നിളയില്‍ തകര്‍ന്ന് വീണ് കിടക്കുന്ന പഴയ കൊച്ചി പാലത്തെ ചൊല്ലി വിവാദപ്പെരുമഴ
ചെറുതുരുത്തി: ഭാരതപുഴയ്ക്ക് കുറുകെ കൊച്ചി പാലത്തിന് സമീപം പുഴയില്‍ തകര്‍ന്ന് വീണ് കിടക്കുന്ന പഴയ കൊച്ചി പാലത്തിന്റെ കൂടുതല്‍ തൂണുകള്‍ തകര്‍ന്ന് വീണ് കൊണ്ടിരിക്കെ പാലത്തിന്റെ പുനര്‍നിര്‍മാണത്തെ ചൊല്ലി നടക്കുന്നത് വിവാദപെരുമഴ മാത്രം. പാലം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ചെറുതുരുത്തി പുരാവസ്തു സംരക്ഷണ സമിതിയും പൊളിച്ച് നീക്കണമെന്ന ആവശ്യമുന്നയിച്ച് പരിസ്ഥിതി പ്രവര്‍ത്തകരും നദീസംരക്ഷണ സമിതിയും രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയാണ്. 1902 ല്‍ കൊച്ചി മഹാരാജാവ് ശ്രീ രാമവര്‍മയുടെ ശ്രമഫലമായി നിര്‍മിച്ച പാലം ജീര്‍ണാവസ്ഥയിലായതോടെയാണ് പുതിയ പാലം നിര്‍മിച്ചത്. പഴയ പാലത്തില്‍ ഗതാഗതം നിരോധിച്ച് ടൂറിസം പദ്ധതിയുടെ ഭാഗമാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ അധികൃതര്‍ ഫയലിന് മുകളില്‍ കിടന്നുറങ്ങിയതോടെ 2011 നവംബറില്‍ പാലത്തിന്റെ മധ്യഭാഗത്തെ സ്പാന്‍ തകര്‍ന്ന് പുഴയിലേക്ക് വീഴുകയും ചെയ്തു .
എന്നാല്‍ ഏഴ് വര്‍ഷം പിന്നിട്ടിട്ടും ഇത് സംരക്ഷിക്കാന്‍ ഒരു നടപടിയും ഉണ്ടായില്ല. അടുത്ത കാലത്ത് പാലം പൊളിച്ച് നീക്കാന്‍ ശ്രമം നടന്നെങ്കിലും ജനകീയ ഇടപെടലുകളെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ചെറുതുരുത്തി ഷൊര്‍ണൂര്‍ തടയണ നിര്‍മാണം പൂര്‍ത്തിയായാല്‍ പ്രദേശത്ത് ജല നിരപ്പ് ഉയരുകയും, പുനര്‍ നിര്‍മാണം സ്തംഭിക്കുകയും ചെയ്യും. അതു കൊണ്ടു തന്നെ സംരക്ഷണത്തിനും, പുനര്‍ നിര്‍മാണത്തിനും അടിയന്തര നടപടി വേണമെന്നാണ്പാലസംരക്ഷണ സമിതിയുടെ ആവശ്യം.
ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടിലെന്നും സമിതി ഭാരവാഹികള്‍ ആരോപിച്ചു. കേരളത്തിന്റെ വികസനത്തിനും, കൊച്ചി മലബാര്‍ ഐക്യത്തിനും, സുപ്രധാന പങ്ക് വഹിച്ച കേരളത്തിലെ അപൂര്‍വമായ റെയില്‍ റോഡ് സംവിധാനം ഉണ്ടായിരുന്ന പാലത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും പഴയ കൊച്ചിന്‍ പാലത്തിന്റെ ചരിത്ര പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും വിപുലമായ കര്‍മ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട് . അതിനിടെ പാലം അടിയന്തരമായി പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് ചെറുതുരുത്തിയിലെ നദീസംരക്ഷണ പ്രവര്‍ത്തകരും, പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തി. തടയണ യാഥാര്‍ഥ്യമാകുമ്പോള്‍ പുഴയില്‍ വെള്ളം നിറയുകയും അവശേഷിയ്ക്കുന്ന തൂണുകള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്ക രേഖപ്പെടുത്തി.
പുഴയുടെ നീരൊഴുക്ക് തന്നെ തടസപ്പെടും. പുഴ ഗതി മാറി ഒഴുകുമെന്ന വാദവും ഇവര്‍ക്കുണ്ട്. പാലം പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. അതിനിടെ കഴിഞ്ഞ പെരുമഴയില്‍ പാലത്തിന്റെ മറ്റൊരു തൂണ് കൂടി തകര്‍ന്നത് വലിയ ആശങ്ക പരത്തിയിട്ടുണ്ട്. പാലം കൂടുതല്‍ ദുര്‍ബലാവസ്ഥയിലായ സ്ഥിതിവിശേഷവും നിലനില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."