രൗദ്രഭാവം അടങ്ങി; വശ്യമനോഹര കാഴ്ച്ചയായി കുത്തുങ്കല്‍ വെള്ളച്ചാട്ടം
രാജാക്കാട്: കലിതുള്ളിയ കാലവര്‍ഷത്തിന്റെ രൗദ്രതയില്‍ നിന്നും വശ്യതയിലേയ്ക്ക് വഴിമാറി ഒഴുകുകയാണ് ഹൈറേഞ്ചിന്റെ അതിരപ്പള്ളി എന്നറിയപ്പെടുന്ന രാജാക്കാട് കുത്തുങ്കല്‍ വെള്ളച്ചാട്ടം.
പ്രകൃതി മനോഹാരിതയുടെ മാറ്റുകൂട്ടി നൂറടിയിലധികം ഉയരത്തില്‍ നിന്നും താഴോട്ട് പതിയ്ക്കുന്ന വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനായി സഞ്ചാരികള്‍ എത്തിത്തുടങ്ങി. പച്ചവിരിച്ച മലനിരകള്‍ക്ക് നടുവിലായി പന്നിയാര്‍ പുഴയില്‍ കുത്തുങ്കലിലുള്ള വെള്ളച്ചാട്ടം ആരെയും ആകര്‍ഷിക്കുന്ന കാഴ്ച്ചയാണ്. എന്നാല്‍ വര്‍ഷകാലത്ത് മാത്രമാണ് ഈ വെള്ളച്ചാട്ടം സജീവമാകുന്നത്. കുത്തുങ്കല്‍ ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്ടിന്റെ ഭാഗമായി പന്നിയാര്‍ പുഴയക്ക് കുറുകേ മുക്കുടിയില്‍ ചെക്ക് ഡാം നിര്‍മ്മിച്ചപ്പോള്‍ താഴോട്ടുള്ള നീരൊഴുക്ക് നിലയ്ക്കുകയും വെള്ളച്ചാട്ടം അപ്രതിക്ഷമാകുകയും ചെയ്തിരുന്നു.
നിലവില്‍ ശക്തമായ മഴയില്‍ ചെക്ക് ഡാം നിറയുകയും ഷട്ടറുകള്‍ ഇല്ലാത്തതിനാല്‍ കവിഞ്ഞൊഴുകുന്നതിനാലുമാണ് മഴ ശമിച്ചിട്ടും വെള്ളച്ചാട്ടം സമജീവമായി നിലനില്‍ക്കുന്നത്. ഇടുക്കി ജില്ലയില്‍ വലിയ ടൂറിസം സാധ്യതയുണ്ടായിരുന്ന പ്രദേശമായിരുന്നു കുത്തുങ്കല്‍ വെള്ളച്ചാട്ടം. എന്നാല്‍ ഡാം നിര്‍മ്മിച്ച് നീരൊഴുക്ക് നിലച്ച് വെള്ളച്ചാട്ടം അപ്രതിക്ഷമായതോടെ അസ്തമിച്ചത് ഒരുനാടിന്റെ വികസന സ്വപ്നങ്ങളാണ്.
നിലവില്‍ കുത്തുങ്കല്‍ വെള്ളച്ചാട്ടം പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചെത്തി. ഇത്രയും മനോഹരമായ വെള്ളച്ചാട്ടം ഹൈറേഞ്ചില്‍ മറ്റെവിടെയും കാണുവാന്‍ കഴിയില്ലെന്നാണ് സഞ്ചാരികളുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."