സഊദിയില്‍ മുതല്‍ മുടക്കുന്ന വിദേശ കമ്പനികളില്‍ അമേരിക്കയെ പിന്തള്ളി ഇന്ത്യ ഒന്നാമത്
റിയാദ്: സഊദിയിലെ വിദേശ നിക്ഷേപത്തില്‍ അമേരിക്കയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തി. വിദേശ നിക്ഷേപത്തില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തിയ സഊദിയില്‍ ആദ്യ പാദത്തിലെ കണക്കില്‍ അമേരിക്കയെ പിന്തള്ളിയാണ് ഇന്ത്യന്‍ കമ്പനികള്‍ ഒന്നാമതെത്തിയത്. വിവിധ മേഖലകളിലെ 30 ഇന്ത്യന്‍ കമ്പനികളാണ് സഊദിയില്‍ നിക്ഷേപക ലൈസന്‍സ് നേടിയത്. നേരത്തെ സഊദി നിക്ഷേപക രംഗത്ത് മുന്നില്‍ നിന്നിരുന്ന അമേരിക്കയില്‍ നിന്നും കമ്പനികള്‍ 24 മാത്രമാണ് ഇതേ കാലയളവില്‍ നിക്ഷേപവുമായി രംഗത്തെത്തിയത്. സഊദി ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (സാഗിയ)യാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്.
ഇന്ത്യ (30), അമേരിക്ക, ബ്രിട്ടന്‍ (24), ഈജിപ്ത് (22), ജോര്‍ദാന്‍ (14), ചൈന (13), ലബനോണ്‍ (13), ഫ്രാന്‍സ് (12) എന്നിങ്ങനെയാണ് സഊദിയില്‍ നിക്ഷേപമിറക്കിയ വിദേശ കമ്പനികളുടെ കണക്കുകള്‍. വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ സഊദി അറേബ്യ വന്‍ കുതിപ്പാണ് നടത്തിയതെന്ന് റിപ്പോര്‍ട്ടിലെ ആമുഖ സന്ദേശത്തില്‍ സാഗിയ ഗവര്‍ണര്‍ ഇബ്രാഹിം അല്‍ഉമര്‍ പറഞ്ഞു.
ഉത്പാദനം, വിവരസാങ്കേതികം, നിര്‍മാണം, ശാസ്ത്ര സാങ്കേതികം, മൊത്ത ചില്ലറ വ്യാപാരം, അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് സപ്പോര്‍ട്ട് സര്‍വീസ്, അക്കോമഡേഷന്‍ ആന്‍ഡ് ഫുഡ് സര്‍വീസ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് സ്റ്റോറേജ്, മൈനിങ് ആന്‍ഡ് ക്വാറിയിങ്, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സംരംഭങ്ങള്‍ തുടങ്ങാനാണ് വിദേശികള്‍ക്ക് അനുമതി നല്‍കുന്നത്. നിലവില്‍ ഓരോ ദിവസവും 14 ലൈസന്‍സുകളാണ് നല്‍കുന്നതെന്നാണ് കണക്കുകള്‍.
കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 70 ശതമാനം കൂടുതലാണ് ഇത് സാഗിയയുമായി വലിയ ഉടമ്പടിയുണ്ടാക്കിയ പ്രധാനപ്പെട്ട മൂന്ന് കമ്പനികളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യാക്കാരനായ ബി.ആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള യു.എ.എ ആസ്ഥാനമായ എന്‍.എം.സിയാണ്. അടുത്ത അഞ്ചുവര്‍ഷത്തേക്ക് രാജ്യത്ത് 1.6 ശതകോടി ഡോളറിന്റെ മുതല്‍മുടക്കിനാണ് എന്‍.എം.സി ധാരണയായിട്ടുള്ളത്. ചൈനയിലെ പാന്‍ ഏഷ്യ കമ്പനി 1.06 ശതകോടി ഡോളര്‍, അമേരിക്കന്‍ കമ്പനി മക്‌ഡെര്‍മട്ട് ഇന്റര്‍നാഷനല്‍ 500 ദശലക്ഷം ഡോളര്‍ എന്നിവയാണ് തൊട്ടു പിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."