കേന്ദ്ര സഹമന്ത്രി വി.മുരളീധരന്റെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റിന് പരാതി
കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഒരുരൂപ പോലും നീക്കിയിരിപ്പില്ലെന്ന് അഫിഡവിറ്റ് നല്‍കിയ മുരളീധരന് കഴക്കൂട്ടം നിയോജക മണ്ഡലത്തിലും ഡല്‍ഹിയിലും ഉള്ള ഓഫിസുകളിലായി പന്ത്രണ്ടോളം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് ശമ്പളം നല്‍കാനാവശ്യമായ വരുമാന സ്രോതസ് എവിടെ നിന്നാണെന്ന് അന്വേഷിക്കണമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
പന്തളത്ത് പണിതീരുന്ന പത്ത് കോടിയില്‍പരം മുതല്‍മുടക്കുള്ള ഒരു കെട്ടിടത്തിന്റെ യഥാര്‍ഥ ഉടമക്ക് ഇതിനാവശ്യമായ സാമ്പത്തികസ്രോതസില്ലെന്നും പണം മുടക്കിയത് ആരാണെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. നെയ്യാറ്റിന്‍കരയില്‍ ഈയിടെ മാനേജ്‌മെന്റ് കൈമാറ്റം നടന്ന ശിവാജി എന്‍ജിനീയറിങ് കോളജിന്റെ പുതിയ മാനേജ്‌മെന്റില്‍ ബിനാമികളുണ്ടോയെന്ന് പരിശോധിക്കണം. ഓരോരുത്തരുടെയും സാമ്പത്തിക സ്രോതസ് പരിശോധിക്കണം. മണപ്പുറം, പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ ചില കേന്ദ്രമന്ത്രിമാര്‍ക്ക് ബിനാമി നിക്ഷേപമുണ്ട്. ഇക്കാര്യം പരിശോധനാ വിധേയമാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രി മുരളീധരന്റെ ഭാര്യ നടത്തുന്ന സ്ത്രീചേതന എന്ന സംഘടനയുടെ മുരളീധരന്‍ മന്ത്രിയായ ശേഷമുള്ള സാമ്പത്തിക വളര്‍ച്ചയും ആസ്തിയും പരിശോധിക്കണം. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പാര്‍ലമെന്റില്‍ സ്വര്‍ണക്കടത്ത് നടന്നത് ഡിപ്ലോമാറ്റിക് ബാഗിലാണെന്ന് വ്യക്തമാക്കിയിട്ടും മുരളീധരന്‍ അത് ഡിപ്ലോമാറ്റിക് ബാഗിലല്ലെന്ന് ആവര്‍ത്തിക്കുന്നത് ദുരൂഹമാണെന്നും സലീം മടവൂര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."