ശത്രുനിരീക്ഷണത്തിനായി ആകാശത്ത് റിസാറ്റ്-2 ഉപഗ്രഹം
ന്യൂഡല്‍ഹി: ആകാശ നിരീക്ഷണം ശക്തമാക്കുന്നതിനായി ഇന്ത്യയുടെ പുതിയ ദൗത്യം. പാക്ക് അധീന കശ്മിരിലെ ഭീകരകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കുന്നതിന് സഹായകമാകുന്ന റഡാര്‍ ഇമേജിങ് സാറ്റലൈറ്റ് (റിസാറ്റ്-2 ബി.ആര്‍-1) ഈ മാസം 22ന് ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കും. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്നാണ് ഉപഗ്രഹ വിക്ഷേപണം.
മുന്‍പ് വിക്ഷേപിച്ച റിസാറ്റ് പരമ്പരയില്‍പെട്ട ഉപഗ്രങ്ങളേക്കാള്‍ ഉയര്‍ന്ന ശേഷിയുള്ളതാണ് റിസാറ്റ്2 -ബി.ആര്‍ -1. നിരീക്ഷണത്തിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിലും ഉപഗ്രഹത്തിന് മികച്ചശേഷിയാണുള്ളത്. റിസാറ്റിലെ എക്‌സ്-ബാന്‍ഡിന് പകലും രാത്രിയിലും ഒരുപോലെ പ്രവര്‍ത്തിക്കാനാകും. കാലാവസ്ഥ പരിശോധന നടത്തുന്നതിനുള്ള ശേഷിയും ഉപഗ്രഹത്തിന് ഉണ്ടായിരിക്കും.
ഭൂമിയിലുള്ള കെട്ടിടത്തെയോ മറ്റെന്തെങ്കിലും വസ്തുക്കളെയോ ഒരു ദിവസം കുറഞ്ഞത് രണ്ടോ, മൂന്നോ തവണയെങ്കിലും പകര്‍ത്താന്‍ ഉപഗ്രഹത്തിന് സാധിക്കും. പാക്ക് അധീന കശ്മിരിലെ ഭീകരകേന്ദ്രങ്ങള്‍ നിരീക്ഷിക്കുക, നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റങ്ങള്‍ പരിശോധിക്കുക എന്നിവയും ലക്ഷ്യങ്ങളാണ്. ഇന്ത്യന്‍ അതിര്‍ത്തികളിലെ എല്ലാ ഭീഷണികളെയും ഇല്ലാതാക്കാന്‍ ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനം കരുത്താകും.
കടലില്‍ കപ്പലുകളുടെ സഞ്ചാരം പരിശോധിക്കാനും സാധിക്കും. അതുകൊണ്ടുതന്നെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളും അറബിക്കടലിലെ പാക്ക് യുദ്ധക്കപ്പലുകളും ഉപഗ്രഹത്തിന്റെ നിരീക്ഷണ കണ്ണുകളില്‍ പെടും. റിസാറ്റ് പരമ്പരയിലെ പഴയ ഉപഗ്രഹങ്ങളില്‍നിന്നുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചാണ് 2016ല്‍ മിന്നലാക്രമണത്തിനും ഈ വര്‍ഷം ബാലാകോട്ട് വ്യോമാക്രമണത്തിനും ഇന്ത്യ ആസൂത്രണങ്ങള്‍ നടത്തിയത്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലുള്ള ഐ.എസ്.ആര്‍.ഒയുടെ ശേഷിയും റിസാറ്റ് വര്‍ധിപ്പിക്കും.
2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷമാണ് ഇസ്‌റാഈല്‍ നിര്‍മിത നൂതന റഡാര്‍ സംവിധാനങ്ങള്‍ അടങ്ങിയ റിസാറ്റ് -2 ഉപഗ്രഹ പദ്ധതിക്ക് ഇന്ത്യ തുടക്കമിട്ടത്.
2009 ഏപ്രില്‍ 20ന് വിക്ഷേപിച്ച ഈ ഉപഗ്രഹം സുരക്ഷാ സേനയുടെ നിരീക്ഷണശേഷി വര്‍ധിപ്പിച്ചു. 536 കിലോമീറ്റര്‍ ഉയരത്തില്‍നിന്നാണ് 24 മണിക്കൂറും ഉപഗ്രഹം അതിര്‍ത്തികള്‍ നിരീക്ഷിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."