരിശോധന നടത്തണമെന്നാവശ്യപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സാങ്കേതിക സമിതിയെക്കൊണ്ട് വീണ്ടും പരിശോധിപ്പിക്കാന്‍ തീരുമാനം കൈക്കൊണ്ടത്.
പി.എസ്.സിക്ക് തപാല്‍ വഴിയും ഇമെയില്‍ വഴിയും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ 157 അപേക്ഷകരുടെ പ്രൊഫൈലുകളാണ് സാങ്കേതിക സമിതി നേരത്തെ പരിശോധനയ്ക്ക് വിധേയമാക്കിയത്. അപേക്ഷകള്‍ കാണാതായ സംഭവത്തില്‍ പി.എസ്.സിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും സര്‍വറില്‍ സാങ്കേതിക പ്രശ്‌നമുള്ളതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഈ റിപ്പോര്‍ട്ടാണ് പി.എസ്.സിയുടെ ഇന്നലെ ചേര്‍ന്ന യോഗം തള്ളിയത്. തുടര്‍ന്ന് വിശദമായ പരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ സാങ്കേതിക സമിതിയുടെ വിദഗ്ധ പരിശോധനയ്ക്കും റിപ്പോര്‍ട്ടിനും ശേഷം വിഷയത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുമെന്ന് ചെയര്‍മാന്‍ എ.കെ സക്കീര്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.
സംഭവത്തില്‍ പി.എസ്.സി ശരിയായ നിലപാട് സ്വീകരിക്കാതെ ഉദ്യോഗാര്‍ഥികളെ വട്ടം കറക്കുകയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 2020 നവംബര്‍ ഏഴിന് പി.എസ്.സി നടത്തുന്ന പരീക്ഷയുടെ ഓണ്‍ലൈന്‍ അപേക്ഷകളുടെ കണ്‍ഫര്‍മേഷന്‍ നല്‍കേണ്ട തിയതി അവസാനിച്ചിട്ടും പരാതിക്കാരുടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പി.എസ്.സി ശ്രമിക്കുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
ഒരു ലക്ഷത്തിലധികം പേരാണ് എല്‍.പി.എസ്.എ, യു.പി എസ്.എ അധ്യാപക തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. വിവിധ ജില്ലകളില്‍നിന്നായി 400 പേരാണ് അപേക്ഷകള്‍ അപ്രത്യക്ഷമായതോടെ കണ്‍ഫര്‍മേഷന്‍ മെസേജ് നല്‍കാന്‍ കഴിയാതെ പടിക്കുപുറത്തു നില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."