ഖനനം നിര്‍ബാധം തുടരുന്നു
നാദാപുരം: ദുരന്തങ്ങള്‍ക്കിടയിലും മലമുകളിലെ ഖന പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ തുടരുന്നു. കേഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ തമ്മില്‍ അതിര്‍ത്തികള്‍ പങ്കിടുന്ന വളയം, ചെക്യാട്, തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തുകളിലാണ് അനിയന്ത്രിതമായ കരിങ്കല്‍ഖനം പരിസ്ഥിതിക്ക് ഭീഷണിയാകുന്നത്.
ചെക്യാട് മൂന്നും വളയത്ത് നാലും തൃപ്രങ്ങോട്ടൂരില്‍ നൂറ്റി മുപ്പതിലധികവും ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ഭൂരിപക്ഷത്തിലും മതിയായ രേഖകളോ അനുമതിയോ ഇല്ല. കണ്ണവം വനമേഖലയുടെ ഉള്‍ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലമുകളിലാണ് ഇവയിലേറെയും പ്രവര്‍ത്തിക്കുന്നത്.ദുര്‍ഘടമായ പാതയിലൂടെ ഇവിടെ എത്തി പരിശോധനകള്‍ നടത്തുക ഏറെ ദുഷ്‌കരമായതിനാല്‍ ഖനന പ്രവര്‍ത്തനം പുറത്തറിയാറില്ല. മാത്രമല്ല പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുള്ള സംസ്ഥാനത്തെ വന്‍ സാമ്പത്തിക ലോബിയാണ് പണം ഇവിടെ മുടക്കുന്നത്.
പൊട്ടിച്ചെടുക്കുന്ന പാറകള്‍ ടിപ്പറുകളില്‍ പ്രത്യേക കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്രഷറുകളില്‍ എത്തിച്ചു നിര്‍മാണ ആവശ്യങ്ങള്‍ക്കുള്ള മെറ്റല്‍, എം സാന്‍ഡ്, തുടങ്ങിയവയാക്കി മാറ്റുകയാണ് ചെയ്യുന്നത്.
നേരത്തെ ഗാഡ്ഗില്‍ കമ്മിറ്റിയും തുടര്‍ന്ന് കസ്തൂരി രംഗന്‍ കമ്മിറ്റിയും പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുത്തിയ, വാഴമല, നരിക്കോട്ടുമല, ആയോട് മല ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഇത്തരം ക്വാറികള്‍ പരിസ്ഥിതിക്ക് വന്‍ ആഘാതമാണ് വരുത്തുന്നത്. പാതയൊരുക്കാന്‍ നീര്‍ചാലുകളെല്ലാം നികത്തുന്നതിനാല്‍ താഴോട്ടേക്കു ഒഴുകിയിരുന്ന പല തോടുകളും ഇല്ലാതാവുകയാണ്. ഇതു മേഖലയിലെ ആദിവാസി ഗോത്ര സമൂഹങ്ങളുടെ നില നില്‍പിനും ഭീഷണിയാവുകയാണ്.
നരികോട്ടു മലയില്‍ താമസിക്കുന്ന ഏതാനും കുടുംബങ്ങള്‍ ഇക്കഴിഞ്ഞ മഴയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മലമുകളില്‍ നിന്നും താഴേക്ക് വന്ന കൂറ്റന്‍ പാറക്കല്ലുകള്‍ മരത്തില്‍ തട്ടി എപ്പോഴും താഴേക്ക് വീഴാമെന്ന നിലയില്‍ ഇപ്പോഴുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."