പെരിയ കല്ല്യോട്ട് സംഘര്‍ഷം, ബോംബേറ്; വീടുകളും വാഹനങ്ങളും തകര്‍ത്തു
പെരിയ (കാസര്‍കോട്): യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്‌ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായിരുന്ന കല്ല്യോട്ട് സമാധാനാന്തരീക്ഷത്തിലേക്ക് തിരിച്ചുവരുന്നതിനിടെ വീണ്ടും സംഘര്‍ഷം. ഞായറാഴ്ച രാത്രിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് ബോംബെറിഞ്ഞു. രണ്ട് സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരേയും അക്രമമുണ്ടായി. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലിസ് സംഘത്തിന് നേരെയുണ്ടായ കല്ലേറില്‍ പൊലിസുകാര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് മര്‍ദിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവും കാസര്‍കോട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെയും നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ബേക്കല്‍ പൊലിസ് സ്റ്റേഷന്‍ ഉപരോധിച്ചു.
കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ത്‌ലാലിന്റെയും സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ കല്ല്യോട്ട് കുമ്പളക്കടുത്ത ദീപു കൃഷ്ണന്റെ വീടിന് നേരേ ഞായറാഴ്ച രാത്രി 12 ഓടെയാണ് ബോംബേറുണ്ടായത്. ഈ സമയം ദീപുവും കുടുംബവും ഉറങ്ങുകയായിരുന്നു. വീടിന്റെ ചുമരില്‍ തട്ടിയ ബോംബ് മുറ്റത്ത് വീണാണ് പൊട്ടിയത്. സ്‌ഫോടന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ ചിലര്‍ ഓടി മറഞ്ഞുവെന്ന് വീട്ടുകാര്‍ പൊലിസിന് മൊഴി നല്‍കി. ദീപുവിന്റെ വീടിന് നേരേ ബോംബെറിഞ്ഞത് സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.
അതിനിടെ ഞായറാഴ്ച രാത്രി തന്നെ സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം ബാലകൃഷ്ണന്‍ നായര്‍, സി.പി.എം പ്രവര്‍ത്തകനും കല്ല്യോട്ടെ വ്യാപാരിയുമായ വത്സരാജ് എന്നിവരുടെ വീടിന് നേരെയും ആക്രമണമുണ്ടായി. ഇരു വീടുകളുടെയും ജനല്‍ചില്ലുകള്‍ തകര്‍ത്തു. ഇരുവീടുകള്‍ക്ക് മുന്നിലും നിര്‍ത്തിയിട്ട വാഹനങ്ങളും തകര്‍ക്കപ്പെട്ടു. സംഘര്‍ഷ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് സംഘത്തിന് നേരേ കല്ലേറുണ്ടായി. ബേക്കല്‍ പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ പ്രദീപ് കുമാര്‍ ഉള്‍പ്പെടെ മൂന്ന് പൊലിസുകാര്‍ക്ക് പരുക്കേറ്റു. കല്ലെറിഞ്ഞ സംഘത്തില്‍പ്പെട്ട ചിലരെ സ്ഥലത്ത് നിന്ന് പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പൊലിസ് മര്‍ദിച്ചുവെന്നാരോപിച്ചാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെയും നേതൃത്വത്തില്‍ പൊലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചത്. കസ്റ്റഡിയിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ചികിത്സ ഉറപ്പാക്കുമെന്നും മര്‍ദനത്തിന് നേതൃത്വം നല്‍കിയെന്നാരോപണമുള്ള പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കാമെന്ന ഉറപ്പും ലഭിച്ചതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. കസ്റ്റഡിയിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ത്‌ലാലിന്റെയും കൊലപാതകത്തിന് ശേഷം കല്ല്യോട്ട് മേഖലയില്‍ വ്യാപക അക്രമം നടന്നിരുന്നു. പൊലിസിന്റെ ഇടപെടലിനെ തുടര്‍ന്ന് സമാധാന അന്തരീക്ഷത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ്് മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് കല്ല്യോട്ട്, പെരിയ മേഖലകളില്‍ ശക്തമായ പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."