യു.എസില്‍ സമാധാനം വാഗ്ദാനം ചെയ്ത് ട്രംപ്
ക്ലീവ്‌ലന്റ്: അമേരിക്കയിലെ അക്രമങ്ങളും കുറ്റകൃത്യങ്ങളും ഉടനെ അവസാനിക്കുമെന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിലെ സാധാരണക്കാര്‍ക്ക് വേണ്ടി താന്‍ പ്രസിഡന്റായാല്‍ പ്രയത്്‌നിക്കുമെന്ന് ശതകോടീശ്വരനും വ്യവസായിയുമായ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ട്രംപിന്റെ സ്ഥാനാര്‍ഥിത്വം തീരുമാനമായെങ്കിലും എതിര്‍സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്ന ടെഡ് ക്രൂസ് പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. ട്രംപിനെതിരേ മനസാക്ഷി വോട്ടുചെയ്യാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. ട്രംപ് വിരുദ്ധരായ ബുഷ് കുടുംബവും കണ്‍വന്‍ഷനില്‍ പങ്കെടുത്തില്ല.
പ്രസംഗത്തില്‍ ഒബാമയെയും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണെയും ട്രംപ് വിമര്‍ശിച്ചു. പൗരന്മാര്‍ക്ക് ജോലിയും വിദ്യാഭ്യാസവും നല്‍കുന്നതില്‍ ഒബാമ പരാജയപ്പെട്ടുവെന്ന് പറഞ്ഞ ട്രംപ്, തന്റെ എതിര്‍സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റണെ കടുത്തഭാഷയില്‍ വിമര്‍ശിച്ചു. ഹിലരി സ്റ്റേറ്റ് സെക്രട്ടറി ആയകാലത്താണ് മധ്യപൂര്‍വേഷ്യയില്‍ സംഘര്‍ഷം വര്‍ധിച്ചത്. ഐ.എസിന്റെ ഉദയത്തിനും കാരണം ഹിലരിയുടേയും ഒബാമയുടേയും തെറ്റായ നയങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. 1.8 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യത്ത് തുടരാന്‍ അവസരമൊരുക്കിയത് ഒബാമ സര്‍ക്കാരാണ്. ഇവരില്‍ പലരും ക്രിമിനല്‍ കുറ്റങ്ങളില്‍ ഉള്‍പ്പെട്ടവരാണ്.
മാസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പ് കാംപയിനൊടുവില്‍ ജോണ്‍ കാസിച്, ജെബ് ബുഷ് പോലുള്ള പ്രമുഖരുള്‍പ്പെടെ മത്സരരംഗത്തുണ്ടായിരുന്ന 17 പേരെ പിന്തള്ളിയാണ് ട്രംപ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്. ഒഹായോവിലെ ക്ലീവ്‌ലന്‍ഡില്‍ നടന്ന കണ്‍വന്‍ഷനില്‍ ട്രംപ് 1725 പേരുടെ പിന്തുണ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ ടെഡ്ക്രൂസിന് 475 വോട്ടുകള്‍ മാത്രമാണ് നേടാനായത്. അവസാന നിമിഷ 'അട്ടിമറി' ശ്രമവും അതിജീവിച്ചാണ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യാന ഗവര്‍ണര്‍ മൈക് പെന്‍സിനെയും പാര്‍ട്ടി നാമനിര്‍ദേശം ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് 70കാരനായ ട്രംപ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.
അമേരിക്കയിലേക്ക് മുസ്്‌ലിംകളെ പ്രവേശിപ്പിക്കുന്നത് തടയുമെന്നും മെക്‌സികോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുമെന്നുമുള്ള ട്രംപിന്റെ പ്രസ്്താവന വിവാദമായിരുന്നു. കഴിഞ്ഞ ദിവസത്തെ പാര്‍ട്ടി കണ്‍വന്‍ഷനില്‍ മിഷേല്‍ ഒബാമയുടെ പ്രസംഗം കോപ്പിയടിച്ച് ട്രംപിന്റെ ഭാര്യ മെലാനിയയും വിവാദത്തിലകപ്പെട്ടിരുന്നു.
അടുത്തയാഴ്ച ഫിലാഡെല്‍ഫിയയിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്ന ദേശീയ കണ്‍വന്‍ഷന്‍. എതിര്‍സ്ഥാനാര്‍ഥിയായ ബേണി സാന്റേഴ്‌സ് ഹിലരിക്ക് പിന്തുണ നല്‍കി നേരത്തെ പിന്മാറിയിരുന്നു. ഇതോടെ ഹിലരി ക്ലിന്റണ്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി. നവംബര്‍ എട്ടിനാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ട്രംപ് വിജയിച്ചാല്‍ രാഷ്ട്രീയ പശ്ചാത്തലമില്ലാതെ ബിസിനസ് രംഗത്തുനിന്ന് പ്രസിഡന്റാകുന്ന ആദ്യ വ്യക്തിയാകും ട്രംപ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."