തെലങ്കാന നിയമസഭ പിരിച്ചുവിടില്ല
ഹൈദരാബാദ്: കാലാവധിക്ക് മുന്‍പ് സര്‍ക്കാര്‍ പിരിച്ചുവിട്ട് നേരത്തെ തെരഞ്ഞെടുപ്പ് നടത്തിയേക്കുമെന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു.
ഇന്നലെ ഉച്ചക്ക് ഒന്നിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാരിനെ പിരിച്ചുവിടുമെന്നായിരുന്നു അഭ്യൂഹമുണ്ടായിരുന്നത്. എന്നാല്‍ ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ച് വൈകീട്ട് രംഗറെഡ്ഡി ജില്ലയിലെ കൊങ്കര കലാണ്‍ ഗ്രാമത്തില്‍ നടക്കുന്ന മഹാറാലിയില്‍ പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സമ്മേളനത്തില്‍ ഇക്കാര്യം പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു സംസാരിച്ചത്.
25 ലക്ഷത്തിലധികം ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ തെലങ്കാന രാഷ്ട്ര സമിതിയുടെ കൊടി തോരണങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. 19 റോഡുകളാണ് സമ്മേളന നഗരിയിലേക്ക് ഉണ്ടായിരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നുമെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.
അതേസമയം സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനത്തിനായി ചെലവഴിക്കേണ്ട പണം സമ്മേളനത്തിനായി ചെലവഴിക്കുകയാണെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. അധികാരത്തില്‍ കയറുമ്പോള്‍ പ്രഖ്യാപിച്ച ഒരു കാര്യവും നടപ്പാക്കാന്‍ കെ.സി.ആര്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ബി.ജെ.പി നേതാവ് എന്‍. രാം ചന്ദര്‍ റാവു പറഞ്ഞു. 1.25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും, ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് വീട് വച്ച് നല്‍കും, ദലിത് വിഭാഗക്കാര്‍ക്ക് മൂന്ന് ഏക്കര്‍ വീതം ഭൂമി നല്‍കും എന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം. എന്നാല്‍ ഇതൊന്നും നടപ്പാക്കിയില്ലെന്നുമാത്രമല്ല പൊതുപണം ഉപയോഗിച്ച് പാര്‍ട്ടി വിപുലീകരണമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഇത്തരത്തിലുള്ള ഒരു സര്‍ക്കാരിനെ മുന്‍പൊരിക്കലും കണ്ടിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ വി. ഹനുമന്ത റാവു പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."