കരകയറാന്‍ കൈത്താങ്ങായി സഹായം
കോഴിക്കോട്: അന്തര്‍ദേശീയ സേവന സംഘടനയായ റോട്ടറി ഇന്റര്‍നാഷനലിന്റെ ഭാഗമായ പേരാമ്പ്ര റോട്ടറി ക്ലബ് ദുബൈ ആസ്ഥാനമായുള്ള അല്‍-ഫുത്തൈം ട്രേഡിങ് കമ്പനിയുടെ സഹായത്തോടെ ഇറക്കുമതി ചെയ്ത 14 ലക്ഷം രൂപയോളം വിലവരുന്ന പുത്തന്‍ വസ്ത്രങ്ങള്‍, വിവിധ പ്രദേശങ്ങളിലെ ദുരിതബാധിതര്‍ക്ക് വേണ്ടി കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കോഴിക്കോട് അഡീഷനല്‍ തഹസില്‍ദാര്‍ ഇ. അനിതകുമാരിയെ ഏല്‍പ്പിച്ചു. രേഖകള്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ യു. വി ജോസിന് പേരാമ്പ്ര റോട്ടറി ക്ലബ് ഭാരവാഹികള്‍ കൈമാറി. റോട്ടറി ഡിസ്ട്രിക് ഓഫിസര്‍ വി.പി ശശിധരനാണ് രേഖകള്‍ കൈമാറിയത്.
റോട്ടറി ഡിസ്ട്രിക്ട് ഓഫിസര്‍ വി.പി ശശീധരന്‍, എന്‍ജിനീയര്‍ കെ. രാമചന്ദ്രന്‍, പ്രസിഡന്റ് എം. ഗിരീഷ്‌കുമാര്‍, സെക്രട്ടറി സി.സി രജീഷ്, മുന്‍ പ്രസിഡന്റ് എം. ഷംസുദീന്‍ സംബന്ധിച്ചു.
കോഴിക്കോട്: ട്രോമോകെയര്‍ കോഴിക്കോട് (ട്രാക്ക്) മുഖാന്തിരം ദുരിതബാധിതരെ സഹായിക്കാന്‍ ഗള്‍ഫില്‍ നിന്ന് വന്ന സാധനങ്ങള്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി ജോസിന് കൈമാറി. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ അഡീ. തഹസില്‍ദാര്‍ ഇ. അനിതകുമാരി, ട്രോമോകെയര്‍ കോഴിക്കോട് പ്രസിഡന്റ് അഡ്വ. സി.എം പ്രദീപ്കുമാര്‍, ട്രോമോകെയര്‍ കോഴിക്കോട് പാട്രണ്‍ ആര്‍. ജയന്ത് കുമാര്‍, അബൂദബി യുനിവേഴ്‌സല്‍ ഹോസ്പിറ്റല്‍ പ്രതിനിധി ജംഷാസ് മുഹമ്മദ്, ട്രോമോകെയര്‍ എക്‌സിക്യൂട്ടീവ് മെംബര്‍മാരായ ടി.എസ് വെങ്കിടാചലം, മഹീന്ദ്ര ലിമ്പാച്ചിയ എന്നിവര്‍ പങ്കെടുത്തു.
കോഴിക്കോട് സ്വദേശി അബൂദബി യുനിവേഴ്‌സല്‍ ഹോസ്പിറ്റല്‍ എം.ഡി ഡോ. ഷബീര്‍ നെല്ലിക്കോട്, ട്രോമോകെയര്‍ കോഴിക്കോട് എക്‌സിക്യൂട്ടീവ് മെംബര്‍ ഇ.കെ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ദുബൈ, അബൂദബി എന്നിവിടങ്ങളിലുള്ള വിവിധ സന്നദ്ധ സംഘടനകളില്‍ നിന്നു സാധനങ്ങള്‍ ശേഖരിച്ചത്. 445 ബോക്‌സുകളിലായി 12.8 ടണ്‍ സാധനങ്ങളാണ് കോഴിക്കോട് എത്തിച്ച് കലക്ടര്‍ക്ക് കൈമാറിയത്. വസ്ത്രങ്ങള്‍, കമ്പിളി പുതപ്പുകള്‍, ഭക്ഷണസാധനങ്ങള്‍, ഔഷധങ്ങള്‍ തുടങ്ങിവയാണ് ബോക്‌സുകളില്‍ എത്തിച്ചത്.
കട്ടാങ്ങല്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് എന്‍.ഐ.ടി സമാഹരിച്ച 21,90,570 രൂപ ഡയരക്ടര്‍ ഡോ. ശിവജി ചക്രവര്‍ത്തി ജില്ലാ കലക്ടര്‍ യു.വി ജോസിന് കൈമാറി. രജിസ്ട്രാര്‍ കേണല്‍ പങ്കജാക്ഷന്‍, അക്കാദമിക് ഡീന്‍ ഡോ.പി.എസ് സതീദേവി, ആര്‍ ആന്‍ഡ് സി ഡീന്‍ ഡോ. എസ് അശോക്, എം.വി പ്രസാദ് സംബന്ധിച്ചു. എന്‍.ഐ.ടി യിലെ അധ്യാപകരില്‍ നിന്നും അനധ്യാപകരില്‍ നിന്നും സംഭാവനയായി ലഭിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
സഹായഹസ്തവുമായി സ്വകാര്യ ബസുകള്‍
കോഴിക്കോട്: കുറ്റ്യാടി-കോഴിക്കോട് റൂട്ടിലുള്ള സ്വകാര്യബസുകള്‍ ഇന്നലെ സര്‍വിസ് നടത്തിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിക്കാന്‍. ടൗണ്‍ ഹാളിനു സമീപം ജില്ലാ കലക്ടര്‍ യു.വി ജോസ് ബസുകളുടെ യാത്രയുടെ ഫ്‌ളാഗ് ഓഫ് ചെയ്തു. കോഴിക്കോട്-കുറ്റ്യാടി ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.കെ ബീരാന്‍കോയ, സെക്രട്ടറി എ.സി ബാബു രാജ്, ജോയിന്റ് സെക്രട്ടറി റെനീഷ്, ഇ.ടി റിയാസ് എന്നിവര്‍ സംബന്ധിച്ചു.
ജീവനക്കാരുടെ വേതനവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. അന്‍പതോളം സ്വകാര്യബസുകളാണ് ധനസമാഹരണം നടത്തിയത്.
ദുബൈ കെ.എം.സി.സി അഞ്ച് കോടി രൂപയുടെ വിഭവങ്ങള്‍ കൈമാറി
കോഴിക്കോട്: പ്രളയക്കെടുതിമൂലം സംസ്ഥാനത്ത് ദുരിതമനുഭവിക്കുന്നവര്‍ക്കായി ദുബൈ കെ.എം.സി.സി സ്വരൂപിച്ച വിഭവങ്ങള്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന് കൈമാറി. പ്രളയത്തിനു ശേഷം തിരികെ വീടുകളിലേക്ക് മടങ്ങുമ്പോള്‍ ആവശ്യമായി വരുന്ന സാധനങ്ങളാണ് നാല് ട്രക്കുകളിലായി ഇന്നലെ കോഴിക്കോട്ടെത്തിച്ചത്. ഡോ. എം.കെ മുനീര്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള മിഷന്‍ കോഴിക്കോടുമായി സഹകരിച്ചുകൊണ്ടാണ് വിഭവങ്ങള്‍ കെ.എം.സി.സി സംസ്ഥാനത്ത് എത്തിച്ചത്. മരുന്നും ഭക്ഷണവുമല്ലാതെ വീടുകളിലേക്കാവശ്യമുള്ള അവശ്യവസ്തുക്കള്‍ ഉള്‍പ്പെടുന്ന വിഭവങ്ങളാണ് ദുബൈയില്‍ നിന്നും എത്തിച്ചത്. സംസ്ഥാനത്തിന് അഞ്ച് കോടിയോളം രൂപയുടെ സഹായമാണ് ദുബൈ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ എത്തുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു ട്രക്കുകള്‍ കോഴിക്കോട്ടെത്തി. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെത്തിച്ച സാധനങ്ങള്‍ പ്രളയക്കെടുതിയുണ്ടായ വിവിധ ജില്ലകളിലേക്ക് അയക്കും. ഡോ. എം.കെ മുനീര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ യു.വി ജോസ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, തഹസില്‍ദാര്‍ ഇ. അനിതകുമാരി സംബന്ധിച്ചു.
ഓണേശ്വരന്റെ ദക്ഷിണയും ദുരിതാശ്വാസ നിധിയിലേക്ക്
കോഴിക്കോട്: ഓണേശ്വരന്‍ പേരാമ്പ്ര, വടകര, കുറ്റ്യാടി, നാദാപുരം മേഖലകളിലെ ക്ഷേത്ര അനുഷ്ഠാന തെയ്യം കെട്ടിയാട്ട് സംഘം മലയന്‍ സമുദായ പ്രതിനിധികള്‍ കുടുംബാംഗങ്ങളില്‍നിന്ന് സ്വരൂപിച്ച തുകയും ഓണേശ്വരന്റെ ദക്ഷിണയുമായ ഒരുലക്ഷം രൂപയുടെ ചെക്ക് മന്ത്രി ടി.പി രാമകൃഷ്ണനു കൈമാറി. കോഴിക്കോട് ടൗണ്‍ ഹാളിലെത്തിയ കലാകാരന്മാര്‍ ചെണ്ട വാദ്യഘോഷങ്ങളോടെയാണ് തുക കൈമാറിയത്. തെയ്യം കെട്ടിയാടുന്ന സംഘത്തിലെ കുടുംബാംഗങ്ങള്‍ സ്വരൂപിച്ച തുകയില്‍ നിന്നാണ് സംഭാവന നല്‍കിയത്. ഒ.കെ ഗംഗാധരന്‍, പ്രദീപ് മുക്കാളി, കെ.സി ദാസന്‍, രതീഷ്, ദിനേശന്‍ ഹരിദാസന്‍, അനില്‍കുമാര്‍ തുടങ്ങി അന്‍പതോളം കലാകാരന്മാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."