പ്രളയം: വില്ലേജ് ഓഫിസുകളിലെ സുപ്രധാന രേഖകള്‍ നഷ്ടപ്പെട്ടു
തിരുവനന്തപുരം: പ്രളയത്തില്‍ സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള രേഖകള്‍ നഷ്ടപ്പെട്ടു. 64 വില്ലേജ് ഓഫിസുകളില്‍ വെള്ളം കയറിയതായാണ് കണക്ക്. പൂര്‍ണമായി വെള്ളംകയറിയ സ്ഥലങ്ങളിലൊക്കെ റവന്യൂരേഖകള്‍ നശിച്ചിട്ടുണ്ട്.പലയിടത്തും രേഖകള്‍ സൂക്ഷിച്ചിരുന്ന കംപ്യൂട്ടര്‍, പ്രിന്റര്‍ അടക്കമുള്ള ഉപകരണങ്ങളും നശിച്ചു. നശിച്ച രേഖകള്‍ വീണ്ടെടുക്കല്‍ പ്രയാസമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
റീസര്‍വേ നടത്താത്ത വില്ലേജുകളിലടക്കം പഴയ റവന്യൂ രേഖകള്‍ നശിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്തെ രേഖകളടക്കം നഷ്ടപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്. ഇത്തരത്തില്‍ നഷ്ടപ്പെട്ടവയാണ് വീണ്ടെടുക്കാന്‍ പ്രയാസം. തൃശൂരിലെ പടിഞ്ഞാറേ ചാലക്കുടി വില്ലേജ് ഓഫിസിലെ രേഖകള്‍ പൂര്‍ണമായും നശിച്ചു. രണ്ടര മീറ്റര്‍ ഉയരത്തിലാണ് ഇവിടെ വെള്ളം കയറിയത്. പഴയ ഓഫിസ് പൊളിച്ച് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. 1919-20 കാലത്തെ പഴയ രേഖകള്‍ പൂര്‍ണമായും നശിച്ചു. ഇവിടെ റീസര്‍വേ നടക്കാത്തതിനാല്‍ പഴയ രേഖകള്‍ വിലപ്പെട്ടതാണ്. രേഖകള്‍ സൂക്ഷിച്ച രണ്ട് ലാപ്‌ടോപ്പും നശിച്ചു.
ഏറ്റവുമധികം വില്ലേജ് ഓഫിസുകളില്‍ വെള്ളം കയറിയത് ആലപ്പുഴ ജില്ലയിലാണ്. 24 വില്ലേജ് ഓഫിസുകളിലാണ് ഇവിടെ വെള്ളംകയറിയത്. കുട്ടനാട് താലൂക്കില്‍ മാത്രം 13 വില്ലേജ് ഓഫിസുകളില്‍ വെള്ളംകയറി.
പാണ്ടനാട് വില്ലേജ് ഓഫിസിലെ രണ്ട് ലാപ്‌ടോപ്പും പ്രിന്ററും പൂര്‍ണമായും നശിച്ചു. കെട്ടിടത്തിനുള്ളില്‍ വെള്ളംകയറിയത് രാത്രിയിലാണ്. അതിനാല്‍ രേഖകളൊന്നും മാറ്റാന്‍ സാധിച്ചില്ല.
കൈനകരി സൗത്ത് വില്ലേജ് ഓഫിസിലെയും നിരവധി രേഖകള്‍ നശിച്ചു. ഇവിടത്തെ വെള്ളം ഇതുവരെ പൂര്‍ണമായി ഇറങ്ങിയിട്ടില്ല. അതിനാല്‍ നഷ്ടപ്പെട്ടത് ഇപ്പോഴും തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."