ദുരിതാശ്വാസ ധനസമാഹരണത്തിന് ജില്ലയിലെ സ്വകാര്യ ബസുകളും
ഒലവക്കോട്: പ്രളയം തീര്‍ത്ത നാടിനെ കരകയറ്റാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയുടെ ഭാഗമായി ഇന്നലെ ജില്ലയിലെ സ്വകാര്യ ബസുകള്‍ കൈകോര്‍ത്തു. പതിവിനു വിപരീതമായി ബസില്‍ കണ്ടക്ടറുടെ കൈയില്‍ ബാഗിനു പകരം ബക്കറ്റ് കണ്ടപ്പോള്‍ ആദ്യമൊന്നമ്പരന്നെങ്കിലും യാത്രക്കാര്‍ക്ക് പിന്നീടാണ് സംഭവം മനസിലായത്.
ദുരിതാശ്വാസനിധിയിലേക്കുള്ള പണം സ്വരൂപിക്കുന്നതിനായി കാരുണ്യത്തിന്റെ പാതയില്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയപ്പോള്‍ യാത്രക്കാരും ഒപ്പം കരുണയുടെ കൈത്താങ്ങില്‍ ഒത്തുചേര്‍ന്നു. സാധാരണ നല്‍കാറുള്ള ടിക്കറ്റ് തുക മാത്രം ഒരുവിഭാഗം യാത്രക്കാര്‍ നല്‍കിയപ്പോള്‍ അതിലധികവും തുകയാണ് പലരും നല്‍കിയത്.
ഇതിനു പുറമെ ബസ് സ്റ്റോപ്പുകളിലെ യാത്രക്കാരും സംഭാവന നല്‍കി സഹകരിച്ചിരുന്നു. ദുരിതാശ്വാസനിധിയിലേക്കായി കഴിഞ്ഞ ദിവസം വടക്കുംഞ്ചേരിയിലെ 36 ബസുകള്‍ ഒരു ദിവസത്തെ കലക്ഷന്‍ നല്‍കിയിരുന്നതിനു പിന്നാലെയാണ് സ്വകാര്യബസുകള്‍ ഇങ്ങനൊരു സംരംഭത്തിനു തയ്യാറായത്. ജില്ലയിലെ സ്വകാര്യബസുകള്‍ പൂര്‍ണമായും രംഗത്തെത്തിയില്ലെങ്കിലും മറ്റുള്ള ബസുകള്‍ ഇന്ന് ധനസമാഹരണവുമായി മുന്നിട്ടിറങ്ങി.
ബസ് ഓപ്പറേഴ്‌സുമാരുടെ സംഘടനയായ ഓള്‍ കേരള ബസ് ഓപ്പറേഴ്‌സ് ഓര്‍ഗനൈസേഷന്റെ കീഴിലുള്ള 600 ഓളം ബസുകളാണ് ഇന്നലെ സംഭാവനയ്ക്കായി നിരത്തിറങ്ങിയതെങ്കില്‍ മറ്റു വിഭാഗത്തിനു കീഴിലുള്ള 200 ഓളം ബസുകള്‍ ഇന്നും ദുരിതാശ്വാസനിധിക്കായി സര്‍വിസ് നടത്തി.
കാരുണ്യസ്പര്‍ശത്തിനായുള്ള ബസുകളുടെ സര്‍വിസിന്റെ തുടക്കം ഇന്നലെ രാവിലെ സ്റ്റേഡിയംസ്റ്റാന്‍ഡില്‍ ജില്ലാകലക്ടര്‍ ഡി. ബാലമുരളി ഫ്‌ളാഗ് ഓഫ് ചെയ്തു. സ്റ്റേഡിയംസ്റ്റാന്‍ഡില്‍ നിന്നും ഉദ്ഘാടന ചടങ്ങില്‍ കെ.ബാബു എം.എല്‍.എ, ആര്‍.ടി.ഒ. ടി.സി.വിനീഷ്, വൈസ്പ്രസിഡന്റ് എ.എന്‍ വിദ്ധ്യാധരന്‍, എ.എസ് ബാബു, ആര്‍. മണികണ്ഠന്‍ സംസാകരിച്ചു. രാവിലെയും വൈകുന്നേരങ്ങളിലും ബസുകളില്‍ തിരക്കു നിയന്ത്രണാതീതമായതിനാല്‍ യാത്രക്കാര്‍ പൂര്‍ണമായും സഹകരിച്ച നിലയിലാണ്.
ബക്കറ്റുകളും സ്റ്റിക്കറുകളും ബസുകള്‍ക്കുമുന്നില്‍ പ്രത്യേകം ബാനറുകളും പ്രദര്‍ശിപ്പിച്ചാണ് ബസുകള്‍ ഇന്നലെ സര്‍വിസ് നടത്തിയത്. കണ്ടക്ടര്‍മാര്‍ നീട്ടിയ ബക്കറ്റുകളില്‍ സ്ഥിരം യാത്രക്കാരും വിദ്യാര്‍ഥികളും സഹകരിച്ചതോടെ ലക്ഷങ്ങളാണ് ഇന്നലെ കാരുണ്യത്തിന്റെ വഴിയില്‍ സ്വകാര്യ ബസുകള്‍ സമാഹരിച്ചത്. സ്വകാര്യ ബസുകള്‍ നേരത്തെയും നിരവധി ചികിത്സാ സഹായത്തിനായി ധനസമാഹരണം നടത്തിയിട്ടുണ്ടെങ്കിലും മുഴുവന്‍ ബസുകള്‍ ഇത്തരത്തില്‍ ധനസമാഹരണത്തിനിറങ്ങുന്നത് ആദ്യമായിട്ടാണ്.
പ്രളയം തകര്‍ത്തവര്‍ക്ക് കരകയറാന്‍ സ്വകാര്യ ബസുകളും യാത്രക്കാരും സഹകരിച്ചതോടെ കിട്ടിയത് ലക്ഷങ്ങളെന്നത് അഭിമാനമാകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."