സൊമാലിയയില്‍ സര്‍ക്കാര്‍ കാര്യാലയത്തില്‍ ചാവേര്‍ സ്‌ഫോടനം; ആറു മരണം
മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ സര്‍ക്കാര്‍ കാര്യാലയത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മൂന്നു സൈനികരും ഭീകരനുമടക്കം ആറു മരണം. 14 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ കുട്ടികളും ഉള്‍പ്പെടും.
ഹൗള്‍വദാഗ് ജില്ലയിലെ ഒരു സര്‍ക്കാര്‍ ഓഫിനുനേരെയാണു ചാവേര്‍ ആക്രമണമുണ്ടായത്. സര്‍ക്കാര്‍ കാര്യാലയത്തിലേക്ക് ഇടിച്ചുകയറിയ കാര്‍ തടുത്തുനിര്‍ത്തുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്നു സൈനികരും ഭീകരനും കൊല്ലപ്പെട്ടത്. തുടര്‍ന്ന് സര്‍ക്കാര്‍ കാര്യാലയത്തിലെത്തിയ ഭീകരര്‍ സ്‌ഫോടനം നടത്തുകയായിരുന്നു. സ്‌ഫോടനത്തില്‍ സമീപത്തെ മതപാഠശാല തകരുകയും വീടുകള്‍ക്കും പള്ളിക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം സൊമാലിയയിലെ പ്രധാന ഭീകരസംഘമായ അശ്ശബാബ് ഏറ്റെടുത്തിട്ടുണ്ട്.
ഞായറാഴ്ച പകലായിരുന്നു സംഭവം. സമീപത്തെ ഖുര്‍ആന്‍ മതപാഠശാലയാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. സംഭവസമയത്ത് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ഭൂരിഭാഗം കുട്ടികളും തകര്‍ന്ന കെട്ടിടത്തിന്റെ ഭാഗത്തുണ്ടാകാതിരുന്നത് ആളപായം കുറച്ചു. ഇവിടെ ആറു വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ശബാബ് സൈനിക ഓപറേഷന്‍ വക്താവ് അബ്ദുല്‍ അസീസ് അബൂ മുസ്അബ് ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ജില്ലാ സര്‍ക്കാര്‍ കാര്യാലയത്തില്‍ നടന്ന യോഗം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും പത്തുപേരെ വധിച്ചതായും അബ്ദുല്‍ അസീസ് അവകാശപ്പെട്ടു.
1991 മുതല്‍ സൊമാലിയയില്‍ ആഭ്യന്തര യുദ്ധം രൂക്ഷമാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളുടെയും ആഫ്രിക്കന്‍ യൂനിയന്റെയും പിന്തുണയുള്ള സര്‍ക്കാരിനെ അട്ടിമറിക്കാനാണു രാജ്യത്ത് ഭീകരവാദ സംഘമായ അശ്ശബാബിന്റെ നേതൃത്വത്തില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നത്. സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും നേരെ നിരവധി ആക്രമണങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."