പ്രളയം: കല, കായിക മേളകളും ഒഴിവാക്കിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയത്തെ തുടര്‍ന്ന് ഓണപ്പരീക്ഷ വേണ്ടെന്ന് വച്ചതുപോലെ കല, കായിക മേളകളും ഒഴിവാക്കിയേക്കും. മഴക്കെടുതിയില്‍ നിരവധി പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ടതിനാലും കുട്ടികളുടെ പഠനോപകരണങ്ങള്‍ നശിച്ചതിനാലുമാണ് ഓണപ്പരീക്ഷ വേണ്ടെന്നുവച്ചത്.
പൊതുവിദ്യാലയങ്ങളിലെ പഠനം സാധാരണനിലയിലേക്ക് തിരിച്ചുവരാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടിവരും. ഈ സാഹചര്യത്തിലാണ് മേളകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. കലോത്സവം നടന്നില്ലെങ്കില്‍ ഗ്രേസ് മാര്‍ക്ക് പോലുള്ള ആനുകൂല്യങ്ങള്‍ കുട്ടികള്‍ക്ക് നഷ്ടപ്പെടും.
സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ചുമുതല്‍ ഒന്‍പതുവരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് അധ്യയനവര്‍ഷത്തിന്റെ ഒന്നാംപാദത്തിനുശേഷം സ്‌കൂള്‍തലം മുതല്‍ റവന്യൂജില്ല വരെയുള്ള കലോത്സവങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൂളുകളില്‍ നിന്നുപോലും ധനസമാഹരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
മേളകളുടെ നടത്തിപ്പിനുള്ള ഫണ്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഒക്ടോബറില്‍ കണ്ണൂരില്‍ നടത്താന്‍ തീരുമാനിച്ച ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളയും ഇത്തവണ നടത്താന്‍ സാധ്യതയില്ല.
സംസ്ഥാന കായികമേളയിലെ വിജയികള്‍ക്കാണ് ദേശീയ മേളയില്‍ പങ്കെടുക്കാന്‍ അവസരം. സംസ്ഥാന കായികമേള നടന്നില്ലെങ്കില്‍ ദേശീയമേളയിലെ സംസ്ഥാനത്തിന്റെ പ്രാതിനിധ്യവും ഇത്തവണ നഷ്ടപ്പെടും. ഇതിനാലാണ് കലോത്സവങ്ങള്‍ വേണ്ടെന്നുവച്ചെങ്കിലും കായികമേളകള്‍ നടത്താന്‍ സി.ബി.എസ്.ഇ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."